Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Copa America 2024: കാനറികളുടെ കണ്ണുനീര്‍, ഷൂട്ടൗട്ടില്‍ വീഴ്ത്തി ഉറുഗ്വേ; ബ്രസീല്‍ പുറത്ത്

കോപ്പാ അമേരിക്കയില്‍ മുത്തമിടാമെന്ന ബ്രസീലിന്റെ മോഹത്തിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനമായിരിക്കുകയാണ്. ഉറുഗ്വേ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനെ തോല്‍പ്പിച്ച് സെമി ടിക്കറ്റെടുക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമും ഗോള്‍രഹിത സമനില വഴങ്ങി. ഷൂട്ടൗട്ടില്‍ ബ്രസീല്‍ രണ്ട് കിക്ക് പാഴാക്കിയതോടെ കാനറികളുടെ സെമി മോഹങ്ങള്‍ തകര്‍ന്നുവീഴുകയായിരുന്നു.

കരുത്തരുടെ പോരാട്ടത്തില്‍ 4-3-3 ഫോര്‍മേഷനിലാണ് ഇരു ടീമും ബൂട്ടണിഞ്ഞത്. ആക്രമണ ഫുട്‌ബോളാണ് ഇരുടീമും പുറത്തെടുത്തത്. ആറാം മിനുട്ടില്‍ ഉറുഗ്വേയുടെ റൊണാള്‍ഡ് അറൗജോയുടെ ലോങ്‌ബോള്‍ ഗോളാകുമെന്ന് തോന്നിച്ചെങ്കിലും ഷോട്ട് ലക്ഷ്യത്തില്‍ നിന്ന് അകന്ന് പോയി. ചെറിയ പാസുകളിലൂടെ ഉറുഗ്വേ തന്ത്രം മെനയുന്നതാണ് കാണാനായത്. 14ാം മിനുട്ടില്‍ ബ്രസീലിന്റെ കോര്‍ണര്‍ കിക്ക്. റാഫിഞ്ഞയുടെ കോര്‍ണര്‍ ബോക്‌സിനകത്തേക്ക് വന്നെങ്കിലും പ്രതിരോധ നിര തടുത്തു.

16ാംമിനുട്ടില്‍ ഉറുഗ്വേയുടെ ഫാക്കുണ്ടോ പെല്ലിസ്ട്രി ബോക്‌സിനകത്തേക്ക് പന്തെത്തിച്ചെങ്കിലും ബ്രസീല്‍ പ്രതിരോധ നിര ഗോള്‍ശ്രമം തടുത്തു. മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഒന്നും ലക്ഷ്യത്തിലേക്കെത്തുന്നില്ല. 28ാം മിനുട്ടില്‍ ബ്രസീലിന്റെ എന്‍ഡ്രിക്ക് ബോക്‌സനകത്തേക്ക് പാസ് നല്‍കിയെങ്കിലും എത്തിപ്പിടിക്കാന്‍ സഹതാരങ്ങള്‍ക്ക് സാധിക്കാതെ പോയി. 35ാം മിനുട്ടില്‍ ബോക്‌സിലേക്ക് ലഭിച്ച ക്രോസില്‍ നിന്ന് ഉറുഗ്വേയുടെ ഡാര്‍വിന്‍ ന്യൂനസിന്റെ ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പോയി.

തൊട്ടടുത്ത മിനുട്ടില്‍ ബ്രസീലിന്റെ മുന്നേറ്റം. റാഫീഞ്ഞ ബോക്‌സിനുള്ളില്‍ നിന്ന് പോസ്റ്റിന്റെ മധ്യത്തിലേക്ക് തൊടുത്ത ഷോട്ട് ഉറുഗ്വേ ഗോളി സെര്‍ജിയോ റോച്ചറ്റ് അനായാസം തടുത്തു. 46ാം മിനുട്ടില്‍ റാഫീഞ്ഞയുടെ മറ്റൊരു ഗോള്‍ശ്രമവും മനോഹരമായി ഗോളി തടുത്തു. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ ഇരു ടീമും ഗോള്‍രഹിതമായിരുന്നു. 52% പന്തടക്കത്തിലും മൂന്നിനെതിരേ നാല് ഗോള്‍ശ്രമവുമായി ബ്രസീല്‍ ആദ്യ പകുതിയില്‍ അല്‍പ്പം മുന്നിട്ട് നിന്നു.

brazil vs uruguay

രണ്ടാം പകുതിയിലും മികച്ച മുന്നേറ്റമാണ് ഇരു ടീമും നടത്തിയത്. 53ാം മിനുട്ടില്‍ റോഡ്രിഗോ മുന്നേറ്റം നടത്തിയെങ്കിലും ഇതും ലക്ഷ്യത്തിലേക്കെത്താതെ പോയി. 53ാം മിനുട്ടില്‍ റീബൗണ്ട് ചെയ്‌തെത്തിയ പന്തില്‍ നിന്ന് ഉറുഗ്വേയുടെ മാക്‌സിമില്ലിയാനോ അറൗജോയുടെ ഷോട്ടിന് കൃത്യതയില്ലാതെ പോയി. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. 58ാം മിനുട്ടിലും അറൗജോയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ കടന്ന് പോയി.

