റാഞ്ചി: ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയും ടീമംഗവും മോനു കുമാറും കൊവിഡ്-19 ടെസ്റ്റിനു വിധേയരായി. പരിശോധനയ്ക്കു വേണ്ടി ഇരുവരും റാഞ്ചിയില്‍ വച്ചാണ് സാംപിളുകള്‍ നല്‍കിയത്. റാഞ്ചിയിലെ ധോണിയുടെ ഫാംഹൗസില്‍ വച്ചായിരുന്നു പരിശോധനയ്ക്കു വേണ്ടി സാംപിളുകള്‍ സ്വീകരിച്ചതെന്നു മൈക്രോ പ്രാക്സിസ് ലാബിന്റെ സീനിയര്‍ എക്സിക്യൂട്ടീവ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് ധോണിയുടെയും സഹതാരമായ മോനു കുമാറിന്റെയും സാംപിളുകളെടുക്കാന്‍ ഞങ്ങളുടെ ലാബ് സ്റ്റാറിലെ ഒരു സംഘം ഫാംഹൗസില്‍ പോയത്. ശേഖരിച്ച സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവയുടെ ഫലം ഇന്ന് (വ്യാഴം) ലഭിക്കുമെന്നും സീനിയര്‍ എക്സിക്യൂട്ടീവ് അറിയിച്ചു.
പരിശോധനാ ഫലം നെഗറ്റീവ് ആയാല്‍ വെള്ളിയാഴ്ച ധോണിയും മോനു കുമാറും സിഎസ്കെയുടെ പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ ചെന്നൈയിലേക്കു തിരിക്കും. ആഗസ്റ്റ് 16 മുതല്‍ 20 വരെ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു വേണ്ടി മാത്രം പരിശീലന ക്യാംപ് നടത്താനാണ് സിഎസ്കെ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 22ന് സിഎസ്കെ സംഘം ഐപിഎല്ലിനായി യുഎഇയിലേക്കു വിമാനം കയറുമെന്നാണ് സൂചന.
ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ രണ്ടു കൊവിഡ് കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. കിങ്സ് ഇലവന് പഞ്ചാബിന്റെ മധ്യനിര ബാറ്റ്സ്മാന് കരുണ്‍ നായര്‍ക്കായിരുന്നു രണ്ടാഴ്ച മുമ്പ് കൊവിഡ് പിടിപെട്ടത്. എന്നാല്‍ താന്‍ കൊവിഡില്‍ മുക്തനായി കഴിഞ്ഞ ദിവസം അദ്ദേഹം അറിയിച്ചു കഴിഞ്ഞു. ബുധനാഴ്ച രാജസ്ഥാന് റോയല്‍സിന്റെ ഫീല്‍ഡിങ് കോച്ച് ദിഷാന്ത് യാഗ്നിക്കിന്റെയും കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായിരുന്നു. അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.
ബിസിസിഐയുടെ പെരുമാറ്റച്ചട്ടമനുസരിച്ച് യുഎഇയിലേക്കു തിരിക്കുന്നതിന് മുമ്പ് ഓരോ ഫ്രാഞ്ചൈസിയിലെയും താരങ്ങള്‍ രണ്ടു കൊവിഡ് ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട്. ഇവ രണ്ടും നെഗറ്റീവായാല്‍ മാത്രമേ ടീമിനൊപ്പം യുഎഇയിലേക്കു പുറപ്പെടാന്‍ അനുമതിയുണ്ടാവൂ. പരിശോധനാ ഫലം പോസിറ്റീവാണെങ്കില്‍ രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയേണ്ടിവരും. അതിനു ശേഷം രണ്ടു നടത്തുന്ന രണ്ടു കകൊവിഡ് ടെസ്റ്റുകളിലും നെഗറ്റീവായാല്‍ താരത്തിന് യുഎഇയില്‍ ടീമിനൊപ്പം ചേരാം.