മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കപ്പെട്ട ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ രണ്ടാമത്തെ ടൂര്‍ണമെന്റില്‍ കളിക്കാന്‍ തയ്യാറെടുക്കുന്നു. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്താണ് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ സമ്മതം മൂളിയത്. ബാര്‍ബഡോസ് ട്രിഡെന്റ്‌സ് ടീമുമായി താരം കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. വിലക്ക് നേരിടുന്ന ഓസീസിന്റെ മുന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണറും ഈ ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നുണ്ട്.
ഒരു വര്‍ഷത്തേക്കാണ് സ്മിത്തിനയും വാര്‍ണറിനെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയത്. എങ്കിലും രാജ്യത്തിനു പുറത്തു നടക്കുന്ന ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ ഇരുവര്‍ക്കും അനുവാദം നല്‍കിയിരുന്നു. അടുത്തിടെ കാനഡയില്‍ നടന്ന പ്രഥമ ഗ്ലോബല്‍ ടി20 ചാംപ്യന്‍ഷിപ്പില്‍ കളിച്ചു കൊണ്ടാണ് ഇരുവരും ക്രിക്കറ്റിലേക്കു മടങ്ങിവന്നത്. വ്യത്യസ്ത ടീമുകള്‍ക്കു വേണ്ടിയാണ് സ്മിത്തും വാര്‍ണറും ഈ ചാംപ്യന്‍ഷിപ്പില്‍ കളിച്ചത്. ഗ്ലോബല്‍ ടി20ക്കു പിന്നാലെ കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്കും ഇരുവരും ചേക്കേറുകയായിരുന്നു.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സ്മിത്തിനു മുമ്പ് തന്നെ വാര്‍ണര്‍ കരാര്‍ ഒപ്പിട്ടിരുന്നു. സെന്റ് ലൂസിയ സ്റ്റാര്‍സിനു വേണ്ടിയാണ് താരം കളിക്കുക. അതേസമയം, ചാംപ്യന്‍ഷിപ്പില്‍ നിന്നും പിന്‍മാറിയ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനു പകരമാണ് സ്മിത്തിനെ ട്രിഡെന്റ്‌സ് ടീമിലേക്കു കൊണ്ടുവന്നത്. ഇന്ത്യയുടെ മുന്‍ താരം റോബിന്‍ സിങാണ് ട്രിന്റ്‌സ് ടീമിന്റെ പരിശീകലകന്‍.