For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിനു 'മൂക്കുകയറിടരുത്', റിഷഭ് പന്ത് നല്‍കുന്ന പാഠം - ഇന്ത്യ ചെയ്യേണ്ടത് ഒന്നു മാത്രം

ഓസീസിനെതിരായ പരമ്പരയില്‍ മോശമല്ലാത്ത പ്രകടനമാണ് താരം നടത്തുന്നത്

1

യുഎഇയില്‍ നടന്ന ഐപിഎല്ലിലെ ചില വണ്‍മാന്‍ ഷോകള്‍ക്കു ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞപ്പോള്‍ അതുപോലെയുള്ള ഒരു ഇന്നിങ്‌സെങ്കിലും ക്രിക്കറ്റ് പ്രേമികള്‍ കാണാന്‍ ആഗ്രഹിച്ചിരുന്നു. ഐപിഎല്ലില്‍ നിര്‍ത്തിയ ഇടത്തു നിന്ന് തന്നെ താന്‍ തുടങ്ങുകയാണെന്ന സൂചനകള്‍ നല്‍കിയാണ് ഓസീസിനെതിരായ രണ്ടു ടി20കളിലും സഞ്ജു (23, 15 റണ്‍സ്) പുറത്തായത്. മൂന്നോ, നാലോ ഓവറുകള്‍ കൂടി താരം ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ അത് ഇന്ത്യയുടെ വിജയം കൂടുതല്‍ എളുപ്പമാക്കുമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല.

വീരേന്ദര്‍ സെവാഗിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച അതേ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന മറ്റൊരു താരമാണ് സഞ്ജുവെന്നു വിശേഷിപ്പിച്ചാലും അതിശയോക്തിയില്ല. കാരണം, ഇരുവരും ആരാണ് ബൗളറെന്നോ, പന്തിന്റെ ലൈനും ലെങ്തും എങ്ങനെയാണെന്നോ നിരീക്ഷിച്ച ശേഷം ഷോട്ട് കളിക്കുന്നവരല്ല. തനിക്കു നേരെ വരുന്ന പന്തിനെ മസില്‍ പവര്‍ കൊണ്ട് അടിച്ചുപറത്തുകയെന്ന ശൈലിയാണ് ഇരുവരും സ്വീകരിച്ചത്. എന്നാല്‍ ഓസീസിനെതിരായ ഈ പരമ്പരയില്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ തന്നെ സഞ്ജുവിന് അടുത്ത പരമ്പരയില്‍ സ്ഥാനം നഷ്ടമാവുമോയെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്

ടൈമിങ് പിഴച്ചു

ടൈമിങ് പിഴച്ചു

ഓസീസിനെതിരായ രണ്ടു ടി20കളിലും സഞ്ജു മികച്ച ബാറ്റിങ് ടച്ചാണ് പ്രകടിപ്പിച്ചത്. ആദ്യ പന്ത് മുതല്‍ നല്ല ഒഴുക്കോടെയുള്ള ബാറ്റിങായിരുന്നു താരത്തിന്റേത്. സമ്മര്‍ദ്ദത്തോടെ ഒരു ഷോട്ട് പോലും അദ്ദേഹം കളിച്ചിട്ടുമില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള പ്രകടനമായിരുന്നു സഞ്ജുവിന്റേത്.
കളിച്ച രണ്ട് ഇന്നിങ്‌സുകളിലും ഫിഫ്റ്റിയെങ്കിലും നേടുമെന്ന പ്രതീതി ജനിപ്പിക്കാന്‍ താരത്തിനു കഴിഞ്ഞു. പക്ഷെ അറ്റാക്കിങ് ഷോട്ട് കളിച്ച സഞ്ജുവിന് ടൈമിങ് പിഴച്ചപ്പോള്‍ രണ്ടു തവണയും വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടി വന്നു.
ടി20 ക്രിക്കറ്റില്‍ സഞ്ജുവിന്റെ റെക്കോര്‍ഡ് പരിസോധിച്ചാല്‍ 165 മല്‍സരങ്ങളില്‍ നിന്നും 27.04 ശരാശരിയില്‍ 129.36 സ്‌ട്രൈക്ക് റേറ്റോടെ 3894 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. രണ്ടു സെഞ്ച്വികളും 24 ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു.

പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വന്നാല്‍ ഇന്ത്യക്കു വേണ്ടി ആറു ടി20കളില്‍ നിന്നും 12.16 ശരാശരിയില്‍ 119.67 സ്‌ട്രൈക്ക് റേറ്റോടെ 73 റണ്‍സ് മാത്രമേ സഞ്ജുവിന് നേടാനായിട്ടുള്ളൂ. ഒരു ഫിഫ്റ്റി പോലും അദ്ദേഹത്തിന്റെ പേരില്‍ ഇല്ല.

സഞ്ജു ശാന്തനാവണോ?

സഞ്ജു ശാന്തനാവണോ?

കരിയറില്‍ പലപ്പോഴും അറ്റാക്കിങ് ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ സഞ്ജുവിന് പലരില്‍ നിന്നും ഉപദേശവും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഈ ആക്രമണ ശൈലി ഉപേക്ഷിച്ച്, കുറേക്കൂടി പക്വത കാണിച്ച് റണ്‍സ് നേടാന്‍ സഞ്ജു ശ്രമിക്കണമെന്നായിരുന്നു പ്രധാന ഉപദേശം.
എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഇങ്ങനെയൊരു ശൈലി കൊണ്ട് എന്തു കാര്യമെന്നതാണ് ചോദ്യം. വളരെ പെട്ടെന്നു കളിച്ചു തീര്‍ക്കുന്ന ടി20യില്‍ കൂടുതല്‍ യോജിക്കുന്നത് സഞ്ജുവിന്റെ അറ്റാക്കിങ് ശൈലി തന്നെയാണണെന്നു ആരും സമ്മതിക്കും. കാരണം രണ്ടോ, മൂന്നോ ഓവര്‍ സഞ്ജു ക്രീസില്‍ നില്‍ക്കുകയാണെങ്കില്‍ മല്‍സരഗതി തന്നെ മാറുമെന്നുറപ്പാണ്.

ഇംപാക്ടുണ്ടാക്കുന്ന താരം

ഇംപാക്ടുണ്ടാക്കുന്ന താരം

ടി20 ഫോര്‍മാറ്റില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ സഞ്ജുവിനെപ്പോലൊരു താരം തന്നെ വേണം. ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരടക്കമുള്ളവര്‍ സഞ്ജുവിനേക്കാള്‍ കൂടുതല്‍ റണ്‍സും സ്ഥിരതയും പുലര്‍ത്തുന്നവരാണെന്നു കണക്കുകള്‍ അടിവരയിടുന്നു. കാരണം ഇവരെല്ലാം കൂടുതല്‍ ഡോട്ട് ബോളുകള്‍ കളിച്ച് മോശം പന്തുകളില്‍ റണ്‍സ് നേടുന്ന ശൈലിയാണ് സ്വീകരിക്കുന്നത്.
പക്ഷെ സഞ്ജു ഇവരില്‍ നിന്നു വ്യത്യസ്തനാണ്. ഏതു പന്തിലും റണ്‍സെടുക്കാന്‍ ശ്രമിക്കുന്ന താരമാണ് സഞ്ജു. അതുകൊണ്ടു തന്നെ കോലിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ അഞ്ചോവര്‍ ബാറ്റ് ചെയ്താല്‍ ഉണ്ടാവുന്നതിനേക്കാള്‍ കൂടുതല്‍ ഇംപാക്ട് സഞ്ജു അഞ്ചോവര്‍ ക്രീസില്‍ നിന്നാല്‍ ടീമിനു ലഭിക്കുമെന്നുറപ്പാണ്. മാത്രമല്ല സഞ്ജു അതിവേഗം റണ്‍സ് അടിച്ചെടുത്താല്‍ അതു ടീമിലെ മറ്റു താരങ്ങള്‍ക്കും സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്യും.

ഇംഗ്ലണ്ടിനെ നോക്കൂ

ഇംഗ്ലണ്ടിനെ നോക്കൂ

ഭയമില്ലാതെ, ആക്രമിച്ചു കളിക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്കു പരമാവധി അവസരങ്ങള്‍ നല്‍കുന്ന ടീമാണ് ഇംഗ്ലണ്ട്. ടി20, ഏകദിന റാങ്കിങില്‍ അവര്‍ ഇപ്പോള്‍ ഒന്നാംസ്ഥാനമലങ്കരിക്കാനുള്ള കാരണവും പിന്തുണ തന്നെയാണ്. സമാനമായ സമീപനാണ് സഞ്ജുവിന്റെ കാര്യത്തിലും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത്.
റിഷഭ് പന്തിന്റെ വീഴ്ച നമുക്ക് മുന്നിലുണ്ട്. വലിയ പ്രതീക്ഷയോടെ ടീമിലെത്തിയ പന്ത് ഇപ്പോള്‍ ചിത്രത്തില്‍ പോലുമില്ല. സഞ്ജുവിന്റെ അതേ ശൈലി പിന്തുടര്‍ന്നിരുന്ന താരമായിരുന്നു അദ്ദേഹം. എന്നാല്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയെന്ന സമ്മര്‍ദ്ദവും ബാറ്റിങ് ശൈലി മാറ്റണമെന്ന 'ഉത്തരവും' വന്നതോടെ പന്ത് 'പന്തല്ലാതായി' മാറി. ഇപ്പോള്‍ ഏതു ശൈലിയില്‍ കളിക്കണമെന്ന് പന്തിനു പോലും നിശ്ചയമില്ല. ശൈലി മാറ്റാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നു ഇന്ത്യക്കു നഷ്ടമായ പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണ് പന്ത്. അതുപോലെ സഞ്ജുവിനും 'മൂക്കുകയറിടാന്‍' ഇന്ത്യ ശ്രമിച്ചാല്‍ മറ്റൊരു പന്തിനെയാവും നമുക്കു കാണേണ്ടിവരിക.

സഞ്ജുവിന് വേണ്ടത് പിന്തുണ

സഞ്ജുവിന് വേണ്ടത് പിന്തുണ

സഞ്ജുവിന് ഇപ്പോള്‍ ആവശ്യം ടീം മാനേജ്‌മെന്റിന്റെ അകമഴിഞ്ഞ പിന്തുണ മാത്രമാണ്. വരാനിരിക്കുന്ന പരമ്പരകളിലും സഞ്ജുവിന് അവസരം നല്‍കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കേണ്ടത്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനാവുന്നില്ലെന്ന ഒരൊറ്റ കാരണത്താല്‍ അദ്ദേഹം ഒഴിവാക്കിയാല്‍ നഷ്ടം ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെയായിരിക്കും. തുടര്‍ അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നാല്‍ ലോകം കീഴടക്കാന്‍ ശേഷിയുള്ള സൂപ്പര്‍ താരമായി സഞ്ജു മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇംഗ്ലണ്ടിലോ, ഓസ്‌ട്രേലിയയിലോ ആയിരുന്നു ജനിച്ചിരുന്നതെങ്കില്‍ സഞ്ജുവും പന്തും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരായി പേരെടുക്കുമെന്നുറപ്പാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ടു വരേണ്ടത് വളരെ പ്രധാനമാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ശേഷിയുള്ള തുറുപ്പുചീട്ടായി മാറാന്‍ സഞ്ജുവിനു സാധിക്കും.

Story first published: Monday, December 7, 2020, 18:11 [IST]
Other articles published on Dec 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+