ഇന്ത്യന്‍ ടി20 ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായി മാറിയ ഓപ്പണര്‍ അഭിഷേക് ശര്‍മയെ (ABHISHEK SHARMA) കുറിച്ച് പാകിസ്താന്റെ മുന്‍ നായകന്‍ ഇന്‍സമാമുള്‍ ഹഖ് നടത്തിയ 'ആരോപണത്തെ' കുറിച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലോക ഒന്നാം നമ്പര്‍ താരം കൂടിയായ അഭിഷേക് ഉപയോഗിക്കുന്ന ബാറ്റിന്റെ കാര്യത്തിലാണ് ഇന്‍സി സംശയം പ്രകടിപ്പിച്ചത്.
കരിയര്‍ ബെസ്റ്റ് ഫോമിലാണ് ഇന്ത്യന്‍ താരം ഇപ്പോള്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ന്യൂസിലാന്‍ഡുമായി ഇപ്പോള്‍ പുരോഗമിക്കുന്ന ടി20 പരമ്പരയിലും അദ്ദേഹം മിന്നിക്കുകയാണ്. ഇതിനകം നടന്ന മൂന്ന് ടി20കളില്‍ രണ്ടിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിക്കാനും അഭിഷേകിനു സാധിച്ചിരുന്നു.

ഇന്‍സി പറഞ്ഞതെന്ത്?
അഭിഷേക് ശര്‍മയുടെ ബാറ്റിനുള്ളില്‍ സ്പ്രിങുണ്ടെന്നും ഐസിസി ഇതു പരിശോധിക്കണമെന്നും ഇന്‍സമാമുള്‍ഹഖ് ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ പല ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്ന്. ഇതിനു പിന്നാലെ ഇന്‍സിയെ രൂക്ഷമായി പരിഹസിച്ചും വിമര്‍ശിച്ചുമെല്ലാം ഇന്ത്യന്‍ ആരാധകരും രംഗത്തുവന്നിട്ടുണ്ട്.
എന്നാല്‍ യഥാര്‍ഥത്തില്‍ ഇത്തരമൊരു ആരോപണം ഇന്‍സമാം നടത്തിയിട്ടില്ലെന്നാണ് എഐ ടൂളായ ഗ്രോക്ക് സ്ഥിരീകരിക്കുന്നത്. പക്ഷെ കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ യുഎഇ വേദിയായ ഏഷ്യാ കപ്പ് കപ്പ് ടി20 ടൂര്‍ണമെന്റില്‍ അഗ്രസീവ് ഇന്നിങ്‌സുകളായി അഭിഷേക് ഇന്ത്യക്കായി മിന്നിക്കവെ ഇന്‍സി ഒരു പരാമര്‍ശം നടത്തിയിരുന്നു.
അഭിഷേക് ശര്‍മയുടെ ബാറ്റിനുള്ളില്‍ ചിപ്പ് ഒളിപ്പിച്ചു വച്ചതായും ഈ കാരണത്താലാണ് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തുന്നതെന്നുമായിരുന്നു ഇന്‍സമാമിന്റെ വാക്കുകള്‍. പക്ഷെ ഇതു അദ്ദേഹം ഗൗരവത്തോടെ ഉന്നയിച്ച ആരോപണമായിരുന്നില്ല.
മറിച്ച് തമാശരൂപേണയാണ് ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയത്. അതിനു ശേഷം അഭിഷേകിനെപ്പറ്റി ഇന്‍സി ഒന്നും പറഞ്ഞിട്ടില്ല. ഇതാണ് ചിലര്‍ ഇപ്പോള്‍ എഡിറ്റ് ചെയ്ത് അഭിഷേകിന്റെ ബാറ്റില്‍ സ്പ്രിങുണ്ടെന്നു ഇന്‍ഡി ആരോപിച്ചുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.
റണ്‍വേട്ട തുടരുന്ന അഭിഷേക്
അതേസമയം, കഴിഞ്ഞ വര്‍ഷം നിര്‍ത്തിയ ഇടത്തുനിന്നാണ് അഭിഷേക് ഇത്തവണ തുടങ്ങിയിരിക്കുന്നത്. ഏഷ്യാ കുപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്ന അദ്ദേഹം 2025ല്‍ ടീ കളിച്ച ചില പരമ്പരകളിലെ ടോപ്‌സ്കോററും കൂടിയായിരുന്നു.
ഇതേ ഫോം ഈ വര്‍ഷവും അഭിഷേക് ആവര്‍ത്തിക്കുകയാണെന്നു കാണാം. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലെ മൂന്നു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ റണ്‍വേട്ടയില്‍ അദ്ദേഹം രണ്ടാമതുണ്ട്.

271.42 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ 76 ശരാശരിയില്‍ അഭിഷേക് അടിച്ചെടുത്തത് 152 റണ്‍സാണ്. വെറും 56 ബോളുകളില്‍ നിന്നാണിത്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ആദ്യ കളിയില്‍ നേടിയ 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
2025ല്‍ വിവിധ ടീമുകള്‍ക്കായി അഭിഷേക് കളിച്ചത് 40 ടി20 മല്‍രങ്ങളിലാണ്. ഇവയില്‍ നിന്നും 202.01 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റോടെ 1602 റണ്‍സും വാരിക്കൂട്ടി. ഇതില്‍ പകുതിയിലേറെയും ഇന്ത്യന്‍ കുപ്പായത്തിലാണ്. 21 ടി20കളിലാണ് താരം ദേശീയ ടീമിനായി ബാറ്റേന്തിയത്.
42.95 ശരാശരിയില്‍ 193.46 സ്‌ട്രൈക്ക്‌റേറ്റോടെ 859 റണ്‍സും അടിച്ചെടുത്തു. ഒരു സെഞ്ച്വറിയം അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുമടക്കമാണിത്. ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന പരമ്പരയിലായിരുന്നു അഭിഷേകിന്റെ ഏക സെഞ്ച്വറി. 135 റണ്‍സാണ് താരം വാരിക്കൂട്ടിയത്.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പവും അഭിഷേക് മോശമാക്കിയില്ല. 14 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം അദ്ദേഹം 439 റണ്‍സ് നേടി.