ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ചില അഴിച്ചുപണികള്‍ സംഭവിച്ചേക്കുമെന്നാണ് വിവരം. ടൂര്‍ണമെന്റിനുള്ള 15 അംഗ പ്രാഥമിക സംഘത്തെ ഇന്ത്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതേ ടീമിനെയാവില്ല ചാംപ്യന്‍സ് ട്രോഫിക്കായി ടീം അയക്കുക. അന്തിമ സ്‌ക്വാഡില്‍ ചില മാറ്റങ്ങള്‍ വരുത്താനാണ് ഇന്ത്യയുടെ നീക്കം.
രോഹിത് ശര്‍മയ്ക്കു കീഴില്‍ ശക്തമായ ടീമിനെയാണ് ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യ അയക്കുന്നത്. ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ എട്ടു ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ചിരവൈരികളായ പാകിസ്താന്‍, കരുത്തരായ ന്യൂസിലാന്‍ഡ് എന്നിവര്‍ക്കൊപ്പം ബംഗ്ലാദേശാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.

ഇന്ത്യന്‍ ടീമിലെ മാറ്റമെന്ത്?
ചാംപ്യന്‍സ് ട്രോഫി പടിവാതില്‍ക്കെ എത്തിനില്‍ക്കെ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ആശങ്ക സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ കാര്യത്തിലാണ്. പരിക്കേറ്റ് വിശ്രമിക്കുന്ന അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് ഇപ്പോഴും സംശയങ്ങളുണ്ട്. പൂര്‍ണ ഫിറ്റ്നസിലേക്കു ബുംറ തിരിച്ചെത്തിയോ എന്നതില്‍ അവ്യക്ത തുടരുകയാണ്.
ഇംഗ്ലണ്ടുമായി ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തില്‍ ബുംറ കളിച്ചേക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിനുള്ള സാധ്യതയില്ലെന്നാണ് ഏറ്റവും പുതിയ വിവരം. ഇതാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ബുംറയുടെ പങ്കാളിത്തം സംശയത്തിലാക്കുന്നത്.
ബുംറയ്ക്കു പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്താനായില്ലെങ്കില്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള അന്തിമ ടീമില്‍ നിന്നും മാറ്റി നിര്‍ത്തും. പകരം മുഹമ്മദ് സിറാജായിരിക്കും ടീമിലേക്കു വന്നേക്കുക. നേരത്തേ പ്രഖ്യാപിച്ച ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായി തഴയപ്പെട്ട താരമാണ് അദ്ദേഹം. സിറാജിനെക്കൂടാതെ യുവ പേസര്‍ ഹര്‍ഷിത് റാണയെയും ബുംറയുടെ പകരക്കാരനായി പരിഗണിക്കുന്നുണ്ട്.
വരുണിനെ വിളിക്കുമോ?
ഇന്ത്യന്‍ ചാംപ്യന്‍സ് ട്രോഫി ടീമില്‍ വരുത്തിയേക്കാവുന്ന മറ്റൊരു മാറ്റം മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ വരവായിരിക്കും. നേരത്തേ നടന്ന ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ വന്‍ വിക്കറ്റ് വേട്ടയാണ് താരം നടത്തിയത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകള്‍ വരുണ്‍ പോക്കറ്റിലാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് വരുണിനെ ചാംപ്യന്‍സ് ട്രോഫിയിലും ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമായത്. തുടര്‍ന്ന് ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്കു താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. രണ്ടാം ഏകദിനത്തിലൂടെ വരുണ്‍ ഈ ഫോര്‍മാറ്റില്‍ അരങ്ങേറുകയും ചെയ്തു. 10 ഓവറില്‍ 54 റണ്‍സിന് ഒരു വിക്കറ്റും താരത്തിനു ലഭിച്ചു.

പക്ഷെവ വരുണിന് ചാംപ്യന്‍സ് ട്രോഫി ടീമില്‍ സ്ഥാനം ലഭിക്കുമോയെന്നതു ഇപ്പോഴും ഉറപ്പായിട്ടില്ല. നിലവില്‍ 15 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തത്. ഇതില്‍ കൂടുതല്‍ കളിക്കാരെ ഉള്‍പ്പെടുത്താന്‍ ഒരു ടീമിനു അനുമതിയുമില്ല. അതുകൊണ്ടു തന്നെ വരുണിനെ അന്തിമ സ്‌ക്വാഡില്‍ എടുക്കേണ്ടതായി വന്നാല്‍ നിലവിലെ 15 പേരില്‍ ഒരാളെ ഇന്ത്യക്കു ഒഴിവാക്കേണ്ടതായി വരും.
ചിലപ്പോള്‍ വാഷിങ്ടണ്‍ സുന്ദറിനായിരിക്കും സ്ഥാനം നഷ്ടമായേക്കുക. എന്നാല്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണിനെ തഴഞ്ഞ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ വരുണിനെ കൊണ്ടുവരാന്‍ ഇന്ത്യ മടിച്ചേക്കും. പ്രത്യേകിച്ചും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ഓള്‍റൗണ്ടര്‍മാര്‍ക്കു കൂടുതല്‍ പ്രാധാന്യവും നല്‍കുന്നയാളാണ്. അതിനാല്‍ വാഷിങ്ടണിനു പകരം വരുണിനെ കൊണ്ടുവരികയെന്ന നീക്കത്തില്‍ നിന്നും ഇന്ത്യ പിന്‍മാറിയേക്കും.
ചാംപ്യന്‍സ് ട്രോഫിക്കുള്ള അന്തിമ സാധ്യതാ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ / വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ / മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ.