ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. സൂപ്പര്‍ പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആരാവും ഇത്തവണ കപ്പിലേക്കെത്തുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാകിസ്താന്‍ ആതിഥേയരാവുമ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയുമെല്ലാം ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ കിരീട നേട്ടം ആര്‍ക്കും എളുപ്പമാവില്ലെന്നുറപ്പ്.
ഇത്തവണ പല ടീമുകളേയും പിന്നോട്ടടിക്കുന്നത് പരിക്കാണ്. പല പ്രധാന താരങ്ങളും പരിക്കിനെത്തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫി കളിക്കുന്നില്ല. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെയാണ് പരിക്ക് കൂടുതലായി ബാധിച്ചിരിക്കുന്നത്. നായകന്‍ പാറ്റ് കമ്മിന്‍സടക്കം പ്രധാനപ്പെട്ട മൂന്ന് പേസര്‍മാരാണ് പരിക്കേറ്റ് ടീമിന് പുറത്തായത്. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി പരിക്കിനെത്തുടര്‍ന്ന് നഷ്ടമാവുന്ന താരങ്ങളുടെ ബെസ്റ്റ് 11 പരിശോധിച്ചാല്‍ ആരൊക്കെയാണ് അതില്‍ ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം.
രചിന്‍ രവീന്ദ്ര-ജേക്കബ് ബദല്‍
ഓപ്പണര്‍മാരായി ന്യൂസീലന്‍ഡിന്റെ രചിന്‍ രവീന്ദ്രയേയും ഇംഗ്ലണ്ടിന്റെ ജേക്കബ് ബദലിനേയും പരിഗണിക്കാം. രചിന്‍ ഇടം കൈയന്‍ ഓപ്പണര്‍ റോളില്‍ മിന്നിക്കുന്നവനാണ്. പാകിസ്താനെതിരായ ത്രിരാഷ്ട്ര ടൂര്‍ണമെന്റിനിടെ പന്ത് കണ്ണില്‍ തട്ടിയാണ് രചിന് പരിക്കേറ്റത്. ഇതോടെ ചാമ്പ്യന്‍സ് ട്രോഫിയില്‍ രചിനുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ജേക്കബ് ബദലിന് ഇന്ത്യക്കെതിരായ പരമ്പരക്കിടെയാണ് പരിക്കേല്‍ക്കുന്നത്. താരത്തിനും ചാമ്പ്യന്‍സ് ട്രോഫി കളിക്കാനാവില്ല. രണ്ട് പേരുടേയും അഭാവം ഇരു ടീമുകളേയും കാര്യമായി ബാധിക്കുന്നതാണ്.
മിച്ചല്‍ മാര്‍ഷ്, പാറ്റ് കമ്മിന്‍സ്, ജസ്പ്രീത് ബുംറ
മൂന്നാമന്‍ ഓസീസ് മീഡിയം പേസ് ഓള്‍റൗണ്ടറായ മിച്ചല്‍ മാര്‍ഷാണ്. പരിക്കിനെത്തുടര്‍ന്ന് മിച്ചല്‍ മാര്‍ഷിന് ചാമ്പ്യന്‍സ് ട്രോഫി നഷ്ടമായിരിക്കുകയാണ്. മാര്‍ക്കസ് സ്റ്റോയിണിസ് വിരമിച്ച സാഹചര്യത്തില്‍ മാര്‍ഷിന് ഓസീസ് ടീമില്‍ നിര്‍ണ്ണായക റോളുണ്ടായിരുന്നു. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് താരത്തിന് ടൂര്‍ണമെന്റ് നഷ്ടമായിരിക്കുകയാണ്. ഓസീസ് നായകനും പേസ് ഓള്‍റൗണ്ടറുമായ പാറ്റ് കമ്മിന്‍സിനും പരിക്ക് പണികൊടുത്തിരിക്കുകയാണ്.

പരിക്കേറ്റതോടെ ഓസീസിന് പുതിയ നായകനെ കണ്ടെത്തേണ്ടി വന്നിരിക്കുകയാണ്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്കും പരിക്കേറ്റിരിക്കുകയാണ്. അവസാന ഓസ്‌ട്രേലിയന്‍ പരമ്പരക്കിടെയാണ് ബുംറക്ക് പരിക്കേല്‍ക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ താരത്തിന് സാധിക്കില്ലെന്ന് ഉറപ്പായതോടെ ഇന്ത്യ ബുംറയെ ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ് ബുംറയുടെ അഭാവമെന്ന് നിസംശയം പറയാം.
ജോഷ് ഹെയ്‌സല്‍വുഡ്, എഎം ഗസന്‍ഫാര്‍, ലോക്കി ഫെര്‍ഗൂസന്‍
ഓസീസ് സൂപ്പര്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും പരിക്കിനെത്തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫി കളിക്കുന്നില്ല. സമീപകാലത്തായി ഇടക്കിടെ പരിക്ക് താരത്തെ ബാധിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഫിറ്റ്‌നസിലേക്കെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും താരത്തിനത് സാധിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്റെ യുവ സ്പിന്നറാണ് എഎം ഗസന്‍ഫാര്‍. ഇതിനോടകം സ്പിന്‍ മികവുകൊണ്ട് ഞെട്ടിച്ച ഗസന്‍ഫാറിന് സിംബാബ് വെ പര്യടനത്തിനിടെയാണ് പരിക്കേറ്റത്. ന്യൂസീലന്‍ഡ് അതിവേഗ പേസര്‍ ലോക്കി ഫെര്‍ഗൂസനേയും പരിക്ക് ബാധിച്ചതോടെ താരത്തിനും ചാമ്പ്യന്‍സ് ട്രോഫി നഷ്ടമാവും.
ബെന്‍ സിയേഴ്‌സ്, ഹാരിസ് റഊഫ്, ആന്‍ റിച്ച് നോക്കിയേ
ന്യൂസീലന്‍ഡിന്റെ പേസര്‍ ബെന്‍ സിയേഴ്‌സിനും ചാമ്പ്യന്‍സ് ട്രോഫി നഷ്ടമാവും. പരിക്കിനെത്തുടര്‍ന്നാണ് സിയേഴ്‌സിന് ടൂര്‍ണമെന്റ് നഷ്ടമായിരിക്കുന്നത്. പാകിസ്താന്റെ ഹാരിസ് റഊഫിനേയും പരിക്ക് ബാധിച്ചു. താരത്തിന്റെ അഭാവം പാകിസ്താനെ കാര്യമായിത്തന്നെ ബാധിക്കും. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍ റിച്ച് നോക്കിയേയെ ഡിസംബര്‍ മുതല്‍ പരിക്ക് ബാധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ താരത്തിനും ടൂര്‍ണമെന്റ് നഷ്ടമാവും. ദക്ഷിണാഫ്രിക്കയുടെ പേസ് നിര ശക്തമാണെങ്കിലും നോക്കിയേയുടെ അഭാവം ടീമിനെ കാര്യമായി ബാധിക്കുന്നതാണ്.