IPL 2021: സിഎസ്‌കെയ്ക്കു വീക്ക്‌നെസ് ഒരുപാടുണ്ട്, ഇത്തവണയും പ്ലേഓഫിലെത്തില്ല! ഞെട്ടിക്കുന്ന പ്രവചനം

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയത് ചെന്നൈ സൂപ്പര്‍ കിങ്‌സെന്ന അതികായന്‍മാരുടെ വീഴ്ചയായിരുന്നു. അതുവരെ കളിച്ച സീസണുകളിലെല്ലാം പ്ലേഓഫിലെത്തിയ ഏക ടീമെന്ന റെക്കോര്‍ഡിന് അവകാശികള്‍ കൂടിയായ സിഎസ്‌കെയ്ക്കു 2020ല്‍ ഇതു കൈവിടേണ്ടി വന്നു. ചരിത്രത്തില്‍ ആദ്യമായി എംഎസ് ധോണിയുടെ ടീം പ്ലേഓഫ് കാണാതെ പുറത്തായ സീസണായി 2020 മാറിയിരുന്നു. സിഎസ്‌കെയ്ക്കു ഇങ്ങനെയൊരു പതനം കഴിഞ്ഞ സീസണിലുണ്ടാവുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. എട്ടു ടീമുകള്‍ മാറ്റുരച്ച ലീഗില്‍ ഏഴാംസ്ഥാനത്തായിരുന്നു സിഎസ്‌കെ ഫിനിഷ് ചെയ്തത്. ആദ്യം പ്ലേഓഫിലെത്താന്‍ പുറത്താതയും അവര്‍ തന്നെയായിരുന്നു.
പുതിയ സീസണില്‍ മികച്ചൊരു തിരിച്ചുവരവ് ലക്ഷ്യമിടുകയാണ് സിഎസ്‌കെ. എന്നാല്‍ ഇത്തവണയും അവര്‍ക്കു പ്ലേഓഫിലെത്താന്‍ കഴിയില്ലെന്ന പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര.

സിഎസ്‌കെയ്ക്കു ഇത്തവണയും പ്രതീക്ഷവേണ്ട
യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സിഎസ്‌കെയ്ക്കു ഇത്തവണയും പ്ലേഓഫ് പ്രതീക്ഷ വേണ്ടെന്നു ചോപ്ര അഭിപ്രായപ്പെട്ടത്. ചെന്നൈ സൂപ്പര്‍കിങ്‌സ് പോയിന്റ് പട്ടികയില്‍ മധ്യത്തില്‍ ഫിനിഷ് ചെയ്യാന്‍ സാധ്യതയുള്ള ടീമായിട്ടാണ് എനിക്കു തോന്നുന്നത്. ഇത്തവണയും അവര്‍ പ്ലേഓഫിലെത്താതെ ഐപിഎല്ലില്‍ നിന്നും പുറത്താവുകയാണെങ്കില്‍ ഞാന്‍ ആശ്ചര്യപ്പെടില്ല. സീസണിനു മുമ്പ് മെഗാ ലേലം സിഎസ്‌കെയ്ക്കു ആവശ്യമായിരുന്നു. പക്ഷെ അവര്‍ക്കു അതു ലഭിച്ചില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

വമ്പനടിക്കാരും മികച്ച പേസര്‍മാരുമില്ല
പുതിയ സീസണില്‍ സിഎസ്‌കെയുടെ ആദ്യത്തെ അഞ്ചു മല്‍സരങ്ങള്‍ മുംബൈയിലും തുടര്‍ന്നുള്ള നാലു മല്‍സരങ്ങള്‍ ഡല്‍ഹിയിലുമാണ്. ഈ രണ്ടു വേദികളിലും ആദ്യത്തെ ഒമ്പത് മല്‍സരങ്ങള്‍ നടക്കുന്നത് സിഎസ്‌കെയ്ക്കു വലിയ തിരിച്ചടിയാണ്. മുംബൈയില്‍ നിങ്ങള്‍ക്കു അതിവേഗം റണ്‍സ് എടുത്തേ തീരൂ. കൂടാതെ മിന്നല്‍ വേഗത്തില്‍ ബൗള്‍ ചെയ്യുന്ന ഫാസ്റ്റ് ബൗളര്‍മാരും ടീമിനു വേണം. ഈ രണ്ടു കാര്യങ്ങളും നിലവിലെ സിഎസ്‌കെ ടീമിന് ഇല്ലെന്നും ചോപ്ര നിരീക്ഷിച്ചു.

ഹേസല്‍വുഡ് ഏക പേസര്‍
സിഎസ്‌കെ ടീമില്‍ അതിവേഗ ഫാസ്റ്റ് ബൗളറെന്നു വിശേഷിപ്പിക്കാവുന്ന ഒരേയൊരു താരം ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡായിരുന്നു. പക്ഷെ പുതിയ സീസണില്‍ നിന്നും അദ്ദേഹം പിന്‍മാറിയിരിക്കുകയാണ്. ശര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ചഹര്‍, സാം കറെന്‍, ഡ്വയ്ന്‍ ബ്രാവോ എന്നിവരാണ് സിഎസ്‌കെയിലെ മറ്റു പേസര്‍മാര്‍. ഇവരൊന്നും അത്ര വേഗത്തില്‍ ബൗള്‍ ചെയ്യുന്നവരല്ല. ബാറ്റിങിലേക്കു വന്നാല്‍ അവിടെയും അതിവേഗം റണ്‍സെടുക്കാന്‍ ശേഷിയുള്ളവര്‍ സിഎസ്‌കെയില്‍ ഇല്ല. ഇതു കാരണം 180 റണ്‍സെടുക്കാന്‍ പോലും സിഎസ്‌കെ പാടുപെടുമെന്നും ചോപ്ര വിലയിരുത്തി.

പലരും ടീമിനു പുറത്ത്
സിഎസ്‌കെയുടെ മറ്റൊരു പ്രധാന വീക്ക്‌നെസായി ചോപ്ര ചൂണ്ടിക്കാട്ടുന്നത് ടീമിലെ മിക്ക കളിക്കാരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇപ്പോള്‍ സജീവമല്ലാത്തവരാണെന്നതാണ്. നായകന്‍ ധോണി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു ഇവരൊന്നും ഇന്ത്യക്കു വേണ്ടി കളിക്കുന്നവരല്ല. രവീന്ദ്ര ജഡേജയാവട്ടെ പരിക്കു കാരണം കുറച്ചു കാലമായി ടീമിനു പുറത്തുമാണ്. ദീപക് ചഹറിന് ഇപ്പോള്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനമില്ലെന്നും ചോപ്ര വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications