For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒച്ചിഴയുന്ന ബാറ്റിങ്, വിമര്‍ശകരോട് പൂജാരയ്ക്കുണ്ട് ചിലത് പറയാന്‍

റണ്‍സടിക്കാന്‍ എന്താണിത്ര താമസം? ക്രീസിലെ 'മുട്ടി കളിക്ക്' ചേതേശ്വര്‍ പൂജാര ഏറ്റുവാങ്ങുന്ന പരിഹാസങ്ങള്‍ ചെറുതൊന്നുമല്ല. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് എന്ന പേരുണ്ടെങ്കിലും പൂജാരയുടെ മെല്ലെ പോക്ക് അടുത്തകാലത്ത് ഏറെ വിമര്‍ശിക്കപ്പെടുകയാണ്. പക്ഷെ കളത്തിന് പുറത്തെ സംസാരങ്ങളൊന്നും പൂജാരയെ അലോസരപ്പെടുത്തുന്നില്ല. 'ടീം മാനേജ്‌മെന്റ് എനിക്കൊപ്പമുണ്ട്. അതുകൊണ്ട് ആരെന്തു പറഞ്ഞാലും സമ്മര്‍ദ്ദവുമില്ല — ആശങ്കയുമില്ല', വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ചേതേശ്വര്‍ പൂജാര വ്യക്തമാക്കി.

പൂജാര പറയുന്നു

ക്ഷമയാണ് പൂജാരയുടെ പ്രധാന ഗുണം. ക്രീസില്‍ എത്രനേരം വേണമെങ്കിലും ഇദ്ദേഹം ക്ഷമയോടെ നില്‍ക്കും. എന്നാല്‍ പൂജാരയുടെ അമിത പ്രതിരോധം ടീമിനെ പലപ്പോഴും കുഴപ്പത്തില്‍ ചാടിക്കുന്നു എന്നാണ് വിമര്‍ശകരുടെ പക്ഷം. എന്തായാലും കളി ശൈലി മാറ്റാനൊന്നും പൂജാരയെ കിട്ടില്ല. ഇക്കാര്യത്തില്‍ നായകന്‍ വിരാട് കോലിയുടെയും പരിശീലകന്‍ രവി ശാസ്ത്രിയുടെയും പിന്തുണ തനിക്കുണ്ടെന്ന് പൂജാര പറയുന്നു.

സ്വതസിദ്ധമായ ശൈലി

'എന്റെ ബാറ്റിങ്ങിനെ കുറിച്ച് ടീമിനകത്ത് വലിയ സംസാരമില്ല. പക്ഷെ പുറംലോകത്തെ ചര്‍ച്ചയില്‍ പലതും കേള്‍ക്കാം. ഒരു കാര്യം ഇവിടെ ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തെ ചൊല്ലിയാണ് ഇപ്പോള്‍ ചര്‍ച്ച മുഴുവന്‍. സ്വതസിദ്ധമായി കളിക്കാനാണ് മാനേജ്‌മെന്റ് എന്നോട് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ പരിശീലകന്റെയും നായകന്റെയും പൂര്‍ണ പിന്തുണ എനിക്കുണ്ട്', പൂജാര അറിയിച്ചു. ടീമിനെ ജയിപ്പിക്കുകയാണ് തന്റെ പ്രധാന ജോലിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

വിമർശനം

അടുത്തിടെ നടന്ന രഞ്ജി ട്രോഫി ഫൈനലില്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ട പൂജാരയുടെ ഇന്നിങ്‌സാണ് സൗരാഷ്ട്രയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ആദ്യ ഇന്നിങ്‌സില്‍ 237 പന്തുകളാണ് പൂജാര നേരിട്ടത്. കുറിച്ചതാകട്ടെ 66 റണ്‍സും. ഒച്ചിഴയും പോലുള്ള ബാറ്റിങ്ങിന് കേള്‍ക്കേണ്ടി വരുന്ന പഴിയൊന്നും പൂജാരയെ ബാധിക്കുന്നില്ല.

Most Read: ഫേവറിറ്റ് താരമാര്? അവന്‍ ആര്‍സിബി ടീമംഗം... തുറന്നു പറഞ്ഞ് സ്റ്റെയ്ന്‍, അത് കോലിയല്ല

കുറ്റം

ടീമിനെ ജയിപ്പിക്കുകയാണ് ലക്ഷ്യം. ഈ കാര്യമാണ് പരമപ്രധാനവുമെന്ന് പൂജാര വ്യക്തമാക്കി.

'റണ്‍സടിക്കാന്‍ എന്താണിത്ര താമസം, രഞ്ജി ട്രോഫി ഫൈനല്‍ കൂടി കണ്ടതോടെ സമൂഹമാധ്യമങ്ങളില്‍ ചോദ്യം ഉയര്‍ന്നു. പക്ഷെ ഇതാദ്യമായല്ല ഈ ചോദ്യത്തെ ഞാന്‍ അഭിമുഖീകരിക്കുന്നത്. ഏതു ടെസ്റ്റ് പരമ്പര എടുത്താലും ക്രീസില്‍ ഒരല്‍പ്പ നേരം ചിലവഴിച്ചാല്‍ ചോദ്യങ്ങള്‍ ഉയരുകയായി. മിക്കപ്പോഴും മറുപുറത്തുള്ള ബാറ്റ്‌സ്മാനും എന്റെയത്രയുംതന്നെ പന്തുകള്‍ നേരിട്ടുണ്ടാകും. എന്നാല്‍ ചര്‍ച്ച മുഴുവന്‍ എന്റെ കളി ശൈലിയെ ചൊല്ലിയാണ്', പൂജാര സൂചിപ്പിച്ചു.

Most Read: പന്തിന് മടങ്ങിവരാം, സൂപ്പര്‍ താരവുമാവാം... ശ്രദ്ധിക്കേണ്ടത് ഒന്നു മാത്രം, ഉപദേശിച്ച് ഹാഡിന്‍

കരിയർ

'മറ്റൊരു ഡേവിഡ് വാര്‍ണറോ വീരേന്ദര്‍ സെവാഗോ ആകാന്‍ എനിക്ക് കഴിയില്ല. വമ്പനടികളാണ് ആളുകള്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാല്‍ എന്റെ ബാറ്റിങ് ശൈലിയല്ലിത്. ഓരോ ടെസ്റ്റിലും നൂറു റണ്‍സ് തികയ്ക്കാനാണ് ഞാന്‍ എന്നും ശ്രമിക്കാറ്. നൂറു തികച്ചില്ലെങ്കിലും ബാറ്റിങ് ശരാശരി 50 കടക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്', ചേതേശ്വര്‍ പൂജാര അറിയിച്ചു.

കരിയറില്‍ ഇതുവരെ 77 ടെസ്റ്റ് മത്സരങ്ങളാണ് പൂജാര കളിച്ചിരിക്കുന്നത്. 48.66 ബാറ്റിങ് ശാരശരിയില്‍ 5,840 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 18 സെഞ്ച്വറികളും 25 അര്‍ധ സെഞ്ച്വറികളും പൂജാരയുടെ ടെസ്റ്റ് കരിയറിന് ചന്തം പകരുന്നുണ്ട്.

Story first published: Friday, March 20, 2020, 10:25 [IST]
Other articles published on Mar 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+