പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് അസാം ഖാന്‍. അമിത വണ്ണമുള്ള താരമാണെങ്കിലും ടി20യില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങള്‍ നടത്തി ഞെട്ടിക്കാന്‍ അസം ഖാന് സാധിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്താന്‍ ടീമിലേക്കെത്തിയപ്പോള്‍ അസം ഖാന്റെ പ്രകടനത്തിന്റെ ഗ്രാഫ് പിന്നോട്ട് പോകുന്നതാണ് കാണാനായത്. 2021ല്‍ പാകിസ്താനായി അരങ്ങേറ്റം കുറിച്ച താരം 7 ഇന്നിങ്‌സില്‍ നിന്ന് 29 റണ്‍സാണ് നേടിയത്. 4.83 മാത്രമാണ് ശരാശരി.
10 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ വെടിക്കെട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആവര്‍ത്തിക്കാന്‍ അസം ഖാന് സാധിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ സ്വയം സൂര്യകുമാര്‍ യാദവുമായി താരതമ്യപ്പെടുത്തി ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് അസം ഖാന്‍. ' എന്നെ സംബന്ധിച്ച് ടീമാണ് മറ്റെന്തിനെക്കാളും മുകലില്‍. എന്നാല്‍ ടീം ഗെയിമില്‍ നിന്ന് വ്യക്തിഗത ഗെയിമായി ക്രിക്കറ്റ് മാറുന്നത് എന്നെ ദേഷ്യപ്പെടുത്തുന്നു.
ഇതോര്‍ത്ത് ഇടക്കിടെ ഞാന്‍ അസ്വസ്തനാവാറുണ്ട്. അവസാന അഞ്ച് വര്‍ഷത്തിനിടെ മൂന്ന് തവണയാണ് ഞാന്‍ പാക് ടീമിലേക്ക് മടങ്ങിവരവ് നടത്തിയത്. ഞാന്‍ കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നു. അഞ്ചാം നമ്പറിലും ആറാം നമ്പറിലും എന്റെ പ്രകടനത്തോളം പാകിസ്താന്റെ മറ്റൊരു താരവും വരില്ല. കഴിഞ്ഞ 12 വര്‍ഷത്തോളമായി മധ്യനിരയില്‍ 25ന് മുകളില്‍ ശരാശരിയിലും 145ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമുള്ള പാക് താരങ്ങള്‍ കുറവാണ്.
എന്നാല്‍ സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടുന്ന ഈ പട്ടികയില്‍ എനിക്കും ഇടമുണ്ട്' അസം ഖാന്‍ പറഞ്ഞു. താരത്തിന്റെ അഭിപ്രായം പുറത്തുവന്നതോടെ ട്രോളുകള്‍ നിറയുകയാണ്. 100 റണ്‍സ് പോലും ടി20യില്‍ നേടാനാവാത്ത അസം ഖാന്‍ സൂര്യകുമാര്‍ യാദവുമായി സ്വയം താരതമ്യപ്പെടുത്തുന്നത് അപാര തൊലിക്കട്ടിയാണെന്നും അസം ഖാന്‍ പിതാവിനെ പറയിപ്പിക്കുകയാണെന്നുമെല്ലാമാണ് ആരാധകര്‍ ട്രോളുന്നത്. സൂര്യകുമാര്‍ ഇന്ത്യയുടെ ടി20 ഇതിഹാസമാണ്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. അദ്ദേഹത്തോടൊപ്പം നില്‍ക്കാനുള്ള യോഗ്യത അസം ഖാനില്ലെന്നും ആരാധകര്‍ പറയുന്നു. അസം ഖാന്‍ മുന്‍ പാകിസ്താന്‍ ഇതിഹാസ താരം മോയിന്‍ ഖാന്റെ മകനാണ്. പാകിസ്താന്‍ താരമായിരുന്നെങ്കിലും മോയിന്‍ ഖാന്റെ പ്രകടന മികവ് ലോക ക്രിക്കറ്റില്‍ വളരെയധികം അംഗീകരിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ പിതാവിനെ ചീത്തപ്പേര് കേള്‍പ്പിക്കാനാണ് അസം ഖാന്‍ ശ്രമിക്കുന്നതെന്നും ആരാധകര്‍ ആരോപിക്കുന്നു.
വാക്കുകള്‍ പോലെ പ്രകടനം കളത്തിലും കാട്ടിയിട്ട് സംസാരിക്കണമെന്നും ആരാധകര്‍ പറയുന്നു. ടി20യില്‍ താന്‍ സൂപ്പര്‍ താരമാണെന്നാണ് അസം ഖാന്‍ ഇപ്പോഴും പറയുന്നത്. 'ഗ്ലെന്‍ മാക്‌സ് വെല്‍, സൂര്യകുമാര്‍ യാദവ്, ലിയാം ലിവിങ്സ്റ്റണ്‍, ടിം ഡേവിഡ്, നിക്കോളാസ് പുരാന്‍ എന്നിവരോടൊപ്പമാണ് എന്റെ ടി20യിലെ സ്ഥാനം. ക്രിക്കറ്റ് ഇപ്പോള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ലീഗ് ക്രിക്കറ്റ് സജീവമാകവെ എനിക്ക് സാമ്പത്തികമായി പ്രശ്‌നങ്ങളില്ല.
ലീഗ് ക്രിക്കറ്റില്‍ ഇനിയും എനിക്ക് അവസരം കിട്ടുമെന്ന് അറിയാം. എന്നാല്‍ എന്റെ ലക്ഷ്യം പാകിസ്താനായി കളിക്കുകയെന്നതാണ്. എനിക്ക് തുടര്‍ച്ചയായി അവസരം തന്നാലെ തിളങ്ങാന്‍ സാധിക്കൂ. എന്നെ പാക് ടീമില്‍ നിന്ന് ഒഴിവാക്കിയാലും പ്രശ്‌നമില്ല. ഞാന്‍ ലീഗ് ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും എന്റെ വഴി കണ്ടെത്തിക്കോളാം' അസം ഖാന്‍ കൂട്ടിച്ചേര്‍ത്തു. അസം ഖാന്‍ പിഎസ്എല്ലിലെ ചെറിയ മൈതാനങ്ങളില്‍ ഹീറോയാണ്.
എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ കളി നടക്കില്ല. അതുകൊണ്ടുതന്നെ അസം ഖാന് പാകിസ്താന്‍ ടീമിനൊപ്പം വലിയ കരിയര്‍ ലഭിക്കുമെന്ന് കരുതാനാവില്ല. ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന താരത്തിന് ഇനി സീറ്റ് നഷ്ടമായാല്‍ ദേശീയ ടീമിലേക്ക് മടങ്ങിവരവ് പ്രയാസമാവും.