ടി20 ഫോര്‍മാറ്റില്‍ ഒരു ബാറ്ററെ സംബന്ധിച്ച് സ്ഥിരത പുലര്‍ത്തുകയാണ് ഏറ്റവും പ്രധാനമെന്ന അഭിപ്രായങ്ങളോടു തനിക്കു യോജിപ്പില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. സ്ഥിരത പുലര്‍ത്താത്ത താരമെന്നു കരിയറിലുടനീളം വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. ഇവര്‍ക്കാണ് ഒരു അഭിമുഖത്തില്‍ സഞ്ജു ചുട്ട മറുപടി നല്‍കിയിരിക്കുന്നത്. ഇതിനുള്ള കാരണങ്ങള്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
സ്ഥിരത പുലര്‍ത്താത്തവനെന്നു ആളുകള്‍ പറയുമ്പോള്‍ ഞാന്‍ എന്നോടു തന്നെ ഇക്കാര്യം സ്വയം ചോദിക്കാറുണ്ടെന്നു സഞ്ജു പൊട്ടിച്ചിരിയോടെ പ്രതികരിച്ചു. ടി20യില്‍ സ്ഥിരത പുലര്‍ത്താന്‍ ശ്രമിച്ചാല്‍ ടീം എന്നെ പിടിച്ചുപുറത്താക്കും. ടി20 ഫോര്‍മാറ്റില്‍ സ്ഥിരതയെന്ന ഒരു വാക്ക് പോലുമില്ല. 20 ഓവര്‍ കളിയാണുള്ളത്. ഇതില്‍ ഓരോ ഓവറും മല്‍സരത്തിന്റെ അഞ്ചു ശതമാനവുമാണ്. ആ ഒരോവറില്‍ നിങ്ങള്‍ സ്ഥിരത പുലര്‍ത്തുന്നതിനായി സിംഗിളൊക്കെ എടുത്ത് കളിക്കാന്‍ ശ്രമിച്ചാല്‍ ആ ഘട്ടം നിങ്ങള്‍ തോല്‍ക്കുമെന്നും സഞ്ജു വ്യക്തമാക്കി.

ഞാന്‍ സ്ഥിരതയോടെ കളിക്കാന്‍ ശ്രമിച്ചാല്‍ തന്റെ ക്യാപ്റ്റന്‍ സ്ഥിരതയോടെ കളിക്കുന്നുണ്ടല്ലോ, തനിക്കും എന്തുകൊണ്ടായിക്കൂടായെന്നു ടീമിലെ മറ്റു കളിക്കാര്‍ ചിന്തിക്കും. അത്തരത്തില്‍ ചിന്തിക്കുന്ന ഒന്നു രണ്ടു പേര്‍ കാണും. അപ്പോള്‍ ഈ മൂന്നു പേരും സ്ഥിരത പുലര്‍ത്തിയാല്‍ ടീമിന്റെ അവസ്ഥ എത്ര മോശമായിരിക്കുമെന്നു നമുക്കു മനസ്സിലാക്കാന്‍ കഴിയും. ക്രിക്കറ്റെന്നത് ഒരു ടീം ഗെയിമാണ്. നിങ്ങളെ ഏറ്റവും നന്നായി വിലയിരുത്തുന്നവര്‍ സ്വന്തം ടീമംഗങ്ങളാണ്.
അവര്‍ക്കു നിങ്ങള്‍ കൊടുക്കുന്ന സന്ദേശം സംസാരത്തിലൂടെയല്ല, മറിച്ച് ആക്ഷനുകളിലൂടെയാണ്. ആക്ഷന്‍ നടക്കുന്നത് ഗ്രൗണ്ടിനകത്തുമാണ്. അവിടെ നിങ്ങള്‍ നല്ലൊരു ലക്ഷ്യത്തോടെ കളിക്കുന്നുണ്ടെങ്കില്‍ ആ ക്യാപ്റ്റന്‍ ടീമിനു നല്‍കുന്നത് നല്ലൊരു സന്ദേശമാണ്. ഇതു ടീമിനു കൂടുതല്‍ ഒത്തൊരുമ നല്‍കുകയും ചെയ്യും. ക്യാപ്റ്റനായി കഴിഞ്ഞപ്പോള്‍ ഈയൊരു സന്ദേശമാണ് ടീമിനു നല്‍കാന്‍ ഞാന്‍ ശ്രമിക്കുന്നത്. ക്യാപ്റ്റനാവുന്നതിനു മുമ്പും താന്‍ ഇങ്ങനെ തന്നെ ആയിരുന്നെന്നും സഞ്ജു വ്യക്തമാക്കി.

ഞാനൊരു ടീം പ്ലെയറാണ്. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിനെ വിജയിപ്പിക്കണമെന്നതാണ് എല്ലായ്‌പ്പോഴും എന്റെ ആഗ്രഹം. ഓരോരുത്തരും ഓരോ തരത്തിലുള്ള പ്ലെയേഴ്‌സാണ്. സ്വന്തം റണ്‍സിനു വേണ്ടി കളിക്കുന്നയാള്‍ തെറ്റാണെന്നു ഞാന്‍ പറയുന്നില്ല. സഞ്ജു സെല്‍ഫിഷല്ല, മറ്റേയാള്‍ സെല്‍ഫിഷാണ് എന്നൊന്നും ഇതിനു അര്‍ഥമില്ല. എനിക്കു എന്റേതായിട്ടുള്ള ശരിയും തെറ്റുമറിയാം. നല്ല വ്യക്തതയോടെയാണ് ഞാന്‍ സ്വന്തം കളിയെ നോക്കിക്കാണുന്നത്.
ആളുകള്‍ സ്ഥിരതയെന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നാലും ഒരു മല്‍സരത്തില്‍ ഇറങ്ങി ആദ്യത്തെ ബോളില്‍ തന്നെ സിക്‌സറടിക്കണമെന്നു തോന്നിയാല്‍ ഞാന്‍ അതു ചെയ്യും. ഔട്ടായാലും നാട്ടുകാര്‍ കൂവിയാലും വീട്ടിലെത്തിയ ശേഷം ചീത്ത കേട്ടാലുമൊന്നും എനിക്കൊരു വിഷയമല്ല. കാരണം ക്രിക്കറ്റെന്നത് ജീവിതകാലം മുഴുവനുണ്ടാവില്ല. ഇനി കുറച്ചു വര്‍ഷങ്ങള്‍ കൂടി മാത്രമേ എനിക്കു കളിക്കാന്‍ സാധിക്കുകയുള്ളൂ.
ആ സമയത്തു മറ്റുള്ള ആളുകള്‍ പറയുന്നതും കേട്ട് കളിച്ചാല്‍ ഞാന്‍ എനിക്കു വേണ്ടി കളിക്കേണ്ടേ? ഞാന്‍ ഇപ്പോൾ കളിക്കുന്നത് എനിക്കു വേണ്ടിയാണ്. അതു കഴിഞ്ഞിട്ടേയുള്ളൂ മറ്റെന്തും. കഠിനാധ്വാനം നടത്തിയാണ് ഞാന്‍ ഇവിടെ വരെയെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ എനിക്കു സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം ഒരു വേദിയൊരുക്കി നല്‍കിയിട്ടുണ്ട്. അതു സന്തോഷമായി തന്നെ ചെയ്യാറുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.