
ധവാനും രാഹുലും
ഓസ്‌ട്രേലിയക്കെതിരേ അവസാനമായി കളിച്ച ടി20 പരമ്പരയില്‍ ധവാനും രാഹുലുമായിരുന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. പരിക്കില്‍ നിന്നും മോചിതനാവാത്തതിനാല്‍ രോഹിത്തിനെ ഇന്ത്യ ഒഴിവാക്കിയതോടെയാണ് ധവാന്റെ ഓപ്പണിങ് പങ്കാളിയായി രാഹുല്‍ വന്നത്.
എന്നാല്‍ ഇംഗ്ലണ്ടിനെതിരേ രോഹിത് മടങ്ങിയെത്തിയതോടെ ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി ധവാനും രാഹുലും തമ്മില്‍ മല്‍സരം മുറുകിയിരിക്കുകയാണ്. രോഹിത്തിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടില്ലെന്നതിനാല്‍ തന്നെ ധവാന്‍, രാഹുല്‍ ഇവരില്‍ ആരു പങ്കാളിയാവുമെന്ന കാര്യത്തില്‍ മാത്രമാണ് ആശയക്കുഴപ്പം.

കണക്കുകളില്‍ രാഹുല്‍
ടി20യില്‍ 2019 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ ധവാനേക്കാള്‍ ഒരുപടി മുകളിലാണ് രാഹുലെന്നു കാണാം. ഈ കാലയളവില്‍ 18 മല്‍സരങ്ങളില്‍ നിന്നും 25.7 ശരാശരിയില്‍ 437 റണ്‍സാണ് ധവാന്‍ നേടിയത്.
എന്നാല്‍ 20 മല്‍സരങ്ങളില്‍ നിന്നും 44.7 എന്ന മികച്ച ശരാശരിയില്‍ 760 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്. 20 മല്‍സരങ്ങളില്‍ 17ലും രാഹുല്‍ ഓപ്പണറായാണ് കളിച്ചത്. രോഹിത്, ധവാന്‍ ഇവരിലൊരാള്‍ ഇല്ലാതിരുന്നപ്പോഴായിരുന്നു അദ്ദേഹത്തിനു ഓപ്പണര്‍ സ്ഥാനത്തേക്കു നറുക്കുവീണത്.
ടി20യില്‍ ഓപ്പണറെന്ന നിലയില്‍ രാഹുലിന്റെ റെക്കോര്‍ഡും മികച്ചതാണ്. 45.66 ശരാശരിയില്‍ 685 റണ്‍സ് ഓപ്പണറായി താരം നേടിയിട്ടുണ്ട്.

രാഹുലിന്റേത് മികച്ച പ്രകടനം
ഇന്ത്യക്കു വേണ്ടി ടി20 ഫോര്‍മാറ്റില്‍ ഇതുവരെയുള്ള പ്രകടനം താരതമ്യം ചെയ്താലും ധവാന്റെ മുകളിലാണ് രാഹുലിന്റെ സ്ഥാനം. 45 ടി20കളില്‍ നിന്നും 44.5 ശരാശരിയില്‍ 144.92 സ്‌ട്രൈക്ക് റേറ്റോടെ 1542 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്. 12 ഫിഫ്റ്റികള്‍ കൂടാതെ രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു.
എന്നാല്‍ ധവാന് ടി20യില്‍ അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത്. 64 മല്‍സരങ്ങളില്‍ നിന്നും 28.28 ശരാശരിയില്‍ 1669 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. മാത്രമല്ല ടി20യില്‍ ഓപ്പണറായിട്ടു പോലും ഒരു സെഞ്ച്വറി പോലും ധവാന്റെ പേരില്‍ ഇല്ല.

ധവാനും രാഹുലും ഒരേ ടീമില്‍?
ധവാനെയും രാഹുലിനെയും ഇന്ത്യ ഒരേ ടീമില്‍ കളിപ്പിച്ചാല്‍ ബാറ്റിങ് ലൈനപ്പില്‍ വലിയൊരു അഴിച്ചുപണിക്ക് ഇടയാക്കും. രോഹിത്തും ധവാനും സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാരാണെങ്കില്‍ രാഹുല്‍ ഏതു പൊസിഷനിലും കളിക്കാന്‍ മിടുക്കനാണ്.
കോലിയെ മൂന്നാം നമ്പറില്‍ നിന്നും നാലിലേക്കു മാറ്റി രാഹുലിനെ ഈ സ്ഥാനത്തു കളിപ്പിക്കുന്നത് ബുദ്ധിയാവില്ല. കാരണം ഇതു കോലിയുടെ പ്രകടനത്തെ ബാധിച്ചേക്കും. മാത്രമല്ല നാലാം നമ്പറില്‍ സ്ഥിരയതാര്‍ന്ന പ്രകടനത്തിലൂടെ സ്ഥാനമുറപ്പിച്ചുകൊണ്ടിരിക്കുന്ന ശ്രേയസ് അയ്യരുടെ ആത്മവിശ്വാസത്തെയും ഇതു ബാധിക്കും.
റിഷഭ് പന്തിന്റെ മടങ്ങിവരവും ടീം സെലക്ഷന്‍ കൂടുതല്‍ സങ്കീര്‍ണമാക്കി മാറ്റുന്നു. പന്തും ഹാര്‍ദിക് പാണ്ഡ്യയുമാവും ഫിനിഷര്‍മാരുടെ റോളില്‍ കളിക്കുക.

ധവാനെ എഴുതിത്തള്ളരുത്
ടി20യിലെ പ്രകടനത്തിന്റ കാര്യത്തില്‍ സംശയങ്ങളുണ്ടെങ്കിലും ഒരിക്കലും എഴുതിത്തള്ളാന്‍ കഴിയാത്ത ബാറ്റ്‌സ്മാനാണ് ധവാന്‍. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി അദ്ദേഹം നടത്തിയ പ്രകടനം ആരും മറന്നുകാണില്ല. തുടരെ രണ്ടു സെഞ്ച്വറികളുമായി ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഈ നേട്ടം കുറിച്ച ബാറ്റ്‌സ്മാനായി ധവാന്‍ മാറിയിരുന്നു.
17 മല്‍സരങ്ങളില്‍ നിന്നും 44.14 ശരാശരിയില്‍ 144.73 സ്‌ട്രൈക്ക് റേറ്റോടെ 618 റണ്‍സ് അടിച്ചെടുത്ത ധവാന്‍ ആദ്യമായി ഡല്‍ഹിയെ ഐപിഎല്‍ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയയിലെ പ്രകടനം
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി20 പരമ്പരയില്‍ ഓപ്പണറായി ധവാന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 1, 52, 28 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ഈ കളികളെല്ലാം മികച്ച ഫോമില്‍ ധവാന്‍ കാണപ്പെട്ടെങ്കിലും വലിയ സ്‌കോറുകളാക്കി ഇവ മാറ്റുന്നതില്‍ പരാജയപ്പെട്ടു. ടി20യില്‍ ഒരു ഓപ്പണറുടെ ഏറ്റവും വലിയ കഴിവായി ചൂണ്ടിക്കാണിക്കപ്പെടുന്നതും ഈ മികവാണ്. രോഹിത് ശര്‍മ ഇതിനു മികച്ച ഉദാഹരണം കൂടിയാണ്.
ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി മുതലെടുക്കാനായാല്‍ മാത്രമേ ധവാന് പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിക്കാനും രാഹുലിനെ പുറത്താക്കാനും കഴിയുകയുള്ളൂ.


Click it and Unblock the Notifications