
ഇംഗ്ലണ്ടിനെതിരേ ലീഡ്‌സില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൈയെത്തുംദൂരത്താണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാരയ്ക്കു അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായത്. 91 റണ്‍സില്‍ നില്‍ക്കെ അദ്ദേഹം പുറത്താവുകയായിരുന്നു. ഓലി റോബിന്‍സണ്‍ പുജാരയെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. 189 ബോളില്‍ 15 ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ 91 റണ്‍സോടെയായിരുന്നു പുജാര ക്രീസിലുണ്ടായിരുന്നത്.
നാലാം ദിനം ആദ്യ സെഷനില്‍ അദ്ദേഹം തന്റെ സെഞ്ച്വറി തികയ്ക്കുന്നത് കാണാനാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്നതെങ്കിലും അതുണ്ടായില്ല. തലേദിവസത്തെ അതേ സ്‌കോറിനു തന്നെ പുജാരയ്ക്കു ക്രീസ് വിടേണ്ടി വന്നു. ഇന്നു ഒമ്പത് ബോളുകളായിരുന്നു അദ്ദേഹം നേരിട്ടത്. ഒരു റണ്‍സ് പോലും പുജാരയ്ക്കു കൂട്ടിച്ചേര്‍ക്കാനായില്ല. ഒമ്പതാം ബോളില്‍ പുറത്താവുകയും ചെയ്തു. ഈ ഇന്നിങ്‌സിലെ പുറത്താവലോടെ ടെസ്റ്റില്‍ ഇന്ത്യയുടെ മറ്റൊരു താരത്തിനുമില്ലാത്ത റെക്കോര്‍ഡിനും പുജാര അവകാശിയായി. 90ന് മുകളില്‍ തലേദിവസം നേടിയ ശേഷം തൊട്ടടുത്ത ദിവസം ഒരു റണ്‍സ് പോലും ഇതിലേക്കു കൂട്ടിച്ചേര്‍ക്കാനാവാതെ പുറത്തായ ആദ്യ ഇന്ത്യന്‍ താരമായി അദ്ദേഹം മാറുകയായിരുന്നു.

ടെസ്റ്റ് കരിയറില്‍ ഇതു ആറാമത്തെ തവണയാണ് പുജാര തലേ ദിവസത്തെ സ്‌കോറിലേക്ക് ഒരു റണ്‍സ് പോലും ചേര്‍ക്കാനാവാതെ മടങ്ങിയത്. ഇതോടെ അദ്ദേഹം ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ്, ന്യൂസിലാന്‍ഡിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സ് എന്നിവരടക്കമുള്ള ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതു മാത്രമല്ല ടെസ്റ്റില്‍ തലേ ദിവസം 90കളില്‍ നില്‍ക്കവെ തൊട്ടടുത്ത ദിവസം സെഞ്ച്വറി തികയ്ക്കാനാവാതെ പോയ അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനും കൂടിയാണ് പുജാര. മുന്‍ ക്യാപ്റ്റന്‍ അജിത് വഡേക്കര്‍, മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുന്‍ ഓപ്പണര്‍മാരായ ഗൗതം ഗംഭീര്‍, മുരളി വിജയ് എന്നിവരാണ് ഈ ലിസ്റ്റിലെ മറ്റു ഇന്ത്യന്‍ താരങ്ങള്‍.
അതേസമയം, ലീഡ്‌സ് ടെസ്റ്റില്‍ വന്‍ തോല്‍വിയിലേക്കു നീങ്ങുകയാണ് ഇന്ത്യ. 354 റണ്‍സിന്റെ വന്‍ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയതാണ് വിരാട് കോലിക്കും സംഘത്തിനും ആഘാതമായി മാറിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആദ്യ സെഷനില്‍ 97 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ എട്ടു വിക്കറ്റിന് 257 റണ്‍സെന്ന നിലയിലാണ്. രണ്ടു വിക്കറ്റുകള്‍ മാത്രം ശേഷിക്കെ ഇംഗ്ലണ്ടിനേക്കാള്‍ 97 റണ്‍സിന് പിറകിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജയോടൊപ്പം (16) റണ്ണൊന്നുമെടുക്കാതെ ജസ്പ്രീത് ബുംറയാണ് ക്രീസില്‍.
രണ്ടു വിക്കറ്റിന് 215 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ ഇന്നു ബാറ്റിങ് പുനരാരംഭിച്ചത്. പക്ഷെ ആദ്യ സെഷനില്‍ തന്നെ ഇംഗ്ലണ്ടിന്റെ ന്യൂബോള്‍ ആക്രമണത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. 42 റണ്‍സെടുക്കവെ ആറു വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. സെഞ്ചറിയിലേക്കു കുതിച്ച പുജാരയായിരുന്നു ഇന്ന് ആദ്യം മടങ്ങിയത്. ഫിഫ്റ്റി തികച്ചതിനു പിന്നാലെ കോലിയുെ ക്രീസ് വിട്ടു. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോളാണ് ഇത്തവണയും അദ്ദേഹത്തെ വീഴ്ത്തിയത്. ഓലി റോബിന്‍സണിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ ക്യാച്ചെടുക്കുകയായിരുന്നു. പിന്നീട് വന്നവര്‍ക്കൊന്നും ബാറ്റിങില്‍ പിടിച്ചുനില്‍ക്കാനായില്ല. അജിങ്ക്യ രഹാനെ (10), റിഷഭ് പന്ത് (1), മുഹമ്മദ് ഷമി (6), ഇഷാന്ത് ശര്‍മ (2) എന്നിവര്‍ വന്നതും പോയതും വേഗത്തിലായിരുന്നു. അഞ്ചു വിക്കറ്റുകളെുത്ത പേസര്‍ ഓലി റോബിന്‍സണാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശംവിതച്ചത്. 26 ഓവറില്‍ ആറു മെയ്ഡനടക്കം 65 റണ്‍സിനാണ് അദ്ദേഹം അഞ്ചു പേരെ പുറത്താക്കിയത്.