ആധുനിക ക്രിക്കറ്റില്‍ ഏറ്റവും നന്നായി യോര്‍ക്കറുകളെറിയാന്‍ സാധിക്കുന്ന ബൗളര്‍മാര്‍ ആരൊക്കെയാണെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. നിലവില്‍ മല്‍സര രംഗത്തുള്ള ഇന്ത്യയുടെ രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടപ്പോള്‍ മുന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാനെ ചോപ്ര തഴയുകയായിരുന്നു. കൂടാതെ ഷുഐബ് അക്തര്‍, ബ്രെറ്റ് ലീ തുടങ്ങിയ മുന്‍ ഇതിഹാസങ്ങളെയും ചോപ്ര പരിഗണിച്ചില്ല. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് തീപാറുന്ന യോര്‍ക്കറുകളെറിഞ്ഞ് ബാറ്റര്‍മാരെ വിറപ്പിക്കാന്‍ ശേഷിയുള്ള ബൗളര്‍മാരെ അദ്ദേഹം തിരഞ്ഞെടുത്തത്.
ഒരു ബൗളറുടെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമെന്നാണ് യോര്‍ക്കര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രത്യേകിച്ചും വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇതു വലിയ ഇംപാക്ട് തന്നെയുണ്ടാക്കുന്നതായി കാണാന്‍ സാധിക്കും. ഡെത്ത് ഓവറുകളിലെ യോര്‍ക്കറുകള്‍ വിക്കറ്റുകളെടുക്കാന്‍ മാത്രമല്ല, റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനും ബൗളറെ സഹായിക്കാറുണ്ട്.

മലിങ്കയാണ് ഏറ്റവും കേമന്‍
ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ലസിത് മലിങ്കയാണ് യോര്‍ക്കറുകളുടെ കാര്യത്തില്‍ ഏറ്റവും അപകടകാരിയെന്നാണ് ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നത്. ആധുനിക ക്രിക്കറ്റില്‍ നിങ്ങള്‍ക്കു അയാളില്‍ കൂടുതല്‍ ദൂരേക്കു പോവാന്‍ കഴിയില്ല. അദ്ദേഹത്തെയല്ലാതെ മറ്റാരെയും നിങ്ങള്‍ക്കു കാണാനും സാധിക്കില്ല- അത് ലസിത് മലിങ്കയാണ്.
അദ്ദേഹം ശരിക്കുമൊരു ബീസ്റ്റ് തന്നെയായിരുന്നു. മലിങ്കയുടെ യോര്‍ക്കറുകള്‍ വ്യത്യസ്തമായിരുന്നു. കാരണം വളരെ താഴ്ന്ന ആംഗിളിലൂടെയാണ് അവ വരാറുള്ളത്. അദ്ദേഹം ഒരു പ്രതിഭയായിരുന്നു. സ്ലോ യോര്‍ക്കറുകളും മലിങ്കയുടെ പക്കലുണ്ടായിരുന്നതായും ചോപ്ര നിരീക്ഷിച്ചു.
പാകിസ്താന്റെ ഇതിഹാസ ജോടികള്‍
പാകിസ്താന്റെ മുന്‍ ഇതിഹാസ പേസ് ജോടികളായ വഖാര്‍ യൂനിസും വസീം അക്രവുമാണ് ചോപ്ര തിരഞ്ഞടുത്ത മറ്റു രണ്ടു യോര്‍ക്കര്‍ വീരന്‍മാര്‍. പന്തെറിയാന്‍ വളരെ ദൂരെ നിന്നും ഓടിയെത്തിയിരുന്ന ഒരു ബൗളറെക്കുറിച്ച് എനിക്കോര്‍മയുണ്ട്. അല്‍പ്പം റൗണ്ടായ ബൗളിങ് ആക്ഷനായിരുന്നു അദ്ദേഹത്തിനുള്ളത്.
അദ്ദേഹത്തിന്റെ ആ ഓട്ടം കാണുന്നത് തന്നെ ഏറെ സന്തോഷം നല്‍കുന്നതായിരുന്നു. പഴയ ബോളിലാണ് അദ്ദേഹം കൂടുതല്‍ അദ്ദേഹം കൂടുതല്‍ അപകടകാരിയെങ്കിലും ചിലപ്പോള്‍ ന്യൂബോളിലും കസറാറുണ്ട്. ബൗളറുടെ പേര് വഖാര്‍ യൂനിസെന്നാണ്. അദ്ദേഹത്തിന്റെ ബൗളിങിലെ താളം അതിശയിപ്പിക്കുന്നതാണെന്നും ചോപ്ര വിലയിരുത്തി.
അതിനു ശേഷം ഞാന്‍ ചിന്തിക്കുക വസീം ഭായിയെക്കുറിച്ചാണ് (വസീം അക്രം). വസീം വ്യത്യസ്തനായിരുന്നു. ആദ്യം അദ്ദേഹം ബൗളിങിലെ ആംഗിളില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കും. ഒരു കംപ്ലീറ്റ് ബൗളറായിരുന്നു വസീം അക്രമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ബൂം ബൂം ബുംറ...
വൈറ്റ് ബോള്‍, റെഡ് ബോള്‍ ഫോര്‍മാറ്റിലെ ജീനിയസിലേക്കു വന്നാല്‍ ജസ്പ്രീത് ബുംറയെ എങ്ങനെ കാണാതിരിക്കാന്‍ കഴിയും. ബൂം ബൂം ബുംറ നമ്മുടെ അഭിമാനവുമാണ്. എന്തൊരു ബൗളറാണ് അദ്ദേഹം. ഓലി പോപ്പിനെതിരേയുള്ള ബുംറയുടെ ആ യോര്‍ക്കര്‍ നിങ്ങള്‍ വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കും. ഒരു വെടിയുണ്ട പോലെ വന്നാണ് ആ ബോള്‍ സ്റ്റംപുകളില്‍ പതിച്ചത്. ഇതുപോലെയുള്ള ഒരുപാട് യോര്‍ക്കറുകള്‍ ബുംറയെറിഞ്ഞിട്ടുണ്ടെന്നും ചോപ്ര വിലയിരുത്തി.
ഇംഗ്ലണ്ടിന്റെ മുന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്റോഫും നന്നായി യോര്‍ക്കറുകളെറിയുന്ന ബൗളറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയുടെ യോര്‍ക്കറുകളെയും ചോപ്ര പ്രശംസിച്ചു.
മുഹമ്മദ് ഷമിക്കും നന്നായി യോര്‍ക്കറുകളെറിയാന്‍ കഴിയും. ഈഡന്‍ ഗാര്‍ഡന്‍സിലെ അരങ്ങേറ്റ മല്‍സരത്തില്‍ അദ്ദേഹം അഞ്ചു വിക്കറ്റുകള്‍ പിഴുതു. ഷമിയുടെ യോര്‍ക്കറുകള്‍ കൃത്യമായി സ്റ്റംപുകളിലാണ് പതിച്ചതെന്നും ചോപ്ര അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെയാണ് തന്റെ ലിസ്റ്റില്‍ അവസാനമായി അദ്ദേഹം ഉള്‍പ്പെടുത്തിയത്.