
ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ അഞ്ചു ദിവസം പോലും പിടിച്ചുനില്‍ക്കാനാവാതെ ഇന്ത്യ കീഴടങ്ങി. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സിനും 76 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ കശാപ്പ് ചെയ്തത്. ടെസ്റ്റില്‍ ഇന്ത്യക്കു മികച്ച വിജയറെക്കോര്‍ഡുള്ള വേദി കൂടിയായിരുന്നു ലീഡ്‌സ്. അവസാനമായി ഇവിടെ കളിച്ച മൂന്നു ടെസ്റ്റുകളിലും ഇന്ത്യ തോല്‍വിയറിഞ്ഞിരുന്നില്ല. മാത്രമല്ല കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഇവിടെ ഇംഗ്ലണ്ടിനെതിരേ വമ്പന്‍ ജയവും ഇന്ത്യ നേടിയിരുന്നു. പക്ഷെ ഹാട്രിക് ജയം തേടിയെത്തിയ ഇന്ത്യയെ ആതിഥേയര്‍ ഇത്തവണ നാണംകെടുത്തി വിടുകയായിരുന്നു.
കോലിയുടെ ക്യാപ്റ്റന്‍സി കരിയറിലെ മറ്റൊരു ദുരന്തം കൂടിയാണിത്. ഇതു രണ്ടാം തവണയാണ് അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ ടെസ്റ്റില്‍ ഇന്നിങ്‌സ് പരാജയമേറ്റു വാങ്ങിയത്. ഇതിനു മുമ്പ് ഇങ്ങനെയൊരു തിരിച്ചടി നേരിട്ടതും ഇംഗ്ലണ്ടിനെതിരേ തന്നെയായിരുന്നു. 2018ലെ കഴിഞ്ഞ പര്യടനത്തില്‍ ചരിത്രവേദിയായ ലോര്‍ഡ്‌സില്‍ വച്ചായിരുന്നു ഇത്.ഇന്നിങ്‌സിനും 159 റണ്‍സിനുമായുമായിരുന്നു കോലിപ്പട തകര്‍ന്നടിഞ്ഞത്. അന്നു ലോര്‍ഡ്‌സായിരുന്നെങ്കില്‍ ഇതു പേരുമായി സാമ്യമുള്ള ലീഡ്‌സിലാണെന്നം മാത്രം.

സെന (SENA- സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങള്‍ക്കെതിരേ കോലിക്കു കീഴില്‍ ഇന്ത്യയുടെ 13ാമത്തെ ടെസ്റ്റ് പരാജയം കൂടിയായിരുന്നു ലീഡ്‌സിലേത്. ഇതോടെ അദ്ദേഹം മുന്‍ ഇതിഹസ നായകന്‍ എംഎസ് ധോണിയുടെ ഓള്‍ടൈം റെക്കോര്‍ഡിന് ഒരുപടി കൂടി അടുത്തെത്തുകയും ചെയ്തു. നിലവില്‍ സെന രാജ്യങ്ങള്‍ക്കെതിരേ ഏറ്റവുമധികം ടെസ്റ്റ് പരാജയങ്ങള്‍ രുചിച്ച ഇന്ത്യന്‍ നായകന്‍ ധോണിയാണ്. 14 ടെസ്റ്റുകളിലാണ് ധോണിക്കു കീഴില്‍ ഇന്ത്യ പരാജയം സമ്മതിച്ചത്. ഇനിയൊരു ടെസ്റ്റ് കൂടി ഈ പരമ്പരയില്‍ തോല്‍ക്കുകയാണെങ്കില്‍ കോലിയും അദ്ദേഹത്തോടൊപ്പമെത്തും. ഒമ്പത് ടെസ്റ്റ് തോല്‍വികളുമായി മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് ലിസ്റ്റിലെ മൂന്നാമന്‍.
ധോണിയുടെ മറ്റൊരു ക്യാപ്റ്റന്‍സി റെക്കോര്‍ഡിനും അരികിലേക്കു വന്നിരിക്കുകയാണ് കോലി. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം ടെസ്റ്റുകളില്‍ പരാജയപ്പെട്ട ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡാണിത്. ഏഴു തോല്‍വികളുമായി ധോണിയാണ് ഈ ലിസ്റ്റില്‍ തലപ്പത്ത് നില്‍ക്കുന്നത്. ആറു പരാജയങ്ങളുമായി കോലി അദ്ദേഹവുമായുള്ള അകലം കുറച്ചിരിക്കുകയാണ്. ഇരുവര്‍ക്കു കീഴിലും ഒമ്പത് ടെസ്റ്റുകള്‍ വീതമാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിച്ചിട്ടുള്ളത്.
ടെസ്റ്റില്‍ ഇന്ത്യയുടെ 45ാമത്തെ ഇന്നിങ്‌സ് തോല്‍വി കൂടിയാണ് ലീഡ്‌സിലേത്. ഏറ്റവുമധികം ഇന്നിങ്‌സ് പരാജയം നേരിട്ട ടീമുകളില്‍ ഇന്ത്യ ഇതോടെ നാലാമതെത്തുകയും ചെയ്തിരിക്കുകയാണ്. നേരത്തേ 44 ഇന്നിങ്‌സ് തോല്‍വികളുമായി ഓസ്‌ട്രേലിയക്കൊപ്പമായിരുന്നു ഇന്ത്യ. ടെസ്റ്റ് ചരിത്രമെടുക്കുകയാണെങ്കില്‍ ഏറ്റവുമധികം ഇന്നിങ്‌സ് പരാജങ്ങളുള്ള ടീം ഇംഗ്ലണ്ടാണ്. 63 ടെസ്റ്റുകളിലാണ് അവര്‍ക്കു ഇങ്ങനെയൊരു നാണക്കേടുണ്ടാണ്ടായത്. ന്യൂസിലാന്‍ഡ് (49), വെസ്റ്റ് ഇന്‍ഡീസ് (46) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ലീഡ്‌സിലെ മൂന്നാം ടെസ്റ്റിലേക്കു വരികയാണെങ്കില്‍ ഒന്നാമിന്നിങ്‌സില്‍ വഴങ്ങിയ 354 റണ്‍സിന്റെ വന്‍ ലീഡാണ് ഇന്ത്യന്‍ പരാജയത്തിനു പ്രധാനകാരണം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാംദിനം തന്നെ വെറും 78 റണ്‍സിന് പുറത്തായിരുന്നു. മറുപടിയില്‍ ഇംഗ്ലണ്ടാവട്ടെ 432 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ പരാജയം ഏറെക്കുറെ ഉറപ്പായിരുന്നു. രണ്ടാമിന്നിങ്‌സില്‍ നന്നായി തുടങ്ങിയ ഇന്ത്യ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിനു 215 റണ്‍സെന്ന നിലയിലായിരുന്നു. പക്ഷെ നാലാദിനം ആദ്യ സെഷനില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ലഞ്ച്‌ബ്രേക്കിനു മുമ്പ് തന്നെ 278 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടായി. ചേതേശ്വര്‍ പുജാര (91), രോഹിത് ശര്‍മ (59), കോലി (55), രവീന്ദ്ര ജഡേജ (30) എന്നിവരൊഴികെ മറ്റാര്‍ക്കും ഇംഗ്ലീഷ് ബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഓലി റോബിന്‍സണ്‍ അഞ്ചു വിക്കറ്റുകളെടുത്തു. കളിയിലെ താരവും അദ്ദേഹം തന്നെയാണ്. ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തി.