
റാണയുടെ പരിക്ക്
സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ഓള്‍റൗണ്ടര്‍ നിതീഷ് റാണയ്ക്കു പരിക്കേറ്റത് കൊല്‍ക്കത്ത ക്യാംപില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മല്‍സരത്തിനിടെ പുറംവേദനയെ തുടര്‍ന്ന് താരം പിന്‍മാറിയിരുന്നു. ചെന്നൈക്കെതിരേ റാണയ്ക്കു കളിക്കാനാവുമോയെന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണം വന്നിട്ടില്ല.
ഇതുവരെയുള്ള മല്‍സരങ്ങളില്‍ ടീം തകര്‍ച്ച നേരിട്ടപ്പോഴെല്ലാം മികച്ച ഇന്നിങ്‌സുകള്‍ കളിച്ച് രക്ഷകനായിട്ടുള്ള റാണയ്ക്കു കളിക്കാനായില്ലെങ്കില്‍ കെകെആറിന് അതു കനത്ത തിരിച്ചടിയാവലും. റാണ പുറത്തിരിക്കുകയാണെങ്കില്‍ പകരം ആരെ ഉള്‍പ്പെടുത്തുമെന്ന കാര്യത്തിലും കെകെആറിന് ആശയക്കുഴപ്പമുണ്ട്. ഇഷാങ്ക് ജഗ്ഗി, അപൂര്‍വ്വ് വംഖാഡെ എന്നിവരിലൊരാള്‍ ടീമിലെത്തിയേക്കുമെന്നാണ് വിവരം.

ചെന്നൈ-കംപ്ലീറ്റ് ടീം
ഈ സീസണിലെ കംപ്ലീറ്റ് ടീമെന്ന് വിശേഷിപ്പിക്കാവുന്ന ഏക ടീം ചെന്നൈയാണ്. ബാറ്റിങിലും ബൗളിങിലുമെല്ലാം ഒരുപോലെ സന്തുലിതമാണ് സിഎസ്‌കെ. മറ്റുള്ള ടീമുകളെപ്പോലെ ഏതെങ്കിമൊരു താരത്തെ അമിതമായി ആശ്രയിക്കുന്നില്ല എന്നതും ചെന്നൈയുടെ പ്ലസ് പോയിന്റാണ്. സന്ദര്‍ഭമനുസരിച്ച് ഓരോ കളിയിലും വ്യത്യസ്ത താരങ്ങളാണ്
മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്. അവസാനമായി നടന്ന മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 15 റണ്‍സിന് ചെന്നൈ തോല്‍പ്പിച്ചിരുന്നു. ഈ സീസണില്‍ നാലു തവണ 200ലേറെ റണ്‍സ് നേടാന്‍ കഴിഞ്ഞുവെന്നത് ചെന്നൈ ബാറ്റിങ് നിരയുടെ കരുത്താണ് വിളിച്ചോതുന്നത്. ബാറ്റിങില്‍ അമ്പാട്ടി റായുഡുവും ക്യാപ്റ്റന്‍ ധോണിയുമാണ് ചെന്നൈക്കായി കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്.

കെകെആറിന്റെ ത്രീമെന്‍ ആര്‍മി
ബാറ്റിങില്‍ ക്യാപ്റ്റന്‍ കാര്‍ത്തിക്, ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ എന്നീ ത്രീമെന്‍ ആര്‍മിയിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. സ്പിന്നര്‍മാരെ നേരിടുന്നതില്‍ പോരായ്മകളുണ്ടെങ്കിലും ചില മികച്ച ഇന്നിങ്‌സുകള്‍ ഈ സീസണില്‍ ലിന്നില്‍ നിന്നും കണ്ടുകഴിഞ്ഞു. ഉത്തപ്പ ഇതുവരെയുള്ള മല്‍സരങ്ങളിലെല്ലാം മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും അവ വലിയ സ്‌കോറിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല, അഞ്ചു മല്‍സരങ്ങളിലാണ് 30ല്‍ കൂടുതല്‍ റണ്‍സ് താരം നേടിയത്.
ഫിനിഷറുടെ റോളില്‍ ഏറെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള കാര്‍ത്തികിന്റെ സാന്നിധ്യം കൊല്‍ക്കത്തയുടെ കരുത്ത് ഇരട്ടിയാക്കുന്നുണ്ട്. ലിയൊരു ഇന്നിങ്‌സ് കാര്‍ത്തികില്‍ നിന്നും കൊല്‍ക്കത്തയുടെ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

തകര്‍പ്പന്‍ ബാറ്റിങ് നിര
ചെന്നൈയുടെ ബാറ്റിങ് ലൈനപ്പ് ഏതു ടീമിനെയും സമ്മര്‍ദ്ദത്തിലാക്കുന്നതാണ്. ഈ സീസണിലെ ഐപിഎല്ലിലെ രണ്ടു സെഞ്ച്വറികളൊന്ന് ചെന്നൈ ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെ വകയായിരുന്നു. ഡല്‍ഹിക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ 78 റണ്‍സും വാട്‌സന്‍ നേടിയിരുന്നു. റായുഡുവാണ് ചെന്നൈയുടെ മറ്റൊരു തുറുപ്പുചീട്ട്. മുംബൈ ഇന്ത്യന്‍സില്‍ നിന്നെത്തിയ റായുഡു ഇതിനകം ചെന്നൈ ആരാധകരുടെ മനസ്സ് കീഴടക്കിക്കഴിഞ്ഞു.
ധോണിയാവട്ടെ കരിയറിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കും വിധമുള്ള വെടിക്കെട്ട് പ്രകടനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 169.23 എന്ന കണ്ണഞ്ചിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റ് തന്നെ ഇതിനുള്ള തെളിവാണ്. ഈ സീസണില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ധോണി നാലാംസ്ഥാനത്തുണ്ട്. എട്ടു മല്‍സരങ്ങളില്‍ നിന്നും 20 സിക്‌സറുകളാണ് അദ്ദേഹം അടിച്ചെടുത്തത്.

മുന്‍തൂക്കം ചെന്നൈക്ക്
ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ചെന്നൈക്കു തന്നെയാണ് മുന്‍തൂക്കം. ഇതുവരെ നടന്ന 17 മല്‍സരങ്ങളില്‍ 11ലും ജയം സിഎസ്‌കെയ്ക്കായിരുന്നു. ആറു മല്‍സരങ്ങളിലാണ് കെകെആറിനു ജയിക്കാനായത്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഏഴു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ ജയം ചെന്നൈ സൂപ്പര്‍കിങ്‌സിനായിരുന്നു. മൂന്നു മല്‍സരങ്ങളില്‍ കൊല്‍ക്കത്തയും ജയിച്ചു കയറി.


Click it and Unblock the Notifications











