IPL 2020: ഒന്നും നടക്കില്ല, കളിയാക്കിയവരുടെ വായടപ്പിച്ച് ധോണി! വീഡിയോ കാണാം
മുംബൈ: ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ പ്രകടനത്തിനു വേണ്ടിയാണ്. വലിയ ഇടവേളയ്ക്കുശേഷം ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയാണ് ഐപിഎല്‍.
കഴിഞ്ഞ സീസണില്‍ സിഎസ്‌കെയെ ഐപിഎല്ലില്‍ റണ്ണറപ്പാക്കിയ ധോണി ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. അതിനിടെ ധോണിയുള്‍പ്പെട്ട ഐപിഎല്ലിലെ പുതിയ പരസ്യ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്.

സംശയിച്ചവര്‍ക്ക് മറുപടി
വിമാനയാത്രയ്ക്കിടെ ഐപിഎല്ലുമായി ബന്ധപ്പെട്ട് ഒരു ധോണി ആരാധകന്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോ ദമ്പതികള്‍ മൊബൈല്‍ ഫോണില്‍ കാണുകയും തുടര്‍ന്ന് പൊട്ടിച്ചിരിക്കുകയും ചെയ്യുന്നതാണ് പരസ്യം. എന്തൊക്കയോ വിളിച്ചു പറയുന്നു, ഒന്നും നടക്കാന്‍ പോവുന്നില്ലെന്നു പറഞ്ഞ് ഭര്‍ത്താവ് ചിരിക്കുമ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ധോണിയെ കണ്ട് സ്തബ്ധനാവുന്നു.

വല്ലാത്ത ബഹളം തന്നെ
വല്ലാത്ത ബഹളം തന്നെയെന്ന് ചെറുചിരിയോടെ പറഞ്ഞ ധോണി ദമ്പതികളുടെ പക്കലുള്ള ഹെഡ് സെറ്റ് വാങ്ങിച്ച് സ്വസ്ഥമായി ഇരിക്കുകയും ചെയ്യുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും വിമാനവും ഹെലികോപ്റ്ററും, രണ്ടും ടേക്ക് ഓഫ് ചെയ്യുമെന്നുമെന്നുള്ള അനൗണ്‍സ്‌മെന്റോടെയാണ് വീഡിയോ അവസാനിക്കുന്നത്. ധോണിയുടെ മാസ്റ്റര്‍പീസായ ഹെലികോപ്റ്റര്‍ ഷോട്ടിനെക്കുറിച്ച് കൂടി പരാമര്‍ശിക്കുന്നതാണ് അവസാനത്തെ അനൗണ്‍സ്‌മെന്റ്.

ധോണിയുടെ മടങ്ങിവരവ്
ധോണിക്കു ഐപിഎല്ലില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കുമോയെന്നു സംശയിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഈ വീഡിയോ.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലാണ് ധോണി അവസാനമായി കളിച്ചത്. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്താവുകയായിരുന്നു. ഇതിനു ശേഷം ദേശീയ ടീമില്‍ നിന്നു മാത്രമല്ല ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി വിട്ടുനില്‍ക്കുകയായിരുന്നു ധോണി.

ഐപിഎല്ലിലെ പ്രകടനം
ദേശീയ ടീമിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് തീരുമാനിക്കുന്നതില്‍ അടുത്ത ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമായി മാറും. ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ തന്നെ ഇക്കാര്യം സൂചിപ്പിച്ചു കഴിഞ്ഞു.
ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലേക്കു ധോണിയെ പരിഗണിച്ചേക്കുമെന്ന് നേരത്തേ കോച്ച് രവി ശാസ്ത്രിയും സൂചിപ്പിച്ചിരുന്നു.
വീഡിയോ കാണാം
ഐപിഎല്ലിന്റെ 13ാം സീസണിനു മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍ പുറത്തിറക്കിയ പുതിയ പരസ്യ വീഡിയോ കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications