Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോഡി ഗാര്‍ഡ് മുതല്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ വരെ! ക്രിക്കറ്റ് ഇവരെ ഹീറോയാക്കി, 7 പേര്‍

ക്രിക്കറ്റില്‍ വലിയ ഉയരങ്ങള്‍ കീഴടക്കി ലോകത്തിന്റെ നെറുകയിലെത്തുകയെന്നത് എല്ലാവരെക്കൊണ്ടും പറ്റുന്ന കാര്യമല്ല. കഠിനാധ്വാനവും അതോടൊപ്പം ഭാഗ്യവും ഒത്തുചേരുന്നതിനൊപ്പം കളിക്കളത്തില്‍ നന്നായി പെര്‍ഫോം ചെയ്യുക കൂടി ചെയ്‌തെങ്കില്‍ മാത്രമേ ഈയൊരു ലക്ഷ്യത്തിലേക്കു എത്തിച്ചേരാന്‍ ഒരാൾക്കു സാധിക്കുകയുള്ളൂ. അപൂര്‍വ്വം ചില താരങ്ങള്‍ക്കു മാത്രമേ എല്ലാം ഒത്തുചേര്‍ന്നു വരാറുള്ളൂ.

ക്രിക്കറ്റിലേക്കു വരും മുമ്പ് മറ്റു ചില ജോലികളിലേര്‍പ്പെടുകയും പിന്നീട് ക്രിക്കറ്റില്‍ വലിയൊരു ബ്രേക്ക് ലഭിക്കുകയും ചെയ്ത ചില താരങ്ങളുണ്ട്. അത്തരത്തില്‍ ക്രിക്കറ്റിലൂടെ തലവര തന്നെ മാറിയ ഏഴു കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ഇക്കൂട്ടത്തിലെ വമ്പന്‍ താരമെന്നു പറയാവുന്നയാള്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. ക്രിക്കറ്റില്‍ തന്റെ സാന്നിധ്യമറിയിക്കും മുമ്പ് ടിക്കറ്റ് കലക്ടറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

MS DHONI

പിന്നീട് ഇന്ത്യന്‍ ടീമിലേക്കു വരികയും വളരെ വേഗത്തില്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്ത ധോണി ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായി തീര്‍ന്നത് ചരിത്രം. ഐസിസിയുടെ മൂന്നു ട്രോഫികള്‍ ഏറ്റുവാങ്ങിയ ലോകത്തിലെ എക ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇപ്പോഴും 42 കാരനായ ധോണിക്കു മാത്രം അവകാശപ്പെട്ടതാണ്.

ക്രിക്കറ്റിലേക്കു വരും മുമ്പ് മറ്റു ജോലികളിലേര്‍പ്പെട്ടവരുടെ ലിസ്റ്റിലെ രണ്ടാമന്‍ ഇന്ത്യയുടെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ്. ഒരു സ്വകാര്യ കമ്പനിയില്‍ ആര്‍ക്കിടെക്ടായി ജോലി ചെയ്യുകയായിരുന്നു വരുണ്‍. പക്ഷെ ക്രിക്കറ്റിനോടുള്ള അതിയായ പാഷന്‍ താരത്തെ അറിയപ്പെടുന്ന കളിക്കാരനായി മാറ്റിയെടുക്കുകയായിരുന്നു.

ക്രിക്കറ്ററാവുകയെന്ന വരുണിന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതില്‍ താരത്തിനൊപ്പം ജോലി ചെയ്തിരുന്നവര്‍ നല്‍കിയ പിന്തുണയും സഹായവുമെല്ലാം എടുത്തു പറയേണ്ടതാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട വരുണ്‍ ഇതിനകം ഇന്ത്യക്കായി കളിക്കുകയും ചെയ്തിട്ടുണ്ട്.

വെസ്റ്റ് ഇന്‍ഡീസിന്റെ ടെസ്റ്റ് ബൗളറായ ഷമാര്‍ ജോസഫാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെ ക്രിക്കറ്റര്‍. അറിയപ്പെടുന്ന ക്രിക്കറ്ററാവും മുമ്പ് ബോഡി ഗാര്‍ഡായി ജോലി ചെയ്തു വരികയായിരുന്നു താരം. പക്ഷെ ക്രിക്കറ്ററാവുകയെന്ന വലിയ സ്വപ്‌നം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതേ തുടര്‍ന്നു ജോലി രാജിവച്ച ഷമാര്‍ പൂര്‍ണമായും ക്രിക്കറ്റില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയായിരുന്നു. അധികം വൈകാതെ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിനായി അദ്ദേഹം കളിക്കുകയും ചെയ്തു.

നിലവില്‍ മല്‍സരരംഗത്തുള്ള ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ നതാന്‍ എല്ലിസാണ് ഈ ലിസ്റ്റിലെ നാലാമത്തെയാള്‍. ഐപിഎല്ലിലടക്കം കളിച്ചുകഴിഞ്ഞ അദ്ദേഹം വീടുകള്‍ തോറും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സെയില്‍സ് മാനായി നേരത്തേ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ ഒരു പ്രൊഫസറുടെ അസിസ്റ്റന്റായും ജോലി ചെയ്തിരുന്നു. തുടര്‍ന്നാണ് ക്രിക്കറ്റിലേക്കു വരികയും മികച്ചൊരു ഫാസ്റ്റ് ബൗളറായി എല്ലിസ് പേരെടുക്കുകയും ചെയ്തത്.

ASHWIN

ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനും ഇക്കൂട്ടത്തിലുണ്ട്. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. അവിടെ നിന്നാണ് ജോലി ഉപേക്ഷിച്ചു വന്ന അശ്വിന്‍ മുഴുവന്‍ സമയ ക്രിക്കറ്ററായി മാറിയത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബൗളര്‍മാരില്‍ ഒരാളും വിക്കറ്റ് വേട്ടക്കാരനുമായ അദ്ദേഹം റെഡ് ബോള്‍ ക്രിക്കറ്റില്‍ ടീമിന്റെ അവിഭാജ്യ ഘടകവുമാണ്.

ഓസ്‌ട്രേലിയയുടെ അപകടകാരിയായ മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ ജോണ്‍സനാണ് ക്രിക്കറ്ററാവും മുമ്പ് മറ്റു ജോലിയിലേര്‍പ്പെട്ട താരങ്ങളുടെ ലിസ്റ്റിലുള്ള ആറാമത്തെ താരം. പ്ലംബിങ് വാന്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ജോണ്‍സന്‍.

അതുപേക്ഷിച്ചാണ് പിന്നീട് ഓസ്‌ട്രേലിയന്‍ ടീമിലെത്തിയ അദ്ദേഹം ലോകം കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി മാറിയത്. അഗ്രസീവ് ഫാസ്റ്റ് ബൗളറായ ജോണ്‍സന്‍ ഓസ്‌ട്രേലിയക്കായി പല മാച്ച് വിന്നിങ് പ്രകടനങ്ങളും വിവിധ ഫോര്‍മാറ്റുകളില്‍ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഓസ്‌ട്രേലിയയുടെ തന്നെ മറ്റൊരു മുന്‍ താരവും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ ബ്രാഡ് ഹോഡ്ജാണ് ഈ ലിസ്റ്റിലെ ഏഴാമത്തെയും അവസാനത്തെയും താരം. ഐപിഎല്ലില്‍ കൊച്ചി ടസ്കേഴ്സ് കേരളയുടെ മുന്‍ താരം കൂടിയായ ഹോഡ്ജ് ഒരു പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു.

പക്ഷെ ക്രിക്കറ്റിനോടുള്ള അതിയായ പാഷന്‍ കാരണം അദ്ദേഹം ഈ ജോലി വിടുകയും പൂര്‍ണമായി ക്രിക്കറ്റിലേക്കു മാറുകയുമായിരുന്നു. ഒരു സമത്തു ഓസീസ് ടീമിലെ അവിഭാജ്യ ഘടകങ്ങളിലൊരാളായിരുന്നു മധ്യനിര ബാറ്ററായിരുന്ന ഹോഡ്ജ്.

Story first published: Saturday, January 20, 2024, 22:22 [IST]
Other articles published on Jan 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+