അഹമ്മദാബാദ്: ഐപിഎല്ലിന്റെ 16ാം സീസണില്‍ വിജയത്തോടെ തുടങ്ങാമെന്ന് കരുതിയ എംഎസ് ധോണിക്കും സംഘത്തിനും അടിതെറ്റിയിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് അഞ്ച് വിക്കറ്റിനാണ് എംഎസ് ധോണിയും സംഘവും തോറ്റത്. അഹമ്മദാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ സിഎസ്‌കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് നാല് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
സിഎസ്‌കെയുടെ ആദ്യ മത്സരത്തിലെ പ്രകടനം പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്ന് തന്നെ പറയാം. റുതുരാജ് ഗെയ്ക് വാദിന്റെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ കാര്യമായൊന്നും സിഎസ്‌കെയ്ക്ക് അവകാശപ്പെടാനാവില്ല. 50 പന്തില്‍ 92 റണ്‍സ് നേടിയ റുതുരാജിന്റെ പ്രകടനമില്ലായിരുന്നെങ്കില്‍ സിഎസ്‌കെ ഇതിലും വലിയ നാണക്കേട് ഏറ്റുവാങ്ങേണ്ടിവരുമായിരുന്നു. സിഎസ്‌കെയുടെ തോല്‍വിക്ക് പല കാരണങ്ങളും ചൂണ്ടിക്കാട്ടാന്‍ സാധിക്കുമെങ്കിലും ഇപ്പോഴിതാ ടീമിന് പിഴച്ചതെവിടെയെന്ന് നായകന്‍ ധോണി തന്നെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.

ബൗളിങ്ങിലല്ല ബാറ്റിങ്ങിലാണ് പ്രശ്‌നമെന്നാണ് ധോണി അഭിപ്രായപ്പെട്ടത്. മത്സരത്തിന് ശേഷം പ്രതികരിക്കവെയാണ് ധോണിയുടെ പ്രതികരണം. 'പ്രതീക്ഷിച്ച റണ്‍സിലേക്ക് ഞങ്ങള്‍ക്ക് എത്താനായില്ല. 15-20 റണ്‍സ് കുറവാണ് നേടാനായത്. അത്രയും റണ്‍സ് കൂടിയുണ്ടായിരുന്നെങ്കില്‍ മികച്ചതാകുമായിരുന്നു. പിച്ചില്‍ അല്‍പ്പം മഞ്ഞുണ്ടായിരുന്നു. 7.30ന് മത്സരം തുടങ്ങിയതുകൊണ്ട് തന്നെ പന്തിന് നല്ല ചലനം തുടക്കത്തിലേ ഉണ്ടായിരുന്നു. മധ്യ ഓവറുകളില്‍ അല്‍പ്പം കൂടി മികച്ച രീതിയില്‍ ബാറ്റ് ചെയ്യേണ്ടിയിരുന്നു.
യുവതാരങ്ങള്‍ അവസരത്തിനൊത്ത് ഉയരേണ്ടത് അത്യാവശ്യമാണെന്നാണ് കരുതുന്നത്. ഹംഗര്‍ഗേക്കര്‍ മികച്ച പേസില്‍ പന്തെറിഞ്ഞു. മെച്ചപ്പെടുന്ന താരമാണവന്‍. ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെന്നാണ് കരുതുന്നത്. നോബോള്‍ നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് വേണ്ടത്'- ധോണി പറഞ്ഞു. സിഎസ്‌കെയുടെ ബാറ്റിങ് നിര ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. വലിയ പ്രതീക്ഷവെച്ച പല താരങ്ങളും ശരാശരി മാത്രമായി ഒതുങ്ങിയെന്നതാണ് വസ്തുത.

ഡെവോണ്‍ കോണ്‍വേ (1), മോയിന്‍ അലി (23) എന്നിവര്‍ക്ക് ടോപ് ഓഡറില്‍ വലിയ സ്‌കോര്‍ നേടാനായില്ല. സിഎസ്‌കെ മിനി ലേലത്തിലൂടെ ടീമിലെത്തിച്ച ബെന്‍ സ്റ്റോക്‌സിനും കാര്യമായൊന്നും ചെയ്യാനായില്ലെന്നതാണ് വസ്തുത. ആറ് പന്ത് നേരിട്ട് ഏഴ് റണ്‍സാണ് സ്റ്റോക്‌സ് നേടിയത്. സിഎസ്‌കെ സ്‌റ്റോക്‌സിനെ നാലാം നമ്പറില്‍ കളിപ്പിക്കുന്നത് ടീമിന് ഗുണം ചെയ്യില്ല. സ്റ്റോക്‌സ് ഇത്തവണ പന്തെറിയില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
അതുകൊണ്ട് തന്നെ കോണ്‍വേയെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റി സ്റ്റോക്‌സിനെ തല്ലിത്തകര്‍ക്കാന്‍ അനുവദിച്ചാല്‍ സിഎസ്‌കെയ്ക്കത് ഗുണം ചെയ്‌തേക്കും. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണിങ്ങിലേക്ക് സ്റ്റോക്‌സിനെ പരിഗണിച്ചപ്പോള്‍ മികവ് കാട്ടാന്‍ സ്‌റ്റോക്‌സിന് സാധിച്ചിരുന്നു. സ്‌റ്റോക്‌സ് പവര്‍പ്ലേയില്‍ അടിച്ചുതകര്‍ത്താന്‍ സിഎസ്‌കെയ്ക്കത് മുതല്‍ക്കൂട്ടായേക്കും. ഡ്വെയ്ന്‍ ബ്രാവോയുടെ വിടവ് സിഎസ്‌കെയില്‍ തെളിഞ്ഞ് നില്‍ക്കുന്നു.

ഡെത്ത് ഓവറുകളില്‍ ധോണിയുടെ വജ്രായുധമായിരുന്നു ബ്രാവോ. താരത്തിന്റെ സ്ലോ ബോളുകളും കട്ടറുകളും ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്തിയിരുന്നു. അവസാന സീസണോടെ ബ്രാവോ കളം വിട്ടു. ഇത് സിഎസ്‌കെയെ കാര്യമായി ബാധിച്ചിരിക്കുകയാണ്. സ്‌റ്റോക്‌സ് പന്തെറിയാന്‍ തുടങ്ങിയാല്‍ സിഎസ്‌കെയുടെ പല പ്രശ്‌നങ്ങള്‍ക്കും അവസാനം കാണാനാവും. എന്നാല്‍ സ്റ്റോക്‌സ് പന്തെറിയാത്തതിനാല്‍ സിഎസ്‌കെയുടെ ബൗളിങ് നിര ദുര്‍ബലമാവുകയാണ്.
മുകേഷ് ചൗധരിയും പരിക്കേറ്റ് പുറത്തായതോടെ സിഎസ്‌കെയുടെ ബൗളിങ് നിര വളരെ ദുര്‍ബലമായ അവസ്ഥയിലാണ്. ദീപക് ചഹാറിനെ സിഎസ്‌കെയുടെ വിശ്വസ്തനെന്ന് വിളിക്കാനാവില്ല. ഈ സാഹചര്യത്തില്‍ മുന്നോട്ടുള്ള മത്സരങ്ങളിലും സിഎസ്‌കെയ്ക്ക് കടുപ്പമായിരിക്കും. അമ്പാട്ടി റായിഡുവിനെ പ്രായം തളര്‍ത്തുന്നുണ്ട്. താരത്തിന്റെ ഫിറ്റ്‌നസും പ്രശ്‌നം. അതിവേഗം റണ്‍സുയര്‍ത്താന്‍ ഇപ്പോള്‍ റായിഡുവിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത.