ജൊഹാന്നസ്ബര്‍ഗ്: ലോക ക്രിക്കറ്റിനെ ഇളക്കിമറിച്ച ഐപിഎല്ലിനെ കടത്തിവെട്ടുന്ന ഒരു ടൂര്‍ണമെന്റിന് ദക്ഷിണാഫ്രിക്ക തയ്യാറെടുക്കുന്നു. ഐപിഎല്‍ മാതൃകയില്‍ ലോകോത്തര ട്വന്റി20 ചാംപ്യന്‍ഷിപ്പിന് തുടക്കം കുറിക്കാന്‍ ക്രിക്കറ്റ് സൗത്താഫ്രിക്ക (സിഎസ്എ) തീരുമാനിച്ചു. മുഖ്യ സ്‌പോണ്‍സര്‍മാരായ സൂപ്പര്‍സ്‌പോര്‍ട്ട് പച്ചക്കൊടി കാണിച്ചതോടെയാണ് ടൂര്‍ണമെന്റുമായി മുന്നോട്ടുപോവാന്‍ ദക്ഷിണാഫ്രിക്ക തയ്യാറായത്.

ഈ ചാംപ്യന്‍ഷിപ്പിന്റെ പേര് ഇനിയും തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷം തന്നെ ചാംപ്യന്‍ഷിപ്പ് നടത്താനാണ് ദക്ഷിണാഫ്രിക്കയുടെ നീക്കം. നവംബര്‍- ഡിസംബര്‍ മാസങ്ങളിലായിട്ടായിരിക്കും ടൂര്‍ണമെന്റ് അരങ്ങേറുക.
നേരത്തേ ഗ്ലോബല്‍ ട്വന്റി20 ലീഗെന്ന പേരില്‍ ടൂര്‍ണമെന്റ് നടത്താന്‍ ദക്ഷിണാഫ്രിക്ക ആലോചിച്ചിരുന്നെങ്കിലും വിവാദങ്ങളെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇതിനു പകരമാണ് പുതിയ ചാംപ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. ആഭ്യന്തര താരങ്ങള്‍ക്കും ദേശീയ ടീമില്‍ ഇപ്പോഴുള്ളവര്‍ക്കും മികച്ച അവസരമായിരിക്കും ഈ ടൂര്‍ണമെന്റെന്നു ക്രിക്കറ്റ് സൗത്താഫ്രിക്ക സിഇഒ തബാങ് മൊറോവെ അറിയിച്ചു.