IND vs ENG: മലാന്‍ മാജിക്, വമ്പന്‍ നേട്ടം- ബാബറിന്റെ റെക്കോര്‍ഡ് പഴങ്കഥ
ലോക റാങ്കിങിലെ നമ്പര്‍ ടി20 ബാറ്റ്‌സ്മാനെന്ന പദവി എന്തുകൊണ്ടാണ് താന്‍ കൈയടക്കി വച്ചിരിക്കുന്നതെന്ന് വമ്പന്‍ റെക്കോര്‍ഡുമായി അടിവരയിട്ടിരിക്കുകയാണ് ഇംഗ്ലണ്ട് സെന്‍സേഷന്‍ ഡേവിഡ് മലാന്‍. ഇന്ത്യക്കെതിരായ അഞ്ചാം ടി20യിലെ തകര്‍പ്പന്‍ ഇന്നിങ്‌സോടെ ടി20യില്‍ 1000 റണ്‍സെന്ന നാഴികക്കല്ല് അദ്ദേഹം പിന്നിട്ടു. അതിവേഗം 1000 റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡാണ് ഇതോടെ മലാന്‍ തന്റെ പേരിലാക്കിയത്. ഇതിനു വേണ്ടി വെറും 24 ഇന്നിങ്‌സുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ.

പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമിന്റെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. നേരത്തേ 26 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു മലാന്‍ 1000 റണ്‍സ് തികച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി (27 ഇന്നിങ്‌സ്), ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്, ഇന്ത്യയുടെ കെഎല്‍ രാഹുല്‍ (ഇരുവരും 29 ഇന്നിങ്‌സ്) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
വെറും 46 ബോളില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 68 റണ്‍സാണ് മലാന്‍ അഞ്ചാം ടി20യില്‍ നേടിയത്. 33 ബോളുകളില്‍ നിന്നായിരുന്നു താരത്തിന്റെ ഫിഫ്റ്റി. ഈ പരമ്പരയില്‍ അദ്ദേഹത്തിന്റെ ആദ്യ ഫിഫ്റ്റി കൂടിയാണിത്. അതേസമയം, മലാന്റെ ഇന്നിങ്‌സിന് ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. 36 റണ്‍സിന്റെ വിജയവുമായി ഇന്ത്യ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 3-2നു സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ രണ്ടു വിക്കറ്റിന് 224 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലായികുന്നു. മറുപടിയില്‍ എട്ടു വിക്കറ്റിന് 188 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ.

മലാനെക്കൂടാതെ ജോസ് ബട്‌ലര്‍ (52) മാത്രമാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം നടത്തിയത്. ഈ സഖ്യം രണ്ടാം വിക്കറ്റിന് 130 റണ്‍സ് വാരിക്കൂട്ടി. ഇവര്‍ ക്രീസിലുള്ളപ്പോള്‍ ഇംഗ്ലണ്ടിനു വിജയപ്രതീക്ഷയുമുണ്ടായിരുന്നു. എന്നാല്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 13ാം ഓവര്‍ കളിയിലെ ടേണിങ് പോയിന്റായി. ബട്‌ലര്‍ പുറത്തായ ശേഷം ഇംഗ്ലണ്ട് തുടര്‍ച്ചയായി വിക്കറ്റുകള്‍ കൈവിട്ട് തോല്‍വിയിലേക്കു വീഴുകയായിരുന്നു. ഇന്ത്യക്കു വേണ്ടി ശര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. പരമ്പരയില്‍ 1-2ന് പിന്നിട്ടുനിന്ന ശേഷമാണ് തുടര്‍ച്ചയായി രണ്ടു കളികളില്‍ ജയിച്ച് ഇന്ത്യ ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനെ വീഴ്ത്തി പരമ്പര പിടിച്ചെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications