അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് അഞ്ച് വിക്കറ്റിനാണ് എംഎസ് ധോണിയേയും സംഘത്തേയും മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തപ്പോള്‍ നാല് പന്തും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തി ഹര്‍ദിക് പട വിജയലക്ഷ്യം മറികടന്നു.
അവസാന സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും സിഎസ്‌കെയെ തോല്‍പ്പിക്കാന്‍ ഗുജറാത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും മുട്ടുകുത്തിച്ചതോടെ സിഎസ്‌കെയ്‌ക്കെതിരേ സര്‍വാധിപത്യം നേടിയെടുക്കാന്‍ ഗുജറാത്തിന് സാധിച്ചിരിക്കുകയാണ്. അഹമ്മദാബാദില്‍ സിഎസ്‌കെയ്ക്ക് എവിടെയാണ് പിഴച്ചത്. എംഎസ് ധോണിയുടെ അവസാന സീസണില്‍ ജയിച്ച് തുടങ്ങാന്‍ കണക്കുകൂട്ടിയിറങ്ങിയ സിഎസ്‌കെയുടെ തോല്‍വിക്ക് കാരണമായ പിഴവുകളറിയാം.

സിഎസ്‌കെ ബാറ്റിങ്ങില്‍ കാട്ടിയ ഏറ്റവും വലിയ അബദ്ധം ശിവം ദുബെയെ 13ാം ഓവറില്‍ ഇറക്കിയതാണ്. ഒരുവശത്ത് വിക്കറ്റ് പോവുമ്പോഴും റുതുരാജ് ഗെയ്ക് വാദ് റണ്‍സ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ അമ്പാട്ടി റായിഡു, ശിവം ദുബെ എന്നിവര്‍ മെല്ലപ്പോക്ക് നടത്തിയതോടെ 200ലേക്കെത്താവുന്ന ടീം സ്‌കോര്‍ ഇഴഞ്ഞുവെന്നതാണ് വസ്തുത. ദുബെയെ ഇറക്കുന്നതിന് മുമ്പ് രവീന്ദ്ര ജഡേജക്ക് അവസരം നല്‍കാവുന്നതായിരുന്നു.
ദുബെ 18 പന്ത് നേരിട്ട് 19 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു സിക്‌സും ഉള്‍പ്പെടും. മികച്ച ടൈമിങ് ഇല്ലാത്ത ബാറ്റിങ്ങാണ് ദുബെ കാഴ്ചവെച്ചത്. താരത്തിന് വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കാതെ പോയത് സിഎസ്‌കെയുടെ തോല്‍വിയെ സ്വാധീനിച്ച കാര്യമാണെന്ന് പറയാം. അമ്പാട്ടി റായിഡു 12 പന്തില്‍ 12 റണ്‍സാണ് നേടിയത്. ഒരു സിക്‌സാണ് റായിഡുവും നേടിയത്. പ്രായം റായിഡുവിനെ തളര്‍ത്തുന്നു. മികച്ച ഫിറ്റ്‌നസ് റായിഡുവില്‍ കാണുന്നില്ല.

അതുകൊണ്ട് തന്നെ ബാറ്റിങ്ങിന് മാത്രമായി റായിഡുവിനെ സിഎസ്‌കെ പരിഗണിക്കുന്നത് വലിയ ഗുണം ചെയ്യുന്നില്ല. ഫീല്‍ഡിങ്ങില്‍ ഇംപാക്ട് പ്ലയറായി റായിഡുവിന് പകരക്കാരനെ സിഎസ്‌കെ പരിഗണിച്ചിരുന്നു. ബാറ്റിങ്ങില്‍ മാത്രമായി റായിഡുവിനെ പരിഗണിക്കുന്നത് ടീമിന് തിരിച്ചടിയാവാനാണ് സാധ്യത. എംഎസ് ധോണി ബാറ്റിങ്ങില്‍ നേരത്തെ ഇറങ്ങാതിരുന്നതും ടീമിന് തിരിച്ചടിയായി. ശിവം ദുബെ കളിച്ച ആറാം നമ്പറിലോ ഏഴാം നമ്പറിലോ എങ്കിലും ധോണി കളിക്കണമായിരുന്നു.
ഏഴ് പന്തില്‍ ഒരു ഫോറും സിക്‌സുമടക്കം 14* റണ്‍സാണ് ധോണി നേടിയത്. ഫിനിഷറെന്ന നിലയിലെ ധോണിയുടെ മികവിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് പറയാം. ഈ സാഹചര്യത്തില്‍ ധോണി നേരത്തെ ബാറ്റിങ്ങിനിറങ്ങേണ്ടിയിരുന്നു. അതിന് തയ്യാറാവാതെ ഇരുന്നത് വലിയ തിരിച്ചടിയായി മാറിയെന്ന് പറയാം. സിഎസ്‌കെയ്ക്ക് സംഭവിച്ച മറ്റൊരു പ്രധാന പിഴവ് ഇംപാക്ട് പ്ലയറെ ഉപയോഗിച്ചതിലാണ്. റായിഡുവിനെ പിന്‍വലിച്ച് തുഷാര്‍ ദെശപാണ്ഡെയെയാണ് സിഎസ്‌കെ ഇംപാക്ട് പ്ലയറായി ഇറക്കിയത്.

ഈ തീരുമാനം പാളി. 3.2 ഓവറില്‍ 51 റണ്‍സാണ് താരം വഴങ്ങിയത്. ശുബ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നേടിയെങ്കിലും നന്നായി തല്ലുവാങ്ങി. റണ്‍സ് പ്രതിരോധിക്കാനിറങ്ങുമ്പോള്‍ ഇത്തരമൊരു മോശം പ്രകടനം ബൗളറില്‍ നിന്നുണ്ടായാല്‍ ടീം തോല്‍ക്കാനുള്ള സാധ്യതകളേറെയാണെന്ന് പറയാം. സിഎസ്‌കെ ഇംപാക്ട് പ്ലയറായി സിമര്‍ജീത് സിങ്ങിനെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. അവസാന സീസണില്‍ സിഎസ്‌കെയ്ക്കായി തിളങ്ങിയ താരമാണ് സിമര്‍ജീത്. പ്രശാന്ത് സോളങ്കിയേയും പരിഗണിക്കാമായിരുന്നു.
മുകേഷ് ചൗധരിയുടെ പരിക്ക് സിഎസ്‌കെയെ കാര്യമായി തളര്‍ത്തുന്നു. ദീപക് ചഹാറിനെ മാത്രമാണ് സിഎസ്‌കെ നിരയില്‍ അല്‍പ്പമെങ്കിലും വിശ്വസിക്കാന്‍ സാധിക്കുന്നതായുള്ളത്. ഡ്വെയ്ന്‍ ബ്രാവോയുടെ വിടവും സിഎസ്‌കെയില്‍ തെളിഞ്ഞ് നില്‍ക്കുന്നു. ബെന്‍ സ്‌റ്റോക്‌സ് പന്തെറിയാത്തത് സിഎസ്‌കെയെ പിന്നോട്ടടിക്കുമെന്ന് ആദ്യ മത്സരത്തിലൂടെത്തന്നെ വ്യക്തം. അവസാന സീസണിലെ ഒമ്പതാം സ്ഥാനക്കാരായ സിഎസ്‌കെയ്ക്ക് തിരിച്ചുവരാന്‍ ഇനിയും ഏറെ മെച്ചപ്പെടണം.