ഹൃദയത്തില്‍ കഠാര കുത്തിയിറക്കി, കാരണക്കാരന്‍ ധോണി!! സിഎസ്കെയുടെ 'ചതി'- കാര്‍ത്തിക്
ചെന്നൈ: ഐപിഎല്ലില്‍ തന്റെ ഹോം ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കരിയറില്‍ ഇതുവരെ കളിക്കാന്‍ അവസരം ലഭിക്കാത്തതിന്റെ നിരാശയിലാണ് വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്. നിലവില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നായകന്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ സീസണിലും കാര്‍ത്തിക് തന്നെയായിരുന്നു ക്യാപ്റ്റന്‍.
സിഎസ്‌കെയ്ക്കു വേണ്ടി ഐപിഎല്ലില്‍ കളിക്കുകയെന്ന സ്വപ്‌നം ഇപ്പോഴും താന്‍ കൈവിട്ടിട്ടില്ലെന്നു കാര്‍ത്തിക് വ്യക്തമാക്കി. വിരമിക്കുന്നതിനു മുമ്പ് സിഎസ്‌കെ തന്നെ ടീമിലെടുക്കുമെന്ന ശുഭപ്രതീക്ഷയിലാണ് താരം. പ്രഥമ സീസണില്‍ സിഎസ്‌കെ തന്നെ തഴഞ്ഞത് ഹൃദയത്തില്‍ കഠാര കുത്തിയിറക്കുന്നതിന് തുല്യമായിരുന്നുവെന്നു കാര്‍ത്തിക് വെളിപ്പെടുത്തി.

2008ല്‍ ഐപിഎല്ലിന്റെ പ്രഥമ സീസണിനു കൊടിയേറുമ്പോള്‍ മിക്ക ഫ്രാഞ്ചൈസികളും തങ്ങളുടെ സംസ്ഥാനത്തിന്റെ താരത്തെ തന്നെയാണ് ഐക്കണ്‍ താരമായി പ്രഖ്യാപിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് ടീമിലേക്കു കൊണ്ടുവന്നപ്പോള്‍ സൗരവ് ഗാംഗുലിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ചു. വീരേന്ദര്‍ സെവാഗ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലും (ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) രാഹുല്‍ ദ്രാവിഡ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലും യുവരാജ് സിങ് കിങ്‌സ് ഇലവന്‍ പഞ്ചാബിലുമെത്തി. എന്നാല്‍ 2008ല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഏറ്റവും മികച്ച താരമായ കാര്‍ത്തികിനെ ചെന്നൈ അവഗണിക്കുകയായിരുന്നു. പകരമാണ് വന്‍ തുക ചെലവഴിച്ച് ജാര്‍ഖണ്ഡുകാരനായ എംഎസ് ധോണിയെ സിഎസ്‌കെ നായകനും ഐക്കണ്‍ താരവുമാക്കിയത്.

2008ലെ ലേലം നടക്കുമ്പോള്‍ താന്‍ ഓസ്‌ട്രേലിയയില്‍ ആയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഏറ്റവും പ്രശസ്തനായ താരമായതിനാലും ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ളതിനാലും സിഎസ്‌കെ തന്നെ ലേലത്തില്‍ വാങ്ങുമെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. ടീമിന്റെ ക്യാപ്റ്റനായി തന്നെ നിയമിക്കുമോ, ഇല്ലയോ എന്ന കാര്യത്തില്‍ മാത്രമേ സംശയമുണ്ടായിരുന്നുള്ളൂ. എന്നാല്‍ 1.5 മില്ല്യണിന് ധോണിയെയാണ് സിഎസ്‌കെ ആദ്യം വാങ്ങിയത്. അന്നു ലേലത്തില്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ധോണി തനിക്കരികില്‍ തന്നെയുണ്ടായിരുന്നു. ധോണിയെ തങ്ങള്‍ ടീമിലെടുക്കുമെന്ന് സിഎസ്‌കെ തന്നോടു പറയുക പോലും ചെയ്തിട്ടില്ലെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

2008ലെ പ്രഥമ സീസണ്‍ മുതല്‍ താന്‍ സിഎസ്‌കെയുടെ വിളി കാത്തിരിക്കുകയാണ് താനെന്നു കാര്‍ത്തിക് പറയുന്നു. ടൂര്‍ണമെന്റില്‍ ഇതിനകം ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂര്‍, ഗുജറാത്ത് ലയണ്‍സ്, കൊല്‍ക്കത്ത തുടങ്ങിയ ടീമുകള്‍ക്കായി കാര്‍ത്തിക് ഇതിനകം കളിച്ചു കഴിഞ്ഞു.
ധോണിക്ക് ഒരുപക്ഷെ ഇതറിയില്ലായിരിക്കാം. എന്നാല്‍ അന്നത്തെ സംഭവം തന്റെ ഹൃദയത്തില്‍ കഠാര കുത്തിയിറക്കുന്നതിനു തുല്യമായിരുന്നു. അന്ന് ഒഴിവാക്കപ്പെട്ടെങ്കിലും പിന്നീട് സിഎസ്‌കെ തന്നെ ടീമിലെടുക്കുമാണ് വിശ്വസിച്ചത്. ഇപ്പോള്‍ 13 വര്‍ഷമായിരിക്കുന്നു. സിഎസ്‌കെയുടെ വിളിക്കുവേണ്ടി ഇപ്പോഴും കാത്തിരിക്കുകയാണെന്നും കാര്‍ത്തിക് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications