
ജയം തുടരാന്‍ രാജസ്ഥാന്‍
ഹാട്രിക് പരാജയങ്ങള്‍ക്കു ശേഷം അവസാന കളിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 15 റണ്‍സിനു പരാജയപ്പെടുത്തി രാജസ്ഥാന്‍ വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. മികച്ച ഫോമിലുള്ള പഞ്ചാബിനെതിരേ നേടിയ ജയം രാജസ്ഥാന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.
കരുത്തരായ ചെന്നൈക്കെതിരേയും ജയം തുടാരാനാവുമെന്ന പ്രതീക്ഷയിലാണ് അജിങ്ക്യ രഹാനെ നയിക്കുന്ന രാജസ്ഥാന്‍.
മികച്ച രീതിയില്‍ തുടങ്ങിയ രാജസ്ഥാനു പക്ഷെ ഫോം നിലനിര്‍ത്താനായില്ല. അവസാനത്തെ ഏഴു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് രാജസ്ഥാനു വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ ഇനി പിഴവുകള്‍ വരുത്താനുള്ള അവസരം രാജസ്ഥാനില്ല.

ആത്മവിശ്വാസത്തോടെ സിഎസ്‌കെ
പ്ലേഓഫിന് തൊട്ടരികില്‍ നില്‍ക്കുന്ന സിഎസ്‌കെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് രാജസ്ഥാനുമായി ഏറ്റുമുട്ടുന്നത്. സീസണില്‍ ശേഷിക്കുന്ന നാലു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ ചെന്നൈക്കു പ്ലേഓഫിലെത്താം. അവസാനത്തെ കളിയില്‍ ആര്‍സിബിയെ ആറു വിക്കറ്റിനു തകര്‍ത്ത ശേഷമാണ് സിഎസ്‌കെ രാജസ്ഥാന്റെ ഗ്രൗണ്ടിലെത്തുന്നത്.
ഫീല്‍ഡിങിലും വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തിലുമാണ് ചെന്നൈക്കു അല്‍പ്പമെങ്കിലും പ്രശ്‌നങ്ങളുള്ളത്. ഇതു കൂടി പരിഹരിച്ചാല്‍ അവരെ പിടിച്ചുനിര്‍ത്തുക രാജസ്ഥാന് ദുഷ്‌കരമാവും.

ബട്‌ലറുടെ ഫോം
ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍ ഫോമിലേക്കുയര്‍ന്നതാണ് രാജസ്ഥാന്റെ വിജയപ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. നേരത്തേയുള്ള മല്‍സരങ്ങളില്‍ മധ്യനിരയില്‍ ഇറങ്ങിയ ബട്‌ലര്‍ പിന്നീട് ഓപ്പണിങ് റോളിലെത്തിയതോടെയാണ് യഥാര്‍ഥ മികവ് പുറത്തെടുത്തത്. നേരത്തേ ഏഴ് ഇന്നിങ്‌സുകളിലായി 120 റണ്‍സ് മാത്രമെടുത്ത ബട്‌ലര്‍ ഓപ്പണറായ ശേഷം തകര്‍പ്പന്‍ ഫോമിലാണ്. മൂന്ന് ഇന്നിങ്‌സുകളില്‍ 67, 51, 82 എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം.
ചെന്നൈക്കെതിരേയും ബട്‌ലര്‍ ടീമിനു മികച്ച തുടക്കം നല്‍കുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍. ബട്‌ലര്‍ കത്തിക്കയറിയാല്‍ വലിയ സ്‌കോര്‍ കണ്ടെത്താനാവുമെന്നും രാജസ്ഥാന്‍ കണക്കുകൂട്ടുന്നു.

മുന്‍തൂക്കം ചെന്നൈക്ക്
ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജസ്ഥാനെതിരേ മുന്‍തൂക്കം ചെന്നൈക്കു തന്നെയാണ്. ഇതുവരെ നടന്ന 18 മല്‍സരങ്ങളില്‍ 12ലും ജയം ചെന്നൈക്കൊപ്പമായിരുന്നു. ആറു മല്‍സരങ്ങളിലാണ് രാജസ്ഥാനു ജയിക്കാന്‍ സാധിച്ചത്.
ഈ സീസണില്‍ തന്നെ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ 64 റണ്‍സിന്റെ തകര്‍പ്പന്‍ ജയം ആഘോഷിച്ചിരുന്നു. അന്ന് ചെന്നൈ 200ല്‍ കൂടുതല്‍ റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്‍ 14 റണ്‍സിനു പുറത്താവുകയായിരുന്നു.


Click it and Unblock the Notifications