Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ധോണിക്ക് പരിക്കിന്റെ പ്രശ്‌നമുണ്ടായിരുന്നോ? വസ്തുതയെന്ത്? വ്യക്തമാക്കി ഫ്‌ളമിങ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന്റെ ഉദ്ഘാടന മത്സരത്തിന് സിഎസ്‌കെ നിരയില്‍ എംഎസ് ധോണിയുണ്ടാകില്ലെന്ന റിപ്പോര്‍ട്ട് മത്സരത്തിന് മണിക്കൂറുകള്‍ മുമ്പുവരെ വളരെ സജീവമായി ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ സിഎസ്‌കെയെ നയിക്കാന്‍ ധോണിയുണ്ടായിരുന്നു. വിക്കറ്റ് കീപ്പറായതും ധോണിയായിരുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. കാലിന് പരിക്കേറ്റെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്ന പ്രകടനമാണ് ധോണി കാഴ്ചവെച്ചത്.

40 പിന്നിട്ട ധോണിക്ക് കാലിന് പരിക്കുണ്ടായിരുന്നെങ്കില്‍ വിക്കറ്റ് കീപ്പറാവുക വളരെ പ്രയാസമായി മാറും. എന്നാല്‍ ധോണി 20 ഓവറില്‍ കീപ്പറാവുകയും ബാറ്റിങ്ങിനിറങ്ങി ഏഴ് പന്തില്‍ പുറത്താവാതെ 14 റണ്‍സ് നേടുകയും ചെയ്തു. ഇങ്ങനെയൊക്കെ പറയുമ്പോഴും മത്സരത്തിനിടെ ധോണി ഇടക്കിടെ കാലില്‍ പിടിക്കുന്നുണ്ടായിരുന്നു. കാലിന് വേദനയുള്ള തരത്തിലുള്ള മുഖഭാവം ഇടക്കിടെ ധോണിയില്‍ കാണപ്പെട്ടു. ഇതിന്റെ വീഡിയോയും വൈറലാണ്.

ms dhoni, stephen fleming

ഇതോടെ ധോണി പരിക്ക് മറച്ചുവെച്ചാണോ കളിച്ചതെന്ന ചോദ്യവും വ്യാപകമായി ഉയര്‍ന്നു കേട്ടിരുന്നു. എന്നാലിപ്പോള്‍ ധോണിയുടെ ഫിറ്റ്‌നസ് സംബന്ധിച്ച നിര്‍ണ്ണായക വിവരം തുറന്ന് പറഞ്ഞിരിക്കുകയാണ് സിഎസ്‌കെയുടെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളമിങ്. 'ധോണിക്ക് പരിക്കാണെന്ന കഥ എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല. പ്രീ സീസണില്‍ കാല്‍മുട്ടിന്റെ വേദനക്ക് ധോണി ചികിത്സ നടത്തിയിരുന്നു. എന്നാലിപ്പോള്‍ അത്തരമൊരു പ്രശ്‌നം ധോണിക്കില്ല.

15 വര്‍ഷം മുമ്പുണ്ടായിരുന്നതുപോലെയുള്ള വേഗം ഇപ്പോള്‍ ധോണിക്കിവല്ല. എന്നാല്‍ ഇപ്പോഴും മികച്ച നായകനാണവന്‍. ബാറ്റ്‌സ്മാനെന്ന നിലയിലും അവന്‍ ടീമിന്റെ പദ്ധതികളുടെ ഭാഗമാണ്. തന്റെ പരിമിതികളെക്കുറിച്ച് ധോണിക്ക് നന്നായി അറിയാം. കളത്തില്‍ വളരെ മൂല്യമുള്ള താരങ്ങളിലൊരാളാണവന്‍. ഇതിഹാസമാണ് ധോണി'- ഫ്‌ളമിങ് മത്സരശേഷം പറഞ്ഞു. എന്നാല്‍ മത്സരത്തിനിടെയിലെ ധോണിയുടേതെന്ന നിലയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ധോണിക്ക് കാല്‍ വേദനയുണ്ട്.

