മിയാമി: കോപ്പാ അമേരിക്കയിലെ സൂപ്പര്‍ പോരാട്ടത്തില്‍ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് അര്‍ജന്റീന. ലയണല്‍ മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന പെറുവിനെ പറപ്പിക്കുകയായിരുന്നു. 5-3-2 ഫോര്‍മേഷനിലിറങ്ങിയ പെറുവിനെ 4-3-3 ഫോര്‍മേഷനിലാണ് അര്‍ജന്റീന നേരിട്ടത്. തുടക്കം മുതല്‍ ആധിപത്യം കാട്ടാന്‍ അര്‍ജന്റീനക്കായി. 12ാം മിനുട്ടില്‍ അലിജാന്‍ഡ്രോ ഗര്‍ണാച്ചോയുടെ ഷോട്ട് ബോക്‌സിനുള്ളില്‍ പ്രതിരോധ നിര തടുത്തു.
അല്‍പ്പം പരുക്കനായാണ് കളി മുന്നോട്ട് പോയത്. 23ാം മിനുട്ടില്‍ ലൗത്താറോ മാര്‍ട്ടിനെസ് മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും അത് ഓഫ് സൈഡായി. 31ാം മിനുട്ടില്‍ പെറുവിന്റെ പവോളോ ഗുരൈറോ ഹാന്റ്‌ബോളായി. അര്‍ജന്റീന പല തവണ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിക്കാതെ പോയി. 44ാം മിനുട്ടില്‍ അലിജാന്‍ഡ്രോ ഗറാഞ്ചോയ്ക്ക് റീബൗണ്ട് ചെയ്ത് ലഭിച്ച പന്തില്‍ താരം ഷോട്ട് തൊടുത്തെങ്കിലും പന്ത് പോസ്റ്റിന്റെ മുകളിലൂടെ പോയി.

photocredit: https://x.com/Argentina/status/1807259011353293083/photo/3
ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമിനും വലകുലുക്കാന്‍ സാധിക്കാതെ പോയി. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ അര്‍ജന്റീനക്കായി. 47ാം മിനുട്ടില്‍ അര്‍ജന്റീന അക്കൗണ്ട് തുറന്നു. ഏഞ്ചല്‍ ഡി മരിയയുടെ അസിസ്റ്റില്‍ ലൗത്താറോ മാര്‍ട്ടിനെസാണ് വലകുലുക്കിയത്. ലീഡെടുത്തതോടെ കടന്നാക്രമിച്ച് കളിച്ച അര്‍ജന്റീനക്ക് 72ാം മിനുട്ടില്‍ പെനല്‍റ്റി ലഭിച്ചു. പക്ഷെ ലക്ഷ്യത്തിലെത്തിക്കാനായില്ല. ലിയാന്‍ഡ്രോ പരേഡസിന്റെ ഷോട്ട് പിഴച്ചു.
പിന്നീടും അര്‍ജന്റീന ആക്രമണം തുടര്‍ന്നു. ലയണല്‍ മെസിയുടെ അഭാവം ബാധിക്കാത്ത തരത്തില്‍ കടന്നാക്രമിച്ച് കളിക്കാന്‍ അര്‍ജന്റീനക്ക് സാധിച്ചു. 86ാം മിനുട്ടില്‍ ലൗത്താറോ മാര്‍ട്ടിനെസ് വീണ്ടും അര്‍ജന്റീനക്കായി വലകുലുക്കി. ബോക്‌സിലേക്ക് ലഭിച്ച പന്തിനെ മനോഹരമായി ലൗത്താറോ മാര്‍ട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു. അവസാന സമയത്ത് പെറുവിന് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയതോടെ തകര്‍പ്പന്‍ ജയത്തോടെ അര്‍ജന്റീന ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു.
69% പന്തടക്കിവെച്ച അര്‍ജന്റീന 7നെതിരേ 12 ഗോള്‍ശ്രമമാണ് നടത്തിയത്. ഗ്രൂപ്പ് എയില്‍ അര്‍ജന്റീന തലപ്പത്താണ്. മൂന്ന് മത്സരത്തില്‍ നിന്ന് മൂന്നിലും ജയിച്ച അര്‍ജന്റീനക്ക് 9 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള കാനഡക്ക് മൂന്ന് മത്സരത്തില്‍ നിന്ന് 4 പോയിന്റാണുള്ളത്. ചിലിക്ക് മൂന്ന് മത്സരത്തില്‍ നിന്ന് 2 പോയിന്റുള്ളപ്പോള്‍ പെറുവിന് 1 പോയിന്റ് മാത്രമാണുള്ളത്. ഇത്തവണ ഗംഭീര പ്രകടനം നടത്തുന്ന അര്‍ജന്റീന കിരീട പ്രതീക്ഷ സജീവമാക്കിയാണ് മുന്നോട്ട് പോകുന്നത്.