ടെസ്റ്റ് സ്‌പെഷ്യലിസ്റ്റെന്ന ലേബലില്‍ നിന്നും പുറത്തു കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര. ഇതിനു അദ്ദേഹത്തിനു ലഭിച്ച ഏറ്റവും മികച്ച അവസരമാണ് ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണ്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയാണ് പുതിയ സീസണില്‍ പുജാരയിറങ്ങുക. കഴിഞ്ഞ ലേലത്തില്‍ പുജാരയെ സിഎസ്‌കെ വാങ്ങിയപ്പോള്‍ എല്ലാവരും നെറ്റി ചുളിച്ചിരുന്നു. തന്നെ സംശയിക്കുകയും പരിഹസിക്കുകയും ചെയ്തവര്‍ക്കു കളിക്കളത്തില്‍ മറുപടി നല്‍കാനാണ് അദ്ദേഹത്തിന്റെ ശ്രമം.

സിഎസ്‌കെ ടീമിന്റെ നെറ്റ് സെഷനില്‍ തുടര്‍ച്ചയായി അനായാസം സിക്‌സറുകള്‍ പറത്തുന്ന പുജാരയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ വൈറലാവുകയാണ്. ചടുലമായ താളത്തില്‍ പല ആംഗിളുകളിലും പുജാര സിക്‌സര്‍ പായിക്കുന്നത് ഈ വീഡിയോയില്‍ കാണാം. ടെസ്റ്റില്‍ മാത്രം കണ്ടു പരിചയമുള്ള പുജാര തന്നെയാണോ ഇതെന്ന സംശയമാണ് പലരും ഇപ്പോള്‍ പ്രകടിപ്പിച്ചിരിക്കുന്നത്.
2014നു ശേഷം ഇതാദ്യമായാണ് പുജാകയ്ക്കു ഐപിഎല്ലില്‍ കളിക്കാന്‍ ഇത്തവണ അവസരം ലഭിക്കുന്നത്. മുന്‍ സീസണുകളിലും അദ്ദേഹത്തില്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാറുണ്ടായിരുന്നെങ്കിലും ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ ധൈര്യം കാണിചച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കു പുജാരയെ സിഎസ്‌കെ സ്വന്തമാക്കുകയായിരുന്നു. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം മുംബൈയില്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം.
പുജാര നെറ്റ് സെഷനില്‍ സിക്‌സറുകള്‍ നേടുന്ന വീഡിയോ കാണാം
പ്രതിരോധശൈലിയുടെ വക്താവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന പുജാര ഐപിഎല്‍ ആവശ്യപ്പെടുന്ന ആക്രമണോത്സുക ശൈലിയിലേക്കു മാറാന്‍ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ ബോള്‍ ഗ്രൗണ്ടിനു പുറത്തേക്കു അടിച്ചുപറത്തുകയെന്നതാണ് ഏറ്റവും പ്രധാനം. ഇതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ താന്‍ നടത്തുന്നതെന്നും അടുത്തിടെ പുജാര പറഞ്ഞിരുന്നു.

പഞ്ചാബ് കിങ്‌സിനു (കിങ്‌സ് ഇലവന്‍ പഞ്ചാബ്) വേണ്ടിനാണ് 33 കാരനായ പുജാര നേരത്തേ ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. 2014ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ മുംബൈയിലെ വാംഖഡെയായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ മല്‍സരം. ഐപിഎല്‍ കരിയറെടുത്താല്‍ 30 മല്‍സരങ്ങളില്‍ നിന്നും പുജാരയ്ക്കു നേടാനായത് 390 റണ്‍സ് മാത്രമാണ്.
നിശ്ചിത ഓവര്‍ ക്രിക്കറ്റിലും തനിക്കു മികച്ച പ്രകടനം നടത്താന്‍ ആഗ്രഹമുണ്ടെന്നും അവസരം ലഭിച്ചാല്‍ ഇതിനു കഴിയുമെന്നും പല തവണ തുറന്നു പറഞ്ഞിട്ടുള്ള താരമാണ് പുജാര. 2019ലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മിന്നുന്ന പ്രകടനത്തിലൂടെ അദ്ദേഹം എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തിരുന്നു. സെഞ്ച്വറിയടിച്ചാണ് ടി20 ഫോര്‍മാറ്റിലും തനിക്കു പിടിച്ചുനില്‍ക്കാനാവുമെന്ന് പുജാര അന്നു തെളിയിച്ചത്.