മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാാം സീസണ്‍ നാളെ ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ പോവുകയാണ്. ഇത്തവണ സിഎസ്‌കെയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ സീസണാണ്. നായകന്‍ എംഎസ് ധോണിയുടെ അവസാന സീസണ്‍ എന്നതിലുപരിയായി ഇത്തവണ തിരിച്ചുവരേണ്ടത് സിഎസ്‌കെയ്ക്ക് അഭിമാന പ്രശ്‌നമാണ്.
അവസാന സീസണില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു സിഎസ്‌കെ. അതുകൊണ്ട് തന്നെ ഈ സീസണില്‍ ടീമിന് വലിയ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. ഡ്വെയ്ന്‍ ബ്രാവോ അവസാന സീസണോടെ വിരമിച്ച ഒഴിവിലേക്ക് സിഎസ്‌കെ പരിഗണിച്ച താരമാണ് ബെന്‍ സ്റ്റോക്‌സ്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടറെ വലിയ പ്രതീക്ഷയോടെയാണ് സിഎസ്‌കെ ടീമിലെത്തിച്ചതെങ്കിലും ഇപ്പോള്‍ തിരിച്ചടിയായി ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമാവും സിഎസ്‌കെയ്ക്ക് സ്റ്റോക്‌സിനെ ലഭ്യമാവുക. താരം പന്തെറിയില്ല എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ആഷസ് ടെസ്റ്റ് വരാനിരിക്കെ പരിക്കിന്റെ സാധ്യത കുറക്കാനാണ് ഇംഗ്ലണ്ട് ടെസ്റ്റ് നായകനായ സ്റ്റോക്‌സ് ബൗളിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. സ്‌റ്റോക്‌സിന്റെ തീരുമാനം നേരത്തെ തന്നെ സിഎസ്‌കെയെ അറിയിച്ചതാണെങ്കിലും ടീമിനത് കടുത്ത തിരിച്ചടിയായി മാറുമെന്നുറപ്പ്. സ്റ്റോക്‌സ് പന്തെറിയാത്തത് എങ്ങനെ സിഎസ്‌കെയെ ബാധിക്കുമെന്ന് പരിശോധിക്കാം.
സിഎസ്‌കെയുടെ ബൗളിങ് നിരയെ അത് കാര്യമായി ബാധിക്കും. സ്‌റ്റോക്‌സ് പന്തെറിഞ്ഞിരുന്നെങ്കില്‍ ഒരു പേസ് ബൗളറെ കുറച്ച് സാഹചര്യത്തിനനുസരിച്ച് സ്പിന്‍ കരുത്തോ ബാറ്റിങ് കരുത്തോ ഉയര്‍ത്താനുള്ള അവസരം സിഎസ്‌കെയ്ക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ സ്റ്റോക്‌സ് പന്തെറിയാതിരിക്കുന്നതോടെ സിഎസ്‌കെയ്ക്ക് ഇത് സാധിക്കില്ല. ഡ്വെയ്ന്‍ ബ്രാവോയുടെ വിടവ് നികത്താന്‍ സ്‌റ്റോക്‌സ് പന്തെറിയേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ആ വിടവ് തെളിഞ്ഞുനില്‍ക്കും.

ബ്രാവോ ഡെത്ത് ഓവറുകളില്‍ സ്ലോ ബോളുകളെറിഞ്ഞ് വിക്കറ്റ് നേടി മത്സരം സിഎസ്‌കെയ്ക്ക് നേടിക്കൊടുത്തിരുന്ന താരമാണ്. സ്റ്റോക്‌സ് പവര്‍പ്ലേയിലും ഡെത്ത് ഓവറിലും ഒരുപോലെ മികവ് കാട്ടാന്‍ കഴിവുള്ള ബൗളറാണ്. അതുകൊണ്ട് തന്നെ സ്റ്റോക്‌സ് പന്തെറിയാതിരിക്കുന്നത് സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയാണെന്നുറപ്പ്. മറ്റൊരു പ്രശ്‌നം സിഎസ്‌കെയിലെ മികച്ച പേസര്‍മാരുടെ അഭാവമാണ്. മുകേഷ് ചൗധരിയില്‍ സിഎസ്‌കെ വലിയ പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ പരിക്കേറ്റ താരം ഈ സീസണിനുണ്ടായേക്കില്ല.
