ഈ 41ാം വയസ്സിലും തന്നെക്കഴിഞ്ഞേ മറ്റൊരു ഫിനിഷറുള്ളൂവെന്നു ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ മറ്റൊരു മികച്ച പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസ നായകന്‍ എംഎസ് ധോണി. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഉദ്ഘാടന മല്‍സരത്തിലായിരുന്നു അദ്ദേഹം ഫിനിഷിങില്‍ മിന്നിച്ചത്.
എട്ടാം നമ്പറില്‍ ഇറങ്ങിയ ധോണി ഏഴു ബോളില്‍ പുറത്താവാതെ 14 റണ്‍സെടുക്കുകയായിരുന്നു. ഓരോ ഫോറും സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ആദ്യത്തെ രണ്ടു ബോളില്‍ രണ്ടു റണ്‍സ് മാത്രമായിരുന്നു ധോണി നേടിയത്.

എന്നാല്‍ അയര്‍ലാന്‍ഡ് യുവതാരം ജോഷ്വ ലിറ്റില്‍ എറിഞ്ഞ 20ാം ഓവറില്‍ ധോണി ടോപ് ഗിയറിലേക്കു കയറി. ധോണി, ധോണിയെന്നു ആര്‍പ്പുവിളിച്ച സ്റ്റേഡിയത്തിലെ കാണികളെ ആവേശം കൊള്ളിക്കുന്ന ബാറ്റിങായിരുന്നു അദ്ദേഹം പിന്നീട് പുറത്തെടുത്തത്. മൂന്നാമത്തെ ബോളില്‍ ധോണിയുടെ ട്രേഡ് മാര്‍ക്ക് സിക്‌സര്‍ കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ചു. ഡീപ്പ് സ്‌ക്വയര്‍ ലെഗിനു മുകളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പുള്‍ ഷോട്ട് മിന്നല്‍ വേഗതയില്‍ സിക്‌സറിലേക്കു പറന്നത്.
ധോണിക്കു അതുകൊണ്ടു മതിയായില്ല. തൊട്ടടുത്ത ബോള്‍ അദ്ദേഹം ബൗണ്ടറിയിലേക്കു പായിച്ചു. സ്‌ക്വയര്‍ ലെഗിനു മുകളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഷോട്ട്. അതു തടയാനുള്ള ശേഷി ഒരു ഫീല്‍ഡര്‍ക്കുമില്ലായിരുന്നു. പക്ഷെ അടുത്ത ബോളില്‍ ധോണിക്കു റണ്ണൊന്നും ലഭിച്ചില്ല. അവസാന ബോളില്‍ നേടിയത് സിംഗിളും. എങ്കിലും ടീമിനെ ഏഴു വിക്കറ്റിനു 178 റണ്‍സിലെത്തിക്കാന്‍ ധോണിക്കു കഴിഞ്ഞു.
ഈ മല്‍സരത്തില്‍ നേടിയ ഏക സിക്‌സറോടെ വമ്പനൊരു നേട്ടം ധോണിയെ തേടിയെത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സിയില്‍ 200 സിക്‌സറുകളെന്ന നാഴികക്കല്ലാണ് താരം പിന്നിട്ടത്. ചെന്നൈയ്ക്കു വേണ്ടി 200 സിക്‌സറുകളിച്ച ആദ്യത്തെ താരമായും ഇതോടെ ധോണി മാറിയിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരു ടീമിനായി 200 സിക്‌സറുകളെന്ന നേട്ടം പൂര്‍ത്തിയാക്കിയ അഞ്ചാമത്തെ താരം കൂടിയാണ് ധോണി. ഈ ലിസ്റ്റില്‍ ഓള്‍ടൈം റെക്കോര്‍ഡ് യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനു അവകാശപ്പെട്ടതാണ്.

മുന്‍ ടീം റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഗെയ്ല്‍ അടിച്ചുകൂട്ടിയിരിക്കുന്നത് 239 സിക്‌സറുകളാണ്. രണ്ടാം സ്ഥാനത്തു സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനായി തന്നെ 238 സിക്‌സറുകളടിച്ചാണ് അദ്ദേഹം രണ്ടാംസ്ഥാനത്തുള്ളത്. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിനാണ് മൂന്നാംസ്ഥാനം. മുംബൈ ഇന്ത്യന്‍സിനായി അദ്ദേഹത്തിന്റെ നസമ്പാദ്യം 223 സിക്‌സറുകളാണ്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി 218 സിക്‌സറുകളടിച്ച വിരാട് കോലി നാലാമതും നില്‍ക്കുന്നു.
ഐപിഎല്ലിലെ ഏറ്റവും നിര്‍ണായക ഓവറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന 20ാമത്തെ ഓവറില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ചിരിക്കുന്നത് എംഎസ് ധോണിയാണ്. 20ാമത്തെ ഓവറില്‍ മാത്രം അദ്ദേഹം വാരിക്കൂട്ടിയത് 53 സിക്‌സറുകളാണ്. 33 സിക്‌സറുകളോടെ കരെണ്‍ പൊള്ളാര്‍ഡ് രണ്ടാംസ്ഥാനത്തുമുണ്ട്. കൂടാതെ ഐപിഎല്ലില്‍ 16 മുതല്‍ 20 വരെയുള്ള ഓവറുകളില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ചതും ധോണി തന്നെ. 174 സിക്‌സറുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. കരെണ്‍ പൊള്ളാര്‍ഡ് (144), എബി ഡിവില്ലിയേഴ്‌സ് (140) എന്നിവരാണ് 100നു മുകളില്‍ സിക്‌സറുകളുള്ള മറ്റുള്ളവര്‍.
അതേസമയം, ജിടിക്കെതിരായ മല്‍സരത്തില്‍ ചെന്നൈയ്ക്കു വിജയത്തോടെ തുടങ്ങാനായില്ല. അവസാന ഓവറിലേക്കു നീണ്ട ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈയെ ഗുജറാത്ത് അഞ്ചു വിക്കറ്റിനു തകര്‍ത്തുവിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈയ്ക്കു ഏഴു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടാനായത്. മറുപടിയില്‍ നാലു ബോളുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനു ജിടി വിജയത്തിലെത്തുകയും ചെയ്തു.