ദുബായ്: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ ശനിയാഴ്ച നടക്കാനിരിക്കുന്ന പോരാട്ടത്തിന് തങ്ങള്‍ തയ്യാറെടുത്തെന്നു സൂചന നല്‍കി ചെന്നെ സൂപ്പര്‍ കിങ്‌സ് ടീം. പരിശീലന മല്‍സരത്തില്‍ സിഎസ്‌കെ താരങ്ങള്‍ മിന്നുന്ന പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റന്‍ എംഎസ് ധോണി, ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്‍, അമ്പാട്ടി റായുഡു എന്നിവരെല്ലാം പരിശീലന മല്‍സരത്തില്‍ ബൗളര്‍മാരെ നിലം തൊടാതെ പറപ്പിച്ചു. ഇതിന്റെ വീഡിയോ സിഎസ്‌കെ ടീം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ടീമിലെ കൂട്ട കൊവിഡ് കാരണം മറ്റുള്ള ഏഴു ഫ്രാഞ്ചൈസികളേക്കാള്‍ വൈകിയാണ് ധോണിയും സംഘവും യുഎഇയില്‍ പരിശീലനത്തിന് ഇറങ്ങിയത്. ആദ്യത്തെ ഏഴു ദിവസത്തെ ക്വാറന്റീന്‍ കാലാവധി അവസാനിക്കുന്ന ദിവസമായിരുന്നു സിസ്‌കെയെ ഞെട്ടിച്ചുകൊണ്ട് പരിശോധനാ റിപ്പോര്‍ട്ട് വന്നത്. രണ്ടു താരങ്ങളുള്‍പ്പെടെ 13 പേരുടെ ഫലം പോസിറ്റീവാകുകയായിരുന്നു. പേസര്‍ ദീപക് ചഹര്‍, ബാറ്റ്‌സ്മാന്‍ റുതുരാജ് ഗെയ്ക്വാദ് എന്നുവരായിരുന്നു കൊവിഡ് പിടിപെട്ട താരങ്ങള്‍. ടീമില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ഒരാഴ്ച കൂടി സിഎസ്‌കെ ടീമിന് ക്വാറന്റീനില്‍ തുടരേണ്ടി വന്നു.
സിഎസ്‌കെയുടെ പരിശീലന മല്‍സരത്തിന്റെ വീഡിയോ കാണാം
അതിനു ശേഷമുള്ള കൊവിഡ് ടെസ്റ്റിന്റെ പരിശോധനാ ഫലം നെഗറ്റീവായ ശേഷമാണ് ടീം പരിശീലനത്തിനു ഇറങ്ങിയത്. ചഹര്‍ രോഗമുക്തനായി സിഎസ്‌കെ ടീമിനൊപ്പം ചേര്‍ന്നു കഴിഞ്ഞെങ്കിലും ഗെയ്ക്വാദിന് ഇപ്പോഴും രോഗം ഭേദമായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന കൊവിഡ് ടെസ്റ്റിലും താരത്തിന്റെ പരിശോധനാ ഫലം പോസിറ്റീവായിരുന്നു.
തങ്ങള്‍ യഥാര്‍ഥ താളത്തിലേക്കു മടങ്ങിയെത്തിയെന്നു തെളിയിക്കുന്നതായിരുന്നു പരിശീലന മല്‍സരത്തില്‍ സിഎസ്‌കെ താരങ്ങളുടെ പ്രകടനം. ഫാഫ് ഡുപ്ലെസി, മുരളി വിജയ്, രവീന്ദ്ര ജഡേജ എന്നിവരടക്കമുള്ള താരങ്ങള്‍ ആദ്യ ഇന്നിങ്‌സില്‍ ശര്‍ദ്ദുല്‍ താക്കൂര്‍, പിയൂഷ് ചൗള, മലയാളി പേസര്‍ കെഎം ആസിഫ് എന്നിവര്‍ക്കെതിരേ ബാറ്റ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. രണ്ടാമിന്നിങ്‌സിലായിരുന്നു ധോണി, വാട്‌സന്‍, റായുഡു എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ചഹര്‍ കൊവിഡ് ഭേദമായ ശേഷം സിഎസ്‌കെ ടീമിനൊപ്പം ചേര്‍ന്നത്. പരിശീലന മല്‍സരത്തില്‍ താരവും കളിച്ചിരുന്നു. 19ന് ശനിയാഴ്ച അബുദാബിയിലാണ് സിഎസ്‌കെയും മുംബൈയും തമ്മിലുള്ള കന്നിയങ്കം. കഴിഞ്ഞ സീസണിലെ ഫൈനലിലേറ്റ തോല്‍വിക്കു കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിഎസ്‌കെ ഇറങ്ങുക. അന്നു ഒരു റണ്‍സിന് മുംബൈയെ മറികടന്ന് സിഎസ്‌കെ തങ്ങളുടെ നാലാം കിരീടം സ്വന്തമാക്കിയിരുന്നു.