ഐപിഎല്ലിന്റെ 16ാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വമ്പന്‍ വീക്ക്‌നെസ് തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണെന്നു മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന കന്നിയങ്കത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് അഞ്ചു വിക്കറ്റിന്റെ വിജയമാണ് കൊയ്തത്.
178 റണ്‍സെന്ന വിന്നിങ് ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും എംഎസ് ധോണിക്കും സംഘത്തിനും അതു പ്രതിരോധിക്കാന്‍ സാധിച്ചില്ല. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 19.2 ഓവറില്‍ ജിടി വിജയറണ്‍സ് കുറിക്കുകയായിരുന്നു. ഇതു മൂന്നാം തവണയാണ് സിഎസ്‌കെയ്‌ക്കെതിരേ ഗുജറാത്ത് വിജയം കൊയ്തത്. കഴിഞ്ഞ സീസണിലെ രണ്ടു പാദങ്ങളിലും വിജയം ജിടിക്കായിരുന്നു.

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു ചെന്നൈയുടെ വമ്പന്‍ വീക്ക്‌നെസിനെക്കുറിച്ച് ചോപ്ര ചൂണ്ടിക്കാട്ടിയത്. ബൗളിങില്‍ ചെന്നൈയുടെ വലിയ ദൗര്‍ബല്യമാണ് ജിടി തുറന്നു കാണിച്ചതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ചെന്നൈയ്‌ക്കൊരു പ്രശ്‌നമുണ്ട്. അവരുടെ ബൗളിങ് പൂര്‍ണമായും തുറന്നുകാണിക്കപ്പെട്ടു. അമ്പാട്ടി റായുഡുവിനെ ഒഴിവാക്കി ഇംപാക്ട് പ്ലെയറായി തുഷാര്‍ ദേശ്പാണ്ഡെയെ ചെന്നൈ ടീമിലേക്കു കൊണ്ടുവന്നു. പക്ഷെ എന്നിട്ടും അഞ്ചു ബൗളര്‍മാര്‍ മാത്രമേ അവരുടെ ടീമിലുണ്ടായുള്ളൂ. രവീന്ദ്ര ജഡേജ, മിച്ചെല്‍ സാന്റ്‌നര്‍, തുഷാര്‍ ദേശ്പാണ്ഡെ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, ദീപക് ചാഹര്‍ എന്നിവരായിരുന്നു ഇവരെന്നും ചോപ്ര വിലയിരുത്തി.
ചെന്നൈയുടെ ബൗളിങ് തീര്‍ച്ചയായും മികച്ചതായിട്ടല്ല കാണപ്പെടുന്നത്. ബൗളിങ് തന്നെയാണ് ചെന്നൈയുടെ പ്രശ്‌നം. ഇംപാക്ട് പ്ലെയറുള്ളപ്പോള്‍ നിങ്ങള്‍ക്കു ആറാമത്തെ ബൗളിങ് ഓപ്ഷനുമുണ്ടായിരിക്കണം. പക്ഷെ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ചെന്നൈയ്ക്കു ആറാമത്തെ ബൗളിങ് ഓപ്ഷന്‍ ഇല്ലായിരുന്നു. ഇതു ഒട്ടും നല്ല കാര്യമല്ലെന്നും ആകാശ് ചോപ്ര വിമര്‍ശിച്ചു.
ബെന്‍ സ്റ്റോക്‌സ് ബൗളിങില്‍ അത്ര ഫിറ്റായിരുന്നില്ലെങ്കിലും മോയിന്‍ അലി, ശിവം ദുബെ എന്നിവര്‍ ബൗളിങ് ഓപ്ഷനുകളായി എംഎസ് ധോണിക്കുണ്ടായിരുന്നു. പക്ഷെ ഈ ഓപ്ഷനുകള്‍ അദ്ദേഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. അതു വിപരീത ഫലമുണ്ടാക്കുകയും ചെയ്തു. തുഷാര്‍ ദേശ്പാണ്ഡെ 3.2 ഓവറില്‍ വിട്ടുനല്‍കിയത് 51 റണ്‍സായിരുന്നു.

റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ ചെന്നൈയ്‌ക്കെതിരേ വളരെ അനായാസ വിജയത്തിലേക്കായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നീങ്ങിയതെന്നു ആകാശ് ചോപ്ര വിലയിരുത്തി. വൃധിമാന്‍ സാഹ റോക്കറ്റ് പോലെയായിരുന്നു ജിടിക്കായി തുടങ്ങിയത്. അദ്ദേഹം പുറത്തായ ശേഷം പെട്ടെന്നു ശുഭ്മന്‍ ഗില്‍ ഈ റോള്‍ ഏറ്റെടുക്കുകയായിരുന്നു. അവന്‍ ഫിഫ്റ്റി നേടുകയും ചെയ്തു. സായ് സുദര്‍ശനും വളരെ നന്നായി കളിച്ചിരുന്നു. ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും പുറത്താവുന്നതു വരെ എല്ലാം നല്ല രീതിയാണ് മുന്നോട്ടു പോയതെന്നും ചോപ്ര വിലയിരുത്തി.
അതിനു ശേഷമാണ് വിജയ് ശങ്കര്‍ ക്രീസിലേക്കു വന്നത്. അവന്‍ നന്നായി കളിച്ചു. പക്ഷെ വിജയ് പുറത്തായതിനു ശേഷം മല്‍സരം നിന്നു പോയതു പോലെയാണ് കാണപ്പെട്ടത്. എങ്ങനെയാണ് ഇതു സംഭവിച്ചത്? അതാണ് ഈ ടീമിന്റെ (ഗുജറാത്ത് ടൈറ്റന്‍സ്) കരുത്ത്. പരാജയപ്പെട്ട മല്‍സരങ്ങള്‍ പോലും അവര്‍ വിജയിക്കും, കൂടാതെ പുതിയ ഹീറോ വരികയും ചെയ്യും. ഈ കളിയില്‍ റാഷിദ് ഖാന്‍ വരികയും ഓരോ സിക്‌സറും ഫോറുമടിക്കുകയും ചെയ്തു. അവസാനം രാഹുല്‍ തെവാത്തിയയും ഓരോ സിക്‌സറും ഫോറുമടിച്ചതോടെ മല്‍സരം കഴിഞ്ഞുവെന്നും ആകാശ് ചോപ്ര വിലയിരുത്തി.
ശുഭ്മന്‍ ഗില്ലിന്റെ ഫിഫ്റ്റിയാണ് ചെന്നൈയ്‌ക്കെതിരേ ഗുജറാത്തിന്റെ വിജയത്തിനു അടിത്തറയിട്ടത്. 36 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറുമടക്കം 63 റണ്‍സോടെ താരം ടീമിന്റെ ടോപ്‌സ്‌കോററാവുകയായിരുന്നു. നേരത്തേ റുതുരാജ് ഗെയ്ക്വാദിന്റെ (92) തീപ്പൊരി പ്രകടനമാണ് ചെന്നൈയെ 178ലെത്തിച്ചത്. 50 ബോളില്‍ ഒമ്പതു സിക്‌സറും നാലു ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.