പ്ലീസ്, റിഷഭിനെ ഗില്‍ക്രിസ്റ്റുമായി താരതമ്യം ചെയ്യരുത്! പകുതി പോലുമെത്തില്ലെന്നു സല്‍മാന്‍ ബട്ട്
ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ആദം ഗില്‍ക്രിസ്റ്റുമായി താരതമ്യം ചെയ്യുന്നതിനെതിരേ പാകിസ്താന്റെ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ റിഷഭ് ബാറ്റിങില്‍ മോശം ഫോം തുടരവെയാണ് ബട്ട് ഇക്കാര്യം പറഞ്ഞിരിക്കുന്നത്, പ്രതീക്ഷയ്‌ക്കൊത്ത ബാറ്റിങ് പ്രകടനം ഇംഗ്ലണ്ടില്‍ ഇനിയും പുറത്തെടുക്കാന്‍ റിഷഭിനായിട്ടില്ല. ആറു ഇന്നിങ്‌സുകളില്‍ നിന്നും 16 എന്ന മോശം ശരാശരിയില്‍ താരത്തിനു നേടാനായത് വെറും 96 റണ്‍സായിരുന്നു.
സീമും ബൗണ്‍സുമുള്ള ഇംഗ്ലണ്ടിലെ പിച്ചില്‍ റിഷഭിന്റെ ബാറ്റിങ് ടെക്‌നിക്കിനെയും പലരും ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. ഇത്തരം പിച്ചുകളില്‍ ബാറ്റിങില്‍ തിളങ്ങണമെങ്കില്‍ ബാറ്റിങ് ടെക്‌നിക്കില്‍ താരം ചില മാറ്റം വരുത്തണമെന്നും പലരും ഉപദേശിച്ചിട്ടുണ്ട്. ഇതിനിടെയാണ് റിഷഭിനെയും ഗില്ലിയെയും താരതമ്യം ചെയ്യുന്നതിനെതിരേ ബട്ടും രംഗത്തു വന്നിരിക്കുന്നത്.

ദയവു ചെയ്ത് താരതമ്യം നിര്‍ത്തൂ
അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട്- മൂന്നു വര്‍ഷത്തെ മാത്രം അനുഭവസമ്പത്തുള്ള റിഷഭ് പന്തിനെ ആദം ഗില്‍ക്രിസ്റ്റിനെപ്പോലൊരു ലോകോത്തര താരവുമായി താരതമ്യം ചെയ്യുന്നത് ദയവു ചെയ്ത് അവസാനിപ്പിക്കണമെന്ന് ബട്ട് ആവശ്യപ്പെട്ടു. ഗില്‍ക്രിസ്റ്റ് ശരിക്കും മാച്ച് വിന്നറായിരുന്നു. തന്റെ കാലത്തു ലോകോത്തര ബൗളര്‍മാര്‍ക്കെതിരേ അദ്ദേഹം ആധിപത്യം പുലര്‍ത്തിയിരുന്നു. ഒരുപാട് ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാര്‍ അക്കാലത്തുണ്ടായിരുന്നു. എന്നാല്‍ റിഷഭിന്റെ കാര്യമെടുത്താല്‍ ചുരുക്കം ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ മാത്രമേ ഇതു വരെ കളിച്ചിട്ടുള്ളൂവെന്നും ബട്ട് നിരീക്ഷിച്ചു.

ഗില്ലിയുടെ പകുതി പോലുമില്ല
ഗില്‍ക്രിസ്റ്റ് ഒരു ഗംഭീര വ്യക്തിയായിരുന്നു, റിഷഭാവട്ടെ അദ്ദേഹത്തിന്റെ പകുതി പോലുമെത്തില്ല. ഗില്ലി വളരെ വ്യത്യസ്തനായ ബാറ്റ്‌സ്മാനായിരുന്നു. എന്നാല്‍ റിഷഭ് തന്റെ നിലവിലെ ടെക്‌നിക്കില്‍ ചില മാറ്റങ്ങള്‍ വരുത്തണം, ടെസ്റ്റ് ക്രിക്കറ്റില്‍ മാനസികമായ ചില ക്രമീകരണങ്ങളും അദ്ദേഹം വരുത്തേണ്ടത് അനിവാര്യമാണ്. ഷോട്ടുകള്‍ കളിക്കുന്നതിനു മുമ്പ് ക്രീസില്‍ നിലയുറപ്പിക്കാന്‍ റിഷഭ് ആദ്യം ശ്രമിക്കണം. ബാറ്റിങില്‍ അദ്ദേഹത്തിനു ഒരു പ്ലാന്‍ ബിയില്ലെന്നു കാണാം. ഇംഗ്ലണ്ടിലേതു പോലുള്ള പിച്ചുകളില്‍ പ്ലാന്‍ ബി കൂടിയുണ്ടെങ്കില്‍ മാത്രമേ ഒരു താരത്തിനു വിജയിക്കാന്‍ കഴിയുകയുള്ളൂവെന്നും ബട്ട് വിശദമാക്കി.

റിഷഭിന്റെ പ്രകടനം
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് റിഷഭ്. ബാറ്റ്‌സ്മാന്‍മാരുടെ നിരയില്‍ മറ്റാര്‍ക്കും തന്നെ 18ല്‍ താഴെ ബാറ്റിങ് ശരാശറിയില്ല. 16 ആണ് നാലു മല്‍രങ്ങളിലെ ആറു ഇന്നിങ്‌സുകളില്‍ റിഷഭിന്റെ ശരാശരി. പേസര്‍മാരായ ജസ്പ്രീത് ബുംറ (15.75), ഇഷാന്ത് ശര്‍മ (11.33), ഉമേഷ് യാദവ് (10), മുഹമ്മദ് സിറാജ് (5.5) എന്നിവര്‍ മാത്രമേ ശരാശരിയില്‍ റിഷഭിനും താഴെയുള്ളൂ. മുഹമ്മദ് ഷമിക്കു പോലും 18.75 ശരാശരിയുണ്ടെന്നിരിക്കെയാണ് റിഷഭ് ദുരന്തമായി മാറിയിരിക്കുന്നത്.
ആറിന്നിങ്‌സുകളില്‍ നിന്നും 96 റണ്‍സെടുത്ത അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 37 ആണ്. 10 ബൗണ്ടറികളും ഒരു സിക്‌സറുമാണ് പരമ്പരയില്‍ റിഷഭ് ഇതുവരെ നേടിയത്.
അതേസമയം, ഓവലിലെ നാലാം ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് ലീഡിലേക്കു നീങ്ങുകയാണ്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 191 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് രണ്ടാംദിനം രണ്ടാം സെഷനില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറു വിക്കറ്റിനു 185 റണ്‍സെന്ന നിലയിലാണ്. ഇന്ത്യക്കൊപ്പമെത്താന്‍ ആതിഥേയര്‍ക്കു ആറു റണ്‍സ് കൂടി മതി. പരമ്പരയില്‍ ആദ്യമായി ടീമിലെത്തിയ ഓലി പോപ്പിന്റെ (61) ഫിഫ്റ്റിയാണ് ഇംഗ്ലണ്ടിനു കരുത്തായത്. ജോണി ബെയര്‍സ്‌റ്റോ 37 റണ്‍സെടുത്തു പുറത്തായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications