
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ പുരോഗമിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഫലം പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ കെവിന്‍ പീറ്റേഴ്‌സന്‍. മല്‍സരത്തില്‍ ഇന്ത്യയെ ഇംഗ്ലണ്ട് തകര്‍ത്ത് വിടുമെന്നും അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്തുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രവചനം. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു പീറ്റേഴ്‌സന്‍ ടെസ്റ്റിന്റെ ഫലം പ്രവചിച്ചത്. ഞായറാഴ്ച മോയില്‍ അലി ആറു വിക്കറ്റെടുകളെടുക്കും, പരമ്പര 1-1ന് തുല്യമാവുമെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
ആന്‍ഡേഴ്‌സന്റെ ഈ പ്രവചനത്തോടു ഇന്ത്യയുടെ മുന്‍ ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരനുമായ വസീം ജാഫര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഇന്ത്യ എങ്ങനെയായിരിക്കും ബാറ്റ് ചെയ്യുകയെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് താനെന്നായിരുന്നു കണ്ണിറുക്കിയുള്ള ഇമോജിയോടു കൂടി ജാഫര്‍ ട്വീറ്റ് ചെയ്തത്.
മല്‍സരം പുരോഗമിക്കുന്തോറും സ്പിന്നര്‍മാരെ തുണയ്ക്കുന്ന ചരിത്രമുള്ള പിച്ചാണ് ലീഡ്‌സിലേത്. ഇതു കാരണമാവാം അലി രണ്ടാമിന്നിങ്‌സില്‍ കസറുമെന്ന് അദ്ദേഹം പ്രവചിച്ചത്. ആദ്യ ഇന്നിങ്‌സില്‍ അലിക്കു കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടോവര്‍ മാത്രം ബൗള്‍ ചെയ്ത അദ്ദേഹം നാലു റണ്‍സ് വിട്ടുകൊടുത്തിരുന്നു. പക്ഷെ വിക്കറ്റൊന്നും കിട്ടിയിരുന്നില്ല.

ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കിക്കഴിഞ്ഞു. രണ്ടാംദിനം രണ്ടാം സെഷനില്‍ 80 ഓവര്‍ കഴിയുമ്പോള്‍ ഇംഗ്ലണ്ട് രണ്ടു വിക്കറ്റിനു 226 റണ്‍സെന്ന ശക്തമായ നിലയിലാണ്. എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ 148 റണ്‍സിന്റെ മികച്ച ലീഡ് ഇപ്പോള്‍ ആതിഥേയര്‍ക്കുണ്ട്. നായകന്‍ ജോ റൂട്ടും (45), പരമ്പരയിലെ ആദ്യ മല്‍സരം കളിക്കുന്ന ഡേവിഡ് മലാനുമാണ് (36) ക്രീസില്‍. അപരാജിതമായ മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 67 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. ഓപ്പണര്‍മാരായ റോറി ബേണ്‍സ് (61), ഹസീബ് ഹമീദ് (68) എന്നിവരാണ് പുറത്തായത്.
ഓപ്പണിങ് വിക്കറ്റില്‍ ബേണ്‍സ്- ഹസീബ് ജോടി 139 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. രണ്ടാംദിനം ആദ്യ സെഷനില്‍ ബേണ്‍സിനെ പുറത്താക്കി ഷമിയായിരുന്നു ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ സമ്മാനിച്ചത്. ബേണ്‍സിനെ ഷമി ബൗള്‍ഡാക്കുകയായിരുന്നു. ടീം സ്‌കോറിലേക്കു 25 റണ്‍സ് കൂടി ചേര്‍ക്കവെ ഹമീദും പുറത്തായി. ജഡേജയാണ് താരത്തെ ബൗള്‍ഡാക്കിയത്. ബേണ്‍സ് 153 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചപ്പോള്‍ ഹമീദ് 195 ബോളില്‍ 12 ബൗണ്ടറികള്‍ നേടി.
നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ പ്രകടനം ദയനീയമായിരുന്നു. വെറും 78 റണ്‍സിന് ഇന്ത്യ കൂടാരം കയറുകയായിരുന്നു. ഇംഗ്ലണ്ടിന്റെ പേസാക്രമണത്തിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. ഇന്ത്യന്‍ നിരയില്‍ ആരും 20 റണ്‍സ് തികച്ചില്ല. മാത്രമല്ല രണ്ടക്കം കടന്നത് രണ്ടു പേര്‍ മാത്രമായിരുന്നു. 19 റണ്‍സോടെ ഓപ്പണര്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. അജിങ്ക്യ രഹാനെ 18 റണ്‍സും നേടി. ഇഷാന്ത് ശര്‍മ (8*), ക്യാപ്റ്റന്‍ വിരാട് കോലി (7) എന്നിവരാണ് അഞ്ചിനു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍.
പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സനും മാര്‍ക്ക് വുഡിനു പകരം ടീമിലെത്തിയ ക്രെയ്ഗ് ഒവേര്‍ട്ടനും ഇംഗ്ലണ്ടിനു വേണ്ടി മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു. ഓലി റോബിന്‍സണിനും സാം കറെനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. നേരത്തേ നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ചരിത്രവേദിയായ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തുവിട്ടിരുന്നു. 151 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.