ടി20യില്‍ ലോക റാങ്കിങിലെ നമ്പര്‍ വണ്‍ റാങ്ക് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന് വെറുതെയൊന്നും ലഭിച്ചതെന്നു കണക്കുകള്‍ അടിവരയിടുന്നു. കുട്ടി ക്രിക്കറ്റില്‍ ഫുള്‍ മെമ്പര്‍ ടീമുകളില്‍ 500ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവുമുയര്‍ന്ന ശരാശരിയുള്ളത് മലാന് തന്നെയാണ്. 564.93 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഈ ലിസ്റ്റില്‍ രണ്ടാമന്‍. എന്നാല്‍ 50ന് താഴെയാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. 49.62 ആണ് നിലവില്‍ കോലിയുടെ ബാറ്റിങ് ശരാശരി. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം (48.05), ഇന്ത്യയുടെ മനീഷ് പാണ്ഡെ (44.31), കെഎല്‍ രാഹുല്‍ (42.86) എന്നിവരാണ് ഈ ലിസ്റ്റിലെ മറ്റുള്ളവര്‍.
മലാന്‍ ഇതുവരെ കളിച്ച 21 ടി20 ഇന്നിങ്‌സുകളെടുത്താല്‍ ഒരു തവണ മാത്രമാണ് ഒറ്റയക്ക സ്‌കോറിനു പുറത്തായിട്ടുള്ളതെന്നു കാണാം. ഏഴു റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും ചെറിയ സ്‌കോര്‍. 78, 50, 10, 59, 53, 11, 39, 55, 103*, 11, 23, 54*, 7, 66, 42, 21, 19, 55, 99*, 24*, 24. ഒരു സെഞ്ച്വറിയും ഒമ്പത് ഫിഫ്റ്റികളുമടക്കം 21 ഇന്നിങ്‌സുകളില്‍ നിന്നും മലാന്റെ സമ്പാദ്യം 879 റണ്‍സാണ്.

അതേസമയം, ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ 24 റണ്‍സാണ് മലാന്‍ നേടിയത്. 23 ബോളില്‍ നാലു ബൗണ്ടറികളുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. യുസ്വേന്ദ്ര ചഹലിന്റെ ബൗളിങില്‍ എല്‍ബിഡബ്യുവായാണ് താരം ക്രീസ് വിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിയനക്കപ്പെട്ട ഇംഗ്ലണ്ട് ആറു വിക്കറ്റന് 164 റണ്‍സ് നേടി. 46 റണ്‍സെടുത്ത ഓപ്പണര്‍ ജാസണ്‍ റോയിയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 35 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. വാഷിങ്ടണ്‍ സുന്ദറും ശര്‍ദ്ദുല്‍ ഠാക്കൂറും ഇന്ത്യക്കു വേണ്ടി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എട്ടു വിക്കറ്റിനു തോറ്റ ആദ്യ മല്‍സരത്തില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങിയത്. പുതുമുഖങ്ങളായ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഈ മല്‍സരത്തിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറി. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി നടത്തിയ മിന്നുന്ന പ്രകടനമാണ് ഇരുവര്‍ക്കും ദേശീയ ടീമില്‍ ഇടംനേടിക്കൊടുത്തത്.