മത്സരം മുക്കാല്‍ ഭാഗം ആകുമ്പോഴും ഇരു ടീമിനും ഗോള്‍നേടാന്‍ സാധിക്കുന്നില്ല. 68ാം മിനുട്ടില്‍ ബ്രസീലിന്റെ ലൂക്കാ പക്വേറ്റ ബോക്‌സിലേക്ക് ലഭിച്ച പാസിനെ പിടിച്ചെടുത്ത് ഷോട്ട് തൊടുത്തെങ്കിലും ഉറുഗ്വേ പ്രതിരോധം വില്ലനായി മാറി. 74ാം മിനുട്ടില്‍ ഉറുഗ്വേ താരം നഹിതാന്‍ നാന്‍ഡെസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

ഇതോടെ 10 പേരായി ഉറുഗ്വേ ഒതുങ്ങി. 87ാം മിനുട്ടില്‍ ഉറുഗ്വേയുടെ ഫെഡറിക്കോ വാല്‍വെര്‍ഡോയുടെ ഫ്രീകിക്ക് പ്രതിരോധ നിര തടുത്തു. 94ാം മിനുട്ടില്‍ ഗബ്രിയേല്‍ മാര്‍ട്ടിനസ് ബോക്‌സിലേക്ക് ക്രോസ് നല്‍കിയെങ്കിലും പ്രതിരോധ നിര തടുത്തു. നിശ്ചിത സമയത്ത് ഇരു ടീമും ഗോള്‍രഹിത സമനിലയായതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്.

ഉറുഗ്വേയ്ക്കായി ആദ്യ കിക്കെടുത്ത ഫെഡറിക്കോ വാല്‍വെര്‍ഡേ ലക്ഷ്യം കണ്ടു. ബ്രസീലിനായി കിക്കെടുത്ത ഈഡര്‍ മിലിറ്റാവോയ്ക്ക് ലക്ഷ്യം പിഴച്ചു. ഉറുഗ്വേയ്ക്കായി രണ്ടാം കിക്കെടുത്ത റോഡ്രിഗോ ബെന്റാന്‍കൂര്‍ പന്ത് പോസ്റ്റിലാക്കി. മറുപടിയില്‍ ആന്‍ഡ്രിയാസ് പെരെയ്‌റെ ബ്രസീലിനായി വലകുലുക്കി. മൂന്നാം കിക്കെടുത്ത ഗ്ലോറിഗന്‍ ഡി അരാസ്‌ക്യൂറ്റയും ലക്ഷ്യം കണ്ടതോടെ ഉറുഗ്വേയ്ക്ക് ആത്മവിശ്വാസം. ബ്രസീലിനായി കിക്കെടുത്ത ഡഗ്ലസ് ലൂയിസിനും പിഴച്ചു.

നാലാം കിക്കെടുത്ത ഉറുഗ്വേയുടെ ജോസ് മരിയ ഗിമിനസിന്റെ കിക്ക് ബ്രസീല്‍ ഗോളി അലിസന്‍ സേവ് ചെയ്തു. മറുപടിയില്‍ ബ്രസീലിന്റെ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി പന്ത് പോസ്റ്റിലാക്കി. അഞ്ചാം കിക്കെടുത്ത മാവുവല്‍ ഉഗാര്‍ട്ടയും ഉറുഗ്വേയ്ക്കായി ലക്ഷ്യം കണ്ടതോടെ ബ്രസീലിനെ വീഴ്ത്തി ഉറുഗ്വേ സെമിയില്‍.

മറ്റൊരു ക്വാര്‍ട്ടറില്‍ പനാമയെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ച് കൊളംബിയ സെമി ടിക്കറ്റ് നേടി. എട്ടാം മിനുട്ടില്‍ ജോണ്‍ കോര്‍ഡോബയാണ് കൊളംബിയയുടെ അക്കൗണ്ട് തുറന്നത്. 15ാം മിനുട്ടില്‍ ജെയിംസ് റോഡ്രിഗസ് ലീഡുയര്‍ത്തിയപ്പോള്‍ 41ാം മിനുട്ടില്‍ ലൂയിസ് ഡിയാസ് മൂന്നാം ഗോളും അക്കൗണ്ടില്‍ ചേര്‍ത്തു.

ആദ്യപകുതിയില്‍ മൂന്ന് ഗോളിന് കൊളംബിയ മുന്നിലായിരുന്നു. 70ാം മിനുട്ടില്‍ റിച്ചാര്‍ഡ് റിയോസിലൂടെ കൊളംബിയ നാലാം ഗോള്‍ നേടിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ മിഗ്യൂവല്‍ ബോര്‍ജ കൊളംബിയയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

Story first published: Sunday, July 7, 2024, 8:45 [IST]
Other articles published on Jul 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+