INDvENG: ഇതാണ് നമ്മളറിയുന്ന കോലി, പരമ്പരയില്‍ ഇങ്ങനെ കാണുന്നത് ഇതാദ്യമെന്ന് ഇന്‍സി
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്റെ സ്വതസിദ്ധമായ താളത്തിലേക്കു പതിയെ തിരിച്ചുവരികയാണന്നു പാകിസ്താന്റെ മുന്‍ നായകന്‍ ഇന്‍സമാമുള്‍ ഹഖ്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അദ്ദേഹത്തിന്റെ ബാറ്റിങിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഇന്‍സി. 354 റണ്‍സിന്റെ വന്‍ ലീഡ് വഴങ്ങിയ ശേഷം രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ ഇപ്പോള്‍ പൊരുതുകയാണ്. മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 215 റണ്‍സെന്ന നിലയിലായിരുന്നു. 45 റണ്‍സോടെ കോലിയും 91 റണ്‍സുമായി ചേതേശ്വര്‍ പുജാരയുമായിരുന്നു ക്രീസില്‍.
പരമ്പരയിലെ കഴിഞ്ഞ മല്‍സരങ്ങളില്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ കോലിക്കായിരുന്നില്ല. ഇതോട കടുത്ത സമ്മര്‍ദ്ദത്തിലുമായിരുന്നു അദ്ദേഹം. ഓഫ് സ്റ്റംപിനു പുറത്തുകൂടെ പോവുന്ന ബോളുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയതും ഇന്ത്യന്‍ നായകനെ പ്രതിരോധത്തിലാക്കിയിരുന്നു. പക്ഷെ ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഈ കുറവുകളെല്ലാം നികത്തുന്ന ഇന്നിങ്‌സായിരുന്നു കോലിയുടേത്.

കോലി കൂളായി കാണപ്പെട്ടു
ഈ പരമ്പരയില്‍ ആദ്യമായി കോലി വളരെ കൂളായിട്ടാണ് ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ കാണപ്പെട്ടതെന്നു ഇന്‍സി അഭിപ്രായപ്പെട്ടു. ബോള്‍ അദ്ദേഹത്തിന്റെ ബാറ്റിലേക്കു കൃത്യമായി വരുന്നതും കാണാമായിരുന്നു. പഴയ ശൈലിയില്‍ ഒട്ടും സമ്മര്‍ദ്ദമില്ലാതെയാണ് അദ്ദേഹം കളിച്ചത്. ഫിഫ്റ്റി തികയ്ക്കുകയാണെങ്കില്‍ അതു കൂടുതല്‍ കൂളായി ബാറ്റ് ചെയ്യാന്‍ കോലിയെ സഹായിക്കുമെന്നും ഇന്‍സി നിരീക്ഷിച്ചു.

150 റണ്‍സ് വിജയലക്ഷ്യം
അഞ്ചാമത്തെയും അവസാനത്തെയും ദിനം 150 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കിയാല്‍പ്പോലും അത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് കടുപ്പമായി മാറുമെന്ന് ഇന്‍സി അഭിപ്രായപ്പെട്ടു. ഇന്ത്യ കൂടുതല്‍ വലിയ കെട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയാല്‍ ഇംഗ്ലണ്ടിനു കാര്യങ്ങള്‍ കടുപ്പമായി തീരും. അവസാന ദിനം 150 റണ്‍സിന്റെ വിജയലക്ഷ്യം പോലും ഇംഗ്ലണ്ടിനു വളരെയധികം കടുപ്പമായി തീരും. പുജാര- കോലി ജോടിയുടെ പ്രടകടനം ഇന്ത്യക്കു നിര്‍ണായകമാണ്. മൂന്നാംദിനത്തിലേതു പോലെ ബാറ്റ് ചെയ്യാന്‍ ഇവര്‍ക്കു കഴിഞ്ഞാല്‍ അത് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കും. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ വളരെ നന്നായി ബാറ്റ് ചെയ്യാന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞു. പക്ഷെ രണ്ടാമിന്നിങ്‌സില്‍ ഇതിനു സാധിച്ചേക്കില്ലെന്നും ഇന്‍സി വിശദമാക്കി.

കോലിയുടെ പ്രകടനം
2018ലെ കഴിഞ്ഞ ഇംഗ്ലീഷ് പര്യടനത്തില്‍ റണ്‍മഴ പെയ്യിച്ച താരമായിരുന്നു കോലി. അന്നു 500ന് മുകളില്‍ റണ്‍സായിരുന്നു അദ്ദേഹം വാരിക്കൂട്ടിയത്. പരമ്പര ഇന്ത്യ കൈവിട്ടെങ്കിലും കോലിയുടെ പ്രകടനം കൈയടി നേടി. പരമ്പരയിലെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.
പക്ഷെ ഇത്തവണത്തെ പര്യടനത്തില്‍ ഇനിയും അത്തരമൊരു മാജിക്ക് കോലിയുടെ ബാറ്റിങില്‍ കാണാനായിട്ടില്ല. മൂന്ന് ടെസ്റ്റുകളിലെ അഞ്ച് ഇന്നിങ്‌സുകളിലായി 114 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. ഒരു ഫിഫ്റ്റി പോലും ഇതില്‍ ഇല്ല.
ഓഫ്സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളുകളില്‍ ഷോട്ടിനു ശ്രമിച്ചാണ് പലപ്പോഴും കോലി വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്. 2014ലെ കന്നി ഇംഗ്ലണ്ട് പര്യടനത്തിലെ വീക്ക്‌നെസാണ് ഇത്തവണ അദ്ദേഹത്തെ വീണ്ടും വേട്ടയാടുന്നത്. ഈ പരമ്പരയില്‍ സമാനമായ രീതിയില്‍ പല തവണ കോലി പുറത്താവുകയും ചെയ്തു.

ഇന്ത്യ പൊരുതുന്നു
ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വലിയ മാര്‍ജിനില്‍ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യ മൂന്നാംടെസ്റ്റില്‍ തോല്‍വിയൊഴിവാക്കാന്‍ പൊരുതുകയാണ്. ഒന്നാമിന്നിങ്‌സിലെ ബാറ്റിങ് ദുരന്തമാണ് ഇന്ത്യയെ ചതിച്ചത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യദിനം തന്നെ വെറും 78 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. മറുപടിയില്‍ ഇംഗ്ലണ്ട് 432 റണ്‍സ് അടിച്ചെടുത്തതോടെ 354 റണ്‍സിന്റെ വമ്പന്‍ ലീഡും ഇന്ത്യക്കു വഴങ്ങേണ്ടി വരികയായിരുന്നു. ബാറ്റിങ് നിരയില്‍ നിന്നും മികച്ച സംഭാവന ലഭിച്ചാല്‍ മാത്രമേ ഈ ടെസ്റ്റില്‍ ഇനി സമനിലയെങ്കിലും ഇന്ത്യക്കു നേടാനാവൂ.
.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications