

കൊല്‍ക്കത്ത: ചെന്നൈയ്‌ക്കെതിരേയുള്ള ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നേടിയ ആതിഥേയര്‍ നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. 178 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദിനേഷ് കാര്‍ത്തിക്കും സംഘവും 17.4 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം ഭേദിച്ച് 180 റണ്‍സിലെത്തി.
അര്‍ദ്ധ സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലും 45റണ്‍സ് നേടിയ ദിനേശ് കാര്‍ത്തികുമാണ് ബാറ്റിങില്‍ തിളങ്ങിയത്. സുനില്‍ നരെയ്ന്‍ 32ഉം റിങ്കുസിങ് 16ഉം റോബിന്‍ ഉത്തപ്പ ആറും റണ്‍സെടുത്തു. ആറു ഫോറുകളും രണ്ടു സിക്‌സറും അടക്കം 36 ബോളില്‍ നിന്നായിരുന്നു ശുഭ്മാന്റെ 57 റണ്‍സ്.
ലുംഗി എന്‍ഗിഡി, കെഎം ആസിഫ്, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ് എന്നിവരാണ് ചെന്നൈയ്ക്കു വേണ്ടി വിക്കറ്റ് വീഴ്ത്തിയത്. സ്വന്തം ഗ്രൗണ്ടിന്റെ ആത്മവിശ്വാസത്തില്‍ ബാറ്റ് വീശിയ കൊല്‍ക്കത്തന്‍ താരങ്ങളെ പിടിച്ചു കെട്ടാന്‍ ധോണിക്കും സംഘത്തിനും സാധിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി 25 ബോളില്‍ നിന്നും ഒരു ഫോറിന്റെയും നാലു സിക്‌സറുകളുടെയും അകമ്പടിയോടെ നേടിയ 43 റണ്‍സാണ് ചെന്നൈയുടെ
ഇന്നിങ്‌സില്‍ നിര്‍ണായകമായത്. ഷെയ്ന്‍ വാട്‌സണ്‍ 36ഉം സുരേഷ് റെയ്‌ന 31ഉം ഫാഫ് ഡുപ്ലെസി 27ഉം അമ്പാടി റായുഡു 21ഉം രവീന്ദ്ര ജഡേജ 12ഉം റണ്‍സ് നേടി.
നാലോവറില്‍ 21 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്ത ടീമില്‍ തിളങ്ങിയത്. നാലോവറില്‍ 35 റണ്‍സ് വഴങ്ങി പിയൂഷ് ചൗളയും രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി കുല്‍ദീപ് യാദവിനാണ് ഒരു വിക്കറ്റ്.