ഇന്നു 42ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ചാണ് ജാഫര്‍ ഒരു അഭിമുഖത്തില്‍ സംസാരിച്ചത്. കഴിഞ്ഞ ഐപിഎല്ലില്‍ ധോണിക്കു കീഴില്‍ സിഎസ്‌കെ അഞ്ചാം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിരുന്നു. ഇതോടെ മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും ചെന്നൈ എത്തിയിരുന്നു.
ധോണിയുടെ അസാധാരണ നേതൃമികവും കളിക്കാരെ ഉപയോഗിക്കാനുള്ള കഴിവുമാണ് കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്ക്കു അഞ്ചാം ഐപിഎല്‍ ട്രോഫി സമ്മാനിച്ചതെന്നു ജാഫര്‍ ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനെ അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ വീഴ്ത്തിയായിരുന്നു സിഎസ്‌കെ കിരീടമുയര്‍ത്തിയത്.

സിഎസ്‌കെയുടെ വിജയം ധോണിയുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. നിങ്ങള്‍ ഈ ടീമില്‍ നിന്നും എംഎസ് ധോണിയെ ഒഴിവാക്കിയാല്‍ അതു ഇപ്പോഴുള്ള സിഎസ്‌കെയായി തുടരുമെന്നു ഞാന്‍ കരുതുന്നില്ല. അക്കാര്യത്തില്‍ എനിക്കു സംശയവുമില്ല. ഇങ്ങനെയൊരു ടീമിനെ നയിക്കുകയും ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുകയും ചെയ്യുകയെന്നത് ധോണിക്കു മാത്രം സാധിക്കുന്ന കാര്യമാണെന്നും വസീം ജാഫര്‍ വിശദമാക്കി.
സമാപിച്ച ഐപിഎല്‍ സീസണില്‍ വളരെ പരിമിതമായ വിഭവങ്ങള്‍ മാത്രമേ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനു ഉണ്ടായിരുന്നുള്ളൂ. പ്രത്യേകിച്ചും അവരുടെ ബൗളിങ് ലൈനപ്പിലേക്കു നോക്കുകയാണെങ്കില്‍ ഒരാള്‍ തുഷാര്‍ പാണ്ഡെയായിരുന്നു. ഐപിഎല്ലില്‍ നേരത്തേ കളിച്ചിട്ടുണ്ടെങ്കിലും നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലായിരുന്നു. മതീശ പതിരാന പുതിയ താരമായിരുന്നു.
ആകാശ് സിങ് തുടക്കത്തിലെ കുറച്ചു മല്‍സരങ്ങളില്‍ കളിച്ചു. ദീപക് ചാഹറിനു ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഐപിഎല്ലില്‍ അത്ര വലിയ പേരുള്ള ബൗളറല്ല മഹീഷ് തീക്ഷണ. മോയിന്‍ അലി ബൗള്‍ ചെയ്തതുമില്ലെന്നും ജാഫര്‍ വിലയിരുത്തി.

ഇങ്ങനെയൊരു ബൗളിങ് നിരയെ വച്ച് ഐപിഎല്ലില്‍ ജയിക്കാന്‍ എംഎസ് ധോണിയെക്കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ. തനിക്കു ലഭ്യമായ വിഭവങ്ങളെ ഏറ്റവും നന്നായി എങ്ങനെ പ്രയോജനപ്പെടുത്തണമെന്നു അദ്ദേഹത്തിനു മാത്രമേ അറിയൂ. സിഎസ്‌കെയുടെ വിജയത്തിനു പിന്നില്‍ ധോണി മാത്രമാണ്. ഈ ടീമില്‍ നിന്നും അദ്ദേഹത്തെ എടുത്തു മാറ്റിയാല്‍ പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ പോലും സിഎസ്‌കെ പാടുപെടുമെന്നും വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള ധോണിയുടെ മറ്റു ഐപിഎല്‍ കിരീട വിജയങ്ങള്‍ 2010, 11, 18, 21 വര്‍ഷങ്ങളിലായിരുന്നു. ഇതു കൂടാതെ ഉപേക്ഷിക്കപ്പെട്ട ചാംപ്യന്‍സ് ലീഗ് ടി20യിലും അദ്ദേഹം രണ്ടു തവണ ടീമിനെ ജേതാക്കളാക്കിയിട്ടുണ്ട്. 2010, 14 വര്‍ഷങ്ങളിലായിരുന്നു ഇത്. ഐപിഎല്ലില്‍ ധോണി ആകെ കളിച്ചിരിക്കുന്നത് 250 മല്‍സരങ്ങളിലാണ്.
ഇവയില്‍ നിന്നും 38.79 ശരാശരിയില്‍ 135.92 സ്‌ട്രൈക്ക് റേറ്റില്‍ 5082 റണ്‍സെടുക്കുകയും ചെയ്തു. 24 ഫിഫ്റ്റികളുള്‍പ്പെടെയാണിത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവുമധികം വിജയങ്ങള്‍ കൊയ്തിട്ടുള്ള ക്യാപ്റ്റനെന്ന റെക്കോര്‍ഡും ധോണിക്കു അവകാശപ്പെട്ടതാണ്. 226 മല്‍സരങ്ങളിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. ഇവയില്‍ നിന്നും 133 വിജയങ്ങള്‍ നേടുകയും ചെയ്തു.
2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ധോണിയുണ്ട്. രണ്ടു സീസണുകളില്‍ മാത്രമാണ് അദ്ദേഹത്തെ മറ്റൊരു ടീമിനൊപ്പം കാണേണ്ടി വന്നത്. 2016, 17 സീസണുകളില്‍ വിലക്ക് കാരണം സിഎസ്‌കെ ഐപിഎല്ലില്‍ നിന്നും പുറത്തായപ്പോള്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് ടീമിനൊപ്പമായിരുന്നു ധോണി.