ms dhoni

ദീപക് ചഹാറിന്റെ വൈഡ് പന്ത് ഡൈവ് ചെയ്ത് തടുക്കാന്‍ ശ്രമിച്ചതിന് ശേഷം ധോണി കാലില്‍ വേദനകൊണ്ട് തൊടുന്നതും മുട്ടില്‍ പിടിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഫിസിയോയെത്തി ധോണിയെ പരിശോധിക്കുന്നതും ഇതില്‍ കാണാനാവും. ഇതില്‍ നിന്നെല്ലാം ധോണിയെ പരിക്ക് ബാധിച്ചിട്ടുണ്ടെന്ന് വ്യക്തം. എന്നാല്‍ അത് മറച്ചുപിടിച്ച് കളിക്കാനാണ് ധോണി ശ്രമിച്ചതെന്ന് പറയാം. തന്റെ അവസാന സീസണിലെ എല്ലാ മത്സരവും കളിക്കാന്‍ ധോണി താല്‍പര്യപ്പെടുന്നുണ്ടെന്നതാണ് വസ്തുത.

അതുകൊണ്ടാണ് പരിക്കിന്റെ പ്രയാസമുണ്ടായിട്ടും ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ധോണി തയ്യാറാവാതിരുന്നത്. എന്നാല്‍ പ്രായം തളര്‍ത്താത്ത പോരാളിയാണ് താനെന്ന് ബാറ്റിങ്ങിലൂടെ ധോണി തെളിയിച്ചു. ഇപ്പോഴും തന്റെ ഫിനിഷിങ് മികവ് നഷ്ടപ്പെട്ടില്ലെന്ന് അടിവരയിടാന്‍ അദ്ദേഹത്തിനായി. ധോണി ആറാം നമ്പറിലെങ്കിലും ബാറ്റ് ചെയ്യാന്‍ ഇറങ്ങണമായിരുന്നുവെന്നാണ് തോല്‍വിക്ക് ശേഷം ആരാധകരുടെ പ്രതികരണം. ധോണിക്ക് ഇപ്പോഴും അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിയും.

ms dhoni

ആറാം നമ്പറില്‍ സിഎസ്‌കെ ശിവം ദുബെയേയും ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയേയുമാണ് കളിപ്പിച്ചത്. ഇതിന് ശേഷമാണ് ധോണി ഇറങ്ങിയത്. അവസാന ഓവറില്‍ ഒരു സിക്‌സും ഫോറും പറത്താന്‍ ധോണിക്ക് സാധിച്ചു. ധോണി നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ സ്‌കോര്‍ബോര്‍ഡ് 200 കടത്താന്‍ സാധിക്കുമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്ന ആരാധകരുമുണ്ട്. ഗുജറാത്തിനെതിരേ മികച്ച ടൈമിങ് ധോണിക്കുണ്ടായിരുന്നു. എന്നാല്‍ ഇത് തുടരാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

ഇത്തവണ പല പ്രശ്‌നങ്ങളും സിഎസ്‌കെയെ അലട്ടുന്നുണ്ട്. അമ്പാട്ടി റായിഡു, ശിവം ദുബെ എന്നിവര്‍ക്ക് ഫോമിലേക്കെത്താനാവാതെ പോയാല്‍ സിഎസ്‌കെയെ അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. ഓപ്പണിങ്ങില്‍ ഡെവോണ്‍ കോണ്‍വേ സ്ഥിരത കാട്ടണം. ബെന്‍ സ്‌റ്റോക്‌സ് ബാറ്റിങ്ങില്‍ കൂടുതല്‍ ശോഭിക്കേണ്ടതും സിഎസ്‌കെയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പറയാം. മുകേഷ് ചൗധരിയുടെ പരിക്ക് സിഎസ്‌കെയെ പിന്നോട്ടടിക്കുന്ന കാര്യമാണ്.

Story first published: Saturday, April 1, 2023, 11:09 [IST]
Other articles published on Apr 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+