ഇതോടെ പേസ് ബൗളര്‍മാരുടെ കാര്യത്തില്‍ സിഎസ്‌കെയ്ക്ക് ആശങ്കകളുണ്ടാവും. ദീപക് ചഹാര്‍ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ ബൗളിങ്ങില്‍ വലിയ പ്രതീക്ഷവെക്കാനാവില്ല. സ്റ്റോക്‌സിന്റെ ബൗളിങ്ങിന്റെ അഭാവം സിഎസ്‌കെയെ ബാധിക്കുമെന്നതുറപ്പാണ്. ഇത്തവണ സിഎസ്‌കെയ്ക്ക് തട്ടകത്തില്‍ മത്സരമുണ്ട്. ചെന്നൈയിലെ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്കും മീഡിയം പേസര്‍മാര്‍ക്കുമാണ് കൂടുതല്‍ മികവ് കാട്ടാനാവുക.
നന്നായി സ്ലോബോളുകളെറിയുന്ന സ്‌റ്റോക്‌സ് കട്ടറുകളിലൂടെയും വേരിയേഷനിലൂടെയും വിക്കറ്റ് നേടാന്‍ മിടുക്കനാണ്. ഈ സാഹചര്യത്തില്‍ സ്‌റ്റോക്‌സിന്റെ പ്രകടനത്തില്‍ സിഎസ്‌കെ വലിയ പ്രതീക്ഷവെച്ചിരുന്നു. ഇപ്പോള്‍ താരത്തിന് പന്തെറിയാന്‍ സാധിക്കാതെ വരുന്നതോടെ സിഎസ്‌കെയ്ക്ക് പുതിയ തന്ത്രങ്ങള്‍ മെനയേണ്ട സാഹചര്യമാണുള്ളത്. സ്റ്റോക്‌സ് പന്തെറിയാതിരിക്കുന്നത് മറ്റൊരു തരത്തിലും സിഎസ്‌കെയെ ബാധിക്കും. അത് ഡെത്ത് ഓവര്‍ ബൗളിങ്ങിലാണ്.

വിശ്വസ്തനായ ഡെത്ത് ഓവര്‍ ബൗളര്‍മാര്‍ നിലവില്‍ സിഎസ്‌കെയ്ക്കില്ല. ഈ സാഹചര്യത്തില്‍ നേരത്തെ ബ്രാവോ ചെയ്തിരുന്നത് ഇത്തവണ സ്‌റ്റോക്‌സിനെക്കൊണ്ട് ചെയ്യിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു സിഎസ്‌കെ. എന്നാല്‍ ഇപ്പോള്‍ സ്‌റ്റോക്‌സ് പന്തെറിയാതിരിക്കുന്നതോടെ ഡെത്ത് ഓവര്‍ ബൗളിങ്ങിലാരെന്ന വലിയ ചോദ്യം സിഎസ്‌കെയ്ക്ക് മുന്നില്‍ ഉയരുന്നു. തുഷാര്‍ ദെശപാണ്ഡെ, സിമര്‍ജീത് സിങ്, പ്രശാന്ത് സോളങ്കി, മതീഷ് പതിരണ, സിസാന്‍ഡ മഗാല തുടങ്ങിയവരെയൊന്നും ഡെത്ത് ഓവറില്‍ വിശ്വസിക്കാനാവില്ല.
അതുകൊണ്ട് തന്നെ ഡെത്ത് ഓവറിലെ ബൗളിങ് പ്രകടനം സിഎസ്‌കെയെ സംബന്ധിച്ച് വലിയ തിരിച്ചടിയായി മാറും. നാല് ഓവര്‍ പൂര്‍ത്തിയാക്കിയില്ലെങ്കിലും രണ്ടോവറെങ്കിലും പന്തെറിയാന്‍ ബെന്‍ സ്റ്റോക്‌സ് തയ്യാറാവാത്ത പക്ഷം സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. സ്പിന്നിനെ മാത്രം ആശ്രയിച്ചാലും സിഎസ്‌കെയ്ക്ക് കപ്പടിക്കാനാവില്ല. അതുകൊണ്ട് തന്നെ സ്റ്റോക്‌സിനെ ബൗളിങ്ങില്‍ ലഭിക്കാത്തത് സിഎസ്‌കെയ്ക്ക് നികത്താനാവാത്ത വിടവാണെന്ന് പറയാം.