For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ഏകദിന ജഴ്‌സിയില്‍ ഇനിയൊരിക്കലും ഇവരെ കാണില്ല! ആരൊക്കെയെന്നറിയാം

അഞ്ചു പേരാണ് ലിസ്റ്റിലുള്‍പ്പെട്ടിരിക്കുന്നത്

നിലവില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം റിസര്‍വ് താരങ്ങളുള്ള ടീം ഏതെന്നു ചോദിക്കുകയാണെങ്കില്‍ ഉത്തരം ഇന്ത്യയെന്നായിരിക്കും. കാരണം ഒരേ സമയത്തു രണ്ടോ, മൂന്നോ ടീമിനെ ഇറക്കാനുള്ള ശേഷി ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനുണ്ട്. അതുകൊണ്ടു തന്നെ സീനിയര്‍ ടീമിലെ സ്ഥാനത്തിനു വേണ്ടി മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മല്‍സരം തന്നെയാണ് നടക്കുന്നത്.

ദേശീയ ടീമില്‍ സ്ഥാനമുറപ്പിക്കണമെങ്കില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയേ തീരൂവെന്ന വെല്ലുവിളിയാണ് ഓരോ താരത്തിനും മുന്നിലുള്ളത്. തുടര്‍ച്ചയായി രണ്ടോ, മൂന്നോ മല്‍സരങ്ങളില്‍ ഫ്‌ളോപ്പായാല്‍ ഒരു താരത്തിനു സ്ഥാനം നഷ്ടമായേക്കും. പിന്നീട് ഒരുപക്ഷെ ഈ താരത്തിനു ദേശീയ ടീമിലേക്കു മടങ്ങിയെത്താന്‍ സാധിക്കണമെന്നുമില്ല. ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ ഇനിയൊരു പക്ഷെ ഒരിക്കലും കളിക്കാനിടയില്ലാത്ത ചില പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

 ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മികച്ച ഫിനിഷര്‍മാരില്‍ ഒരാളുമായ ദിനേശ് കാര്‍ത്തികാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. 2004ല്‍ ദേശീയ ടീമിനു വേണ്ടി അരങ്ങേറ്റം കുറിക്കാനായെങ്കിലും ഒരിക്കലും സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. പലപ്പോഴും ടീമിന് അകത്തും പുറത്തുമായി തുടരുകയായിരുന്നു കാര്‍ത്തിക്.
2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ എംഎസ് ധോണിക്കു പിന്നില്‍ ഇന്ത്യയുടെ രണ്ടാമത്തെ വിക്കറ്റ് കീപ്പറായിരുന്നു കാര്‍ത്തിക്. എന്നാല്‍ മോശം പ്രകടനങ്ങളെ തുടര്‍ന്നു ലോകകപ്പിനു ശേഷം പുറത്തായ അദ്ദേഹത്തിന് പിന്നീടൊരു മടങ്ങിവരവുണ്ടായിട്ടില്ല. 36 കാരനായ കാര്‍ത്തിക് ഐപിഎല്ലിലും ഇപ്പോള്‍ അത്ര മികച്ച ഫോമിലല്ല. ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഏഴു മല്‍സരങ്ങളില്‍ നിന്ന് 123 റണ്‍സാണ് താരത്തിനു നേടാനായത്.

 ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇപ്പോഴും ദേശീയ ടീമിന്റെ അവിഭാജ്യഘടകമായ ഇഷാന്ത് ശര്‍മയ്ക്കു പക്ഷെ നിശ്ചിത ഓവര്‍ ടീമില്‍ വര്‍ഷങ്ങളായി ഇടമില്ല. 2016ല്‍ ഓസ്‌ട്രേലിയക്കെതിരേയാണ് അദ്ദേഹം അവസാനമായി ഏകദിനത്തില്‍ കളിച്ചത്. ടെസ്റ്റിലെ ഫോം പക്ഷെ നിശ്ചിത ഓവര്‍ ഫോര്‍മാറ്റില്‍ ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് ഇഷാന്തിന്റെ ഏറ്റവും വലിയ വീക്ക്‌നെസ്.
ബൗളിങില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാതെ പോവുന്നതും ഒട്ടേറെ റണ്‍സ് വഴങ്ങുന്നത് പതിവാകുകയും ചെയ്തതാണ് അദ്ദേഹത്തിനു നിശ്ചിത ഓവര്‍ ടീമുകളിലെ സ്ഥാനം നഷ്ടമാക്കിയത്.

 അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

ടെസ്റ്റിലെ വൈസ് ക്യാപ്റ്റനും മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനുമായ അജിങ്ക്യ രഹാനെ കുറച്ചു വര്‍ഷങ്ങളായി നിശ്ചിത ഓവര്‍ ടീമുകളില്‍ നിന്നും പുറത്താണ്. സ്‌ട്രൈക്ക് റേറ്റ് കുറവാണെന്നതാണ് ഈ ഫോര്‍മാറ്റില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെടാനുള്ള പ്രധാന കാരണം. അതിവേഗം റണ്‍സെടുക്കുകയെന്നത് നിശ്ചിത ഓവര്‍ ഫോര്‍മാറ്റുകളില്‍ ഏറെ പ്രധാനമായതിനാല്‍ തന്നെ ഈ മെല്ലപ്പോക്ക് രഹാനെയ്ക്കു ടീമുകളിലെ സ്ഥാനം നഷ്ടമാക്കുകയും ചെയ്തു.
നിരവധി മികച്ച ബാറ്റ്‌സ്മാന്‍മാര്‍ നിശ്ചിത ഓവര്‍ ഫോര്‍മാറ്റുകളില്‍ ഉയര്‍ന്നുവന്നതിനാല്‍ രഹാനെയ്ക്കു ഇനിയൊരിക്കലും അവസരം ലഭിക്കാനിടയില്ല.

 ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്ന ആര്‍ അശ്വിന്‍ ഇപ്പോള്‍ ടെസ്റ്റില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. 2017ലായിരുന്നു അവസാനമായി അദ്ദേഹത്തെ ഇന്ത്യുടെ നീല ജഴ്‌സിയില്‍ കണ്ടത്. ടെസ്റ്റിലേതു പോലെ നിശ്ചിത ഓവര്‍ ഫോര്‍മാറ്റുകളില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു വെല്ലുവിളിയുയര്‍ത്താന്‍ ഇപ്പോള്‍ സാധിക്കുന്നില്ലെന്നത് അശ്വിന്റെ കരിയറിനെ ബാധിക്കുകയായിരുന്നു.
മധ്യഓവറുകളില്‍ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തുന്നതിനൊപ്പം ബ്രേക്ക്ത്രൂകള്‍ നല്‍കുകയെന്നത് ഏകദിനത്തില്‍ ഒരു സ്പിന്നറുടെ പ്രധാന റോളാണ്. റണ്ണൊഴുക്ക് തടയാന്‍ അശ്വിനു കഴിഞ്ഞിരുന്നെങ്കിലും വിക്കറ്റുകള്‍ ലഭിക്കാതിരുന്നതോടെ പതിയെ ടീമിനു പുറത്താവുകയായിരുന്നു. എങ്കിലും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി തിളങ്ങിയാല്‍ തനിക്കു ഇനിയും മടങ്ങിയെത്താനാവുമെന്ന പ്രതീക്ഷയിലാണ് അശ്വിന്‍.

 കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

അശ്വിനപ്പോലെ തന്നെ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ് കേദാര്‍ ജാദവ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ബാറ്റിങിലൂടെയും ബൗളിങിലൂടെയും ടീമിന്റെ രക്ഷകനായി മാറാന്‍ മുമ്പ് അദ്ദേഹത്തിനായിരുന്നു. എന്നാല്‍ 2019ലെ ലോകകപ്പിനു ശേഷം ജാദവിന്റെ കരിയര്‍ ഗ്രാഫ് താഴേക്കാണ്.
തുടര്‍ച്ചയായ ചെറിയ സ്‌കോറുകളും ഫീല്‍ഡിങിലെ വേഗമില്ലായ്മയുമെല്ലാം ജാദവിനു ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തി. മാത്രമല്ല കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കവെ ചില പരിക്കുകളും ജാദവിനു വില്ലനായിരുന്നു. മോശം ഫോമും ഫിറ്റ്‌നസില്ലായ്മയും കാരണം വലയുന്ന ജാദവിനെ ഇനിയൊരിക്കലും ഏകദിന ടീമില്‍ കാണാനിടയില്ല.

Story first published: Tuesday, June 8, 2021, 11:31 [IST]
Other articles published on Jun 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+