IPL: ധോണി എത്ര കാലം കൂടി കളിക്കും? പ്രതികരിച്ച് സിഎസ്‌കെ, അഭ്യൂഹങ്ങള്‍ക്കു വിരാമം
ഐപിഎല്ലിന്റെ മറ്റൊരു സീസണില്‍ കൂടി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാനുള്ള പടയൊരുക്കത്തിലാണ് ക്യാപ്റ്റനും ഇതിഹാ താരവുമായ എംഎസ് ധോണി. ആദ്യ സീസണ്‍ മുതല്‍ സിഎസ്‌കെയെ നയിച്ചുകൊണ്ടിരിക്കുന്നത് ധോണിയാണ്. കളിച്ച എല്ലാ സീസണിലും മഞ്ഞപ്പടയെ പ്ലേഓഫിലെത്തിച്ച അദ്ദേഹം മൂന്നു തവണ ടീമിനെ ചാംപ്യന്മാരാക്കുകയും ചെയ്തു.
39 കാരനായ ധോണി ഇനിയെത്ര കാലം കൂടി ഐപിഎല്ലില്‍ തുടരുമെന്ന സംശയം ആരാധകര്‍ക്കുണ്ട്. അധികം വൈകാതെ അദ്ദേഹം ക്രിക്കറ്റില്‍ നിന്നു വിരമിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടിരിക്കുകയാണ് സിഎസ്‌കെയുടെ സിഇഒയായ കാശി വിശ്വനാഥന്‍.

2022 വരെ കളിക്കും
ഐപിഎല്ലില്‍ ഇത്തവണയുള്‍പ്പെടെ ഇനിയൊരു മൂന്നു സീസണുകളില്‍ കൂടി ധോണി സിഎസ്‌കെയ്‌ക്കൊപ്പമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നു കാശി വ്യക്തമാക്കി.
ഈ സീസണിലും അടുത്ത സീസണിലും ധോണി തീര്‍ച്ചയായും ഞങ്ങള്‍ക്കൊപ്പമുണ്ടാവും. 2022ലും അദ്ദേഹം സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധോണിയുടെ പ്രകടനത്തെ സംബന്ധിച്ചു തങ്ങള്‍ക്കു ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

ധോണിക്കു നന്നായി അറിയാം
ജന്‍മനാടായ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ധോണി ഇന്‍ഡോര്‍ പരിശീലനം നടത്തിയതായി മാധ്യമങ്ങളിലൂടെയാണ് തനിക്കു അറിയാന്‍ കഴിഞ്ഞത്. നേരിട്ട് അദ്ദേഹവുമായി ഇതേക്കുറിച്ച് ആശയവിനിമയം നടത്തിയിട്ടില്ല.
എങ്കിലും ക്യാപ്റ്റനെക്കുറിച്ച് ഞങ്ങള്‍ക്കു യാതൊരു തരത്തിലുള്ള ആശങ്കകളുമില്ല. ധോണിക്കു തന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് നന്നായറിയാം. സ്വന്തം കാര്യവും അതോടൊപ്പം ടീമിനെയും നന്നായി ശ്രദ്ധിക്കാനും ധോണിക്കറിയാമെന്ന് കാശി വിശദമാക്കി.

ധോണിയുടെ മടങ്ങിവരവ്
ഒരു വര്‍ഷത്തിലേറെ നീണ്ട ബ്രേക്കിനു ശേഷം ക്രിക്കറ്റിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് കൂടിയാണ് ഇത്തവണത്തെ ഐപിഎല്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. സെമിയില്‍ തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്തായ ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി ബ്രേക്കെടുക്കുകയായിരുന്നു. ഇതിനിടെ ധോണി വിരമിച്ചേക്കുമെന്ന തരത്തില്‍ പല തവണ അഭ്യൂഹങ്ങളും പരന്നിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ഭാവിയെക്കുറിച്ച് ധോണി ഇപ്പോഴും മൗനം പാലിക്കുകയാണ്.
അതേസമയം, ഈ മാസം 15 മുതല്‍ 20 വരെ ചെന്നൈയിലെ ചെപ്പോക്ക് സറ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പരിശീലന ക്യാംപില്‍ ധോണിയും ചേരും. ക്യാംപ് സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് സിഎസ്‌കെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications