അഹമ്മദാബാദ്: ഐപിഎല്‍ 16ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ സിഎസ്‌കെയെ ഗുജറാത്ത് ടൈറ്റന്‍സ് തോല്‍പ്പിച്ചിരിക്കുകയാണ്. അഞ്ച് വിക്കറ്റിനാണ് നാല് തവണ ചാമ്പ്യന്മാരായ എംഎസ് ധോണിയേയും സംഘത്തേയും നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നാല് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെയാണ് ജയം നേടിയത്.
എംഎസ് ധോണിയുടെ അവസാന സീസണെന്ന നിലയില്‍ ആരാധകര്‍ വലിയ പ്രതീക്ഷവെച്ചിരുന്നെങ്കിലും തുടക്കം പാളിയിരിക്കുകയാണ്. സിഎസ്‌കെയുടെ തോല്‍വിക്ക് പല കാരണങ്ങള്‍ പറയാന്‍ സാധിക്കും. ടീം സെലക്ഷനിലെ പാളിച്ചയും സീനിയേഴ്‌സിനെ അമിതമായി വിശ്വസിക്കുന്നതുമെല്ലാം സിഎസ്‌കെയ്ക്ക് തിരിച്ചടിയായ കാരണങ്ങളാണ്. എംഎസ് ധോണിയെന്ന നായകന്റെ മാജിക്ക് ആവര്‍ത്തിക്കാന്‍ സഹായിക്കുന്ന താരങ്ങള്‍ ഇപ്പോള്‍ സിഎസ്‌കെയ്‌ക്കൊപ്പമില്ലെന്നതാണ് വസ്തുത.

ഇപ്പോഴിതാ സിഎസ്‌കെയുടെ തോല്‍വിക്ക് കാരണം എംഎസ് ധോണിയാണെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. സിഎസ്‌കെയുടെ ബാറ്റിങ് ഓഡറിലെ പാളിച്ചയാണ് സ്വാന്‍ ഉയര്‍ത്തിക്കാട്ടിയത്. 'മധ്യനിരയിലെ സിഎസ്‌കെയുടെ ബാറ്റിങ് ഓഡറില്‍ പിഴവുപറ്റി. ഇതാണ് സിഎസ്‌കെയ്ക്ക് മത്സരം നഷ്ടപ്പെടുത്താന്‍ കാരണമായത്. ശിവം ദുബെ ബാറ്റ് ചെയ്ത സ്ഥാനത്ത് ധോണി ബാറ്റിങ്ങിനിറങ്ങണമായിരുന്നു'- സ്വാന്‍ പറഞ്ഞു.
സ്വാന്റെ വിലയിരുത്തല്‍ ഏറെക്കുറെ കൃത്യമായിരുന്നുവെന്ന് പറയാം. തുടക്കം മുതല്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കുന്നതില്‍ സിഎസ്‌കെ പരാജയമായിരുന്നു. 178 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് റുതുരാജ് ഗെയ്ക് വാദിന്റെ ബാറ്റിങ് പ്രകടനമാണ്. 50 പന്തില്‍ നാല് ഫോറും 9 സിക്‌സും ഉള്‍പ്പെടെ 92 റണ്‍സാണ് റുതുരാജ് നേടിയത്. എന്നാല്‍ റുതുരാജിന് മികച്ചൊരു പിന്തുണ നല്‍കാന്‍ സിഎസ്‌കെ നിരയില്‍ ആരുമുണ്ടായില്ലെന്നതാണ് വസ്തുത.

മധ്യനിരയില്‍ സിഎസ്‌കെയുടെ റണ്‍റേറ്റ് വളരെയധികം കുറഞ്ഞുപോയി. ഇത് ടീം ടോട്ടലിനെയും ബാധിച്ചു. റുതുരാജ് ഗെയ്ക് വാദ് പുറത്തായതിന് ശേഷം 4.2 ഓവറില്‍ 30 റണ്‍സ് മാത്രമാണ് സിഎസ്‌കെയ്ക്ക് നേടാനായത്. ശിവം ദുബെ വമ്പനടി കാഴ്ചവെക്കുമെന്ന വിലയിരുത്തലിലാണ് താരത്തെ ആറാം നമ്പറിലിറക്കിയത്. എന്നാല്‍ 18 പന്തില്‍ 19 റണ്‍സ് മാത്രമാണ് താരം നേടിയത്. മികച്ച ടൈമിങ്ങില്ലാതെ പ്രയാസപ്പെട്ട ദുബെയുടെ ഒട്ടുമിക്ക ഷോട്ടുകളും പാളിയെന്ന് പറയാം.
അമ്പാട്ടി റായിഡുവും ശോഭിച്ചില്ല. 12 പന്തില്‍ 12 റണ്‍സ് മാത്രമാണ് റായിഡു നേടിയത്. ബെന്‍ സ്റ്റോക്‌സും (7) ഫ്‌ളോപ്പായതോടെ സിഎസ്‌കെയുടെ റണ്‍റേറ്റ് കുത്തനെ താഴേക്ക് പോയി. എന്നാല്‍ എട്ടാം നമ്പറിലിറങ്ങിയ ധോണി 7 പന്തില്‍ 14 റണ്‍സുമായി പുറത്താവാതെ നിന്നു. ഓരോ സിക്‌സും ഫോറുമാണ് ധോണി നേടിയത്. ധോണി എട്ടാം നമ്പറിലിറങ്ങാതെ ആറാം നമ്പറിലെങ്കിലും ക്രീസിലെത്തണമായിരുന്നു. ഏഴാമനായി എത്തിയ രവീന്ദ്ര ജഡേജക്കും കാര്യമായൊന്നും ചെയ്യാനായില്ല.

സിഎസ്‌കെയുടെ ബാറ്റിങ് ഓഡറില്‍ വലിയ പൊളിച്ചെഴുത്ത് വരുന്ന മത്സരങ്ങളില്‍ അത്യാവശ്യമാണെന്ന് പറയാം. ഡെവോണ്‍ കോണ്‍വേയെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റി തല്‍സ്ഥാനത്തേക്ക് ബെന്‍ സ്റ്റോക്‌സിനെ കൊണ്ടുവരേണ്ടതായുണ്ട്. രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണിങ്ങില്‍ ഗംഭീര പ്രകടനം നടത്തിയിട്ടുള്ള താരമാണ് സ്റ്റോക്‌സ്. അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ധോണി ബാറ്റിങ്ങിനിറങ്ങേണ്ടതാണ്. അമ്പാട്ടി റായിഡുവിനെ മൂന്നാം നമ്പറിലിറക്കി മോയിന്‍ അലിയെ പിന്നോട്ടിറക്കാം.
മോയിന്‍ അലി ഏത് സാഹചര്യത്തിലും വലിയ ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് ഏറെ നാളുകളായ റായിഡുവിന്റെ നിലവിലെ ഫിറ്റ്‌നസും പ്രശ്‌നം. ഈ സാഹചര്യത്തില്‍ റായിഡുവിനെ ബാറ്റിങ്ങില്‍ വലിയ പ്രതീക്ഷവെക്കുന്നതില്‍ കാര്യമില്ല. ധോണിക്ക് മികച്ച ടൈമിങ് ലഭിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ബാറ്റിങ്ങില്‍ മുകളിലേക്ക് കയറുന്നതാവും നിലവിലെ സാഹചര്യത്തില്‍ സിഎസ്‌കെയ്ക്ക് നന്നാവുക.