ടി10, ടി20 ഫോര്‍മാറ്റുകളുടെ വരവോടെ ലോകത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ഗെയിമുകളിലൊന്നായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ് ക്രിക്കറ്റ്. മറ്റു പല ഗെയിമുകളെയും അപേക്ഷിച്ച് നിയമങ്ങള്‍ വളരെ സിംപിളാണെന്നതു ക്രിക്കറ്റിനെ കൂടുതല്‍ ജനപ്രിയമാക്കി മാറ്റുന്നു. ക്രിക്കറ്റില്‍ ഏതൊരു ബാറ്ററെ സംബന്ധിച്ചും ഏറ്റവും നാണക്കേടുണ്ടാക്കുന്ന കാര്യം പൂജ്യത്തിനു പുറത്താവുകയെന്നതാണ്.
ഒരു ടീമിനെ പ്രതിനിധീകരിച്ച് ഇറങ്ങമ്പോൾ അക്കൗണ്ട് തുറക്കാതെ പുറത്താവാന്‍ ഒരു ബാറ്ററും ആഗ്രഹിക്കില്ല. പക്ഷെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ബാറ്റര്‍ക്കു ഇത്തരമൊരു നാണക്കേട് പേറേണ്ടി വരികയും ചെയ്യാറുണ്ട്. ക്രിക്കറ്റിലെ ഡെക്കുകളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടാവും. ഇതില്‍ ഏറ്റവുമധികം കാണപ്പെടാറുള്ളത് ഗോള്‍ഡന്‍ ഡെക്കാണ്.

ഒരു ബാറ്റര്‍ നേരിട്ട ആദ്യത്തെ ബോളില്‍ തന്നെ പുറത്താവുമ്പോഴാണ് അതു ഗോള്‍ഡന്‍ ഡെക്കെന്നു വിളിക്കപ്പെടാറുള്ളത്. പക്ഷെ ഗോള്‍ഡന്‍ ഡെക്ക് കൂടാതെ ക്രിക്കറ്റില്‍ വേറെയും ഏഴു വ്യത്യസ്ത തരത്തിലുള്ള ഡെക്കുകള്‍ കൂടിയുണ്ടെന്നതാണ് രസകരം. ഇവ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.
ഒരു ബാറ്റര്‍ നേരിടുന്ന രണ്ടാമത്തെ ബോളിലാണ് പൂജ്യത്തിനു ഔട്ടാവുന്നതെങ്കില്‍ അതിനെ വിളിക്കാറുള്ളത് സില്‍വര്‍ ഡെക്കെന്നാണ്. എന്നാല്‍ നേരിട്ട ആദ്യത്തെ രണ്ടു ബോളിലും റണ്ണെടുക്കാന്‍ സാധിക്കാതെ ബാറ്റര്‍ മൂന്നാമത്തെ ബോളില്‍ പൂജ്യത്തിനു പുറത്താവുകയാണെങ്കില്‍ അതിനെ വിളിക്കുന്നത് ബ്രോണ്‍സ് ഡെക്കെന്നാണ്.
എന്നാല്‍ ഒരു ബാറ്റര്‍ ഒരു ടെസ്റ്റ് മല്‍സരത്തിലെ രണ്ടിന്നിങ്‌സുകളിലും ഡെക്കായി മടങ്ങുകയാണെങ്കില്‍ അതാണ് കിങ് പെയര്‍. ഇവ കൂടാതെ മറ്റൊരു ഡെക്കാണ് ഡയമണ്ട് ഡെക്ക്. ക്രീസിലെത്തിയ ശേഷം ഒരു ബാറ്റര്‍ക്കു ബോളൊന്നും നേരിടാന്‍ സാധിക്കാതെ പൂജ്യത്തിനു പുറത്താവേണ്ടി വരികയാണെങ്കില്‍ ഇതാണ് ഡയ്മണ്ട് ഡെക്ക്.

സ്‌ട്രൈക്ക് നേരിടും മുമ്പ് നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുള്ള ബാറ്റര്‍ റണ്ണിനായി ഓടവെ റണ്ണൗട്ടാവുമ്പോഴാണ് ഇതു സംഭവിക്കാറുള്ളത്. ക്രിക്കറ്റില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഈ ഡെക്ക് കാണാറുള്ളൂ.
അടുത്തത് പ്ലാറ്റിനം ഡെക്കാണ്. ഒരു ടീമിന്റെ ഇന്നിങ്‌സിലെ ആദ്യത്തെ ബോളില്‍ തന്നെ ബാറ്റര്‍ പൂജ്യത്തിനു പുറത്താവുമ്പോഴാണ് അതു പ്ലാറ്റിനം ഡെക്കായി മാറുന്നത്. ഇവ കൂടാതെ ക്രിക്കറ്റിലെ ഏഴാമത്തെയും അവസാനത്തെയും ഡെക്ക് ലാഫിങ് ഡെക്കാണ്. ഒരു ബാറ്റര്‍ ടീമിന്റെ ഇന്നിങ്‌സിലെ അവസാനത്തെ ബോളിലാണ് പൂജ്യത്തിനു മടങ്ങുന്നതെങ്കില്‍ ഇതു ലാഫിങ് ഡെക്കായി മാറുകയും ചെയ്യും.