തുടര്‍ച്ചയായി ക്രിക്കറ്റ് കളിച്ചത് തിരിച്ചടിയായി, മനസുതുറന്ന് ദീപക് ചഹാര്‍
മുംബൈ: പോയവര്‍ഷം തിരിഞ്ഞുനോക്കുമ്പോള്‍ ഓര്‍ത്തെടുക്കാന്‍ ഒരുപിടി നല്ല മുഹൂര്‍ത്തങ്ങളുണ്ട് ഇന്ത്യന്‍ പേസര്‍ ദീപക് ചഹാറിന്. ന്യൂ ബോളില്‍ വിക്കറ്റെടുക്കാനുള്ള കഴിവ് മുന്‍നിര്‍ത്തി ഇന്ത്യയുടെ ട്വന്റി-20 സ്‌ക്വാഡില്‍ ചഹാര്‍ സ്ഥിരാംഗമാവുന്നത് ആരാധകര്‍ കണ്ടു. കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായും മികവുറ്റ പ്രകടനമാണ് ദീപക് ചഹാര്‍ പുറത്തെടുത്തത്. പക്ഷെ ഇപ്പോള്‍ പരുക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണ് താരം.

അടുത്തിടെ സമാപിച്ച ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്കിടെയാണ് ചഹാറിന് പരുക്കേറ്റത്. എന്തായാലും പരുക്ക് താരത്തിന് വീണ്ടുവിചാരം നല്‍കിയിരിക്കുകയാണ്. ആരോഗ്യം പരിഗണിക്കാതെ അമിതമായി ക്രിക്കറ്റ് കളിച്ചതാണ് പരുക്കിന് വഴി തെളിച്ചത്. കരിയറില്‍ നീണ്ടകാലം തുടരണമെങ്കില്‍ ഈ പതിവ് തിരുത്തണം. ഇനി മുതല്‍ സെലക്ടീവാകണമെന്ന് ടെലഗ്രാഫിന് അനുവദിച്ച അഭിമുഖത്തില്‍ ദീപക് ചഹാര്‍ പറഞ്ഞു.

നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന പേസര്‍മാരില്‍ ഒരാളാണ് ഇദ്ദേഹം. കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളിലും ചെന്നൈയ്ക്കായി ചഹാര്‍ പന്തെറിഞ്ഞു. ചെപ്പോക്കിലെ പിച്ച് താരത്തിന്റെ ബൗളിങ് ശൈലിക്ക് ഏറെ അനുയോജ്യമാണ്. നടക്കാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ മികവ് ആവര്‍ത്തിച്ച് രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചെത്താനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ താരം.

ഈ ഐപിഎല്‍ കാലത്ത് പ്രകടനം മെച്ചപ്പെടുത്തുകയാണ് ആത്യന്തിക ലക്ഷ്യം. കഠിനമായ പരിശീലനത്തിലൂടെ പേസ് വീണ്ടെടുക്കണം. അടുത്തകാലത്തായി ക്രിക്കറ്റ് മത്സരങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നതുകൊണ്ട് മണിക്കൂറില്‍ രണ്ട്, മൂന്ന് കിലോമീറ്റര്‍ വേഗം വരെ നഷ്ടപ്പെട്ടു — ദീപക് ചഹാര്‍ വ്യക്തമാക്കി.
Most Read: ന്യൂസിലാന്‍ഡ് – ഇന്ത്യ ടെസ്റ്റ്: വെല്ലുവിളി ഇക്കാര്യത്തില്‍, തന്ത്രം വെളിപ്പെടുത്തി രഹാനെ

2010-11 രഞ്ജി ട്രോഫി കാലത്താണ് ദീപക് ചഹാര്‍ ആദ്യമായി ക്രിക്കറ്റില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. രാജസ്ഥാന്‍ ടീമില്‍ മീഡിയം പേസറായി കളിച്ച താരം വിക്കറ്റുകള്‍ കണ്ടെത്താനുള്ള കഴിവുകൊണ്ട് ചര്‍ച്ചാവിഷയമായി. എന്നാല്‍ തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ പേരറിയിക്കാന്‍ താന്‍ ഏറെ കഷ്ടപ്പെട്ടതായി ദീപക് ചഹാര്‍ തന്നെ പറയുന്നു.

'തുടക്കകാലത്ത് വേഗമായിരുന്നു പ്രശ്‌നം. 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാല്‍ മാത്രമേ രാജ്യാന്തര ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കാനാവൂ. പക്ഷെ ഫ്‌ളാറ്റ് പിച്ചില്‍ 150 കിലോമീറ്റര്‍ വേഗമുള്ള പന്തുപോലും നിഷ്പ്രയാസം അടിച്ചകറ്റാമെന്ന് വൈകാതെ തിരിച്ചറിഞ്ഞു. എന്നാല്‍ 140 കിലോമീറ്റര്‍ വേഗമുള്ള പന്തിനെ സ്വിങ് ചെയ്യിക്കാനായാല്‍ ബാറ്റ്‌സ്മാന്‍ ബുദ്ധിമുട്ടും. വേഗം നഷ്ടപ്പെടാതെ പന്തിനെ സ്വിങ് ചെയ്യിക്കാനാണ് ഇപ്പോള്‍ എന്റെ ശ്രമവും', ചഹാര്‍ അറിയിച്ചു.

നിലവില്‍ ഇന്ത്യയ്ക്കായി പത്തു ട്വന്റി-20 മത്സരങ്ങള്‍ ദീപക് ചഹാര്‍ കളിച്ചിട്ടുണ്ട്. 14.76 റണ്‍സ് ശരാശരിയില്‍ 17 വിക്കറ്റുകളും താരം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 2018 -ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു താരത്തിന്റെ രാജ്യാന്തര അരങ്ങേറ്റം. അടുത്തിടെ നാഗ്പൂരിലെ ഇന്ത്യ - ബംഗ്ലാദേശ് ട്വന്റി-20 മത്സരത്തില്‍ ഏഴു റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്തതാണ് ദീപക് ചഹാറിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. പറഞ്ഞുവരുമ്പോള്‍ ട്വന്റി-20 ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ബൗളിങ് ചിത്രമാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications