ചെന്നൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ശനിയാഴ്ച മുതല്‍ ചെന്നൈയില്‍ ആരംഭിക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ കളിച്ചേക്കില്ല. ഇംഗ്ലണ്ട് 227 റണ്‍സിന്റെ വമ്പന്‍ ജയം നേടിയ ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി അഞ്ചു വിക്കറ്റെടുത്തെങ്കിലും രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തിന് വിശ്രമ നല്‍കിയേക്കും. എന്നാല്‍ ആന്‍ഡേഴ്‌സനുണ്ടാവില്ലെന്നു കരുതി ഇന്ത്യ ആശ്വസിക്കാന്‍ വരട്ടെ. പകരമെത്തുക അതുപോലെ തന്നെ അപകടകാരിയായ മറ്റൊരു സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡായിരിക്കും. മല്‍സരഫലം പരിഗണിക്കാതെ ടീം റൊട്ടേറ്റ് ചെയ്യുന്നതാണ് ഇംഗ്ലണ്ടിന്റെ രീതി. അടുത്ത ടെസ്റ്റിലും ഇതു തുടരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ആന്‍ഡേഴ്‌സനായിരിക്കും വിശ്രമം നല്‍കിയേക്കുക.

ആന്‍ഡേഴ്‌സന്‍ ക്ലാസ് പ്ലെയറാണെന്നും അദ്ദേഹത്തെ പുറത്തിരുത്തുകയെന്നത് കടുപ്പമേറിയ തീരുമാനമാണെന്നു ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍വുഡ് പറഞ്ഞു. രണ്ടാം ടെസ്റ്റില്‍ അദ്ദേഹം കളിക്കുമോയെന്നറിയാന്‍ നിങ്ങള്‍ കാത്തിരിക്കണം. വിന്നിങ് കോമ്പിനേഷനെ മാറ്റാന്‍ തനിക്കു മടിയില്ലെന്നും സില്‍വര്‍വുഡ് വ്യക്കമാക്കി. നേരത്തേ ഇംഗ്ലണ്ട് ടീം ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പര കളിച്ചപ്പോഴും ടീമിനെ റൊട്ടേറ്റ് ചെയ്തിരുന്നു. അന്നു ആദ്യ ടെസ്റ്റില്‍ ആന്‍ഡേഴ്‌സന്‍ കളിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ബ്രോഡ് പകരക്കാരനായി ടീമിലെത്തിയിരുന്നു. ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരുകയും ചെയ്തിരുന്നു.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍, പ്രത്യേകിച്ചും രണ്ടാമിന്നിങ്‌സില്‍ ആന്‍ഡേഴ്‌സന്‍ ഉജ്ജ്വലമായാണ് ബൗള്‍ ചെയ്തത്. ഫിഫ്റ്റിയുമായി ക്രീസിലുണ്ടായിരുന്ന ശുഭ്മാന്‍ ഗില്ലിനെയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയയെയും അദ്ദേഹം ഒരേ ഓവറില്‍ പുറത്താക്കിയിരുന്നു. ഇന്ത്യയുടെ പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നും ആന്‍ഡേഴ്‌സന്റെ ഇരട്ട പ്രഹരമായിരുന്നു. എന്നാല്‍ ഇന്ത്യയിലെ കടുത്ത ചൂടും തിരക്കേറിയ ഷെഡ്യൂളും താരത്തിന് തിരിച്ചടിയായേക്കുമെന്ന ആശങ്കയിലാണ് ഇംഗ്ലണ്ട്. ഇതേ തുടര്‍ന്നാണ് രണ്ടാം ടെസ്റ്റില്‍ വിശ്രമം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
താരങ്ങള്‍ക്കു വേണ്ടിയും ടീമിനു വേണ്ടിയും ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമാണിത്. ടീമില്‍ മാറ്റങ്ങള്‍ വരുത്തനു മൂലം മല്‍സഫലം വ്യത്യസ്തമായി മാറാനിടയുണ്ട്. എന്നാല്‍ ഒരേ ടീമിനെ കളിപ്പിച്ചാലും മല്‍സരഫലം മാറാനിടയുണ്ടെന്നും സില്‍വര്‍വുഡ് വ്യക്തമാക്കി. കരിയറിലെ ഏറ്റവും നല്ല ഷേപ്പിലാണ് ആന്‍ഡേഴ്‌സന്‍. ഇതു ആരുടെയും ശ്രദ്ധയില്‍ പോവാതിരുന്നിട്ടില്ല. സ്വന്തം ഫിറ്റ്‌സില്‍ അതീവ ശ്രദ്ധ ചെലുത്തുകയും അതു മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം നടത്തുകയും ചെയ്യുന്ന താരമാണ് ആന്‍ഡേഴ്‌സന്‍. വളരെ മനോഹരമായാണ് അദ്ദേഹം ബൗള്‍ ചെയ്യുന്നതെന്നും കോച്ച് വിലയിരുത്തി.