2023ല്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വലിയ വേദനയും നിരാശയുമാണ് സമ്മാനിച്ചത്. കാരണം ഒരു കളി പോലും പോലും തോല്‍ക്കാതെ ടൂര്‍ണമെന്റില്‍ പടയോട്ടം നടത്തിയ ഇന്ത്യക്കു കപ്പിനരികെ കാലിടറി. ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ കളി മറന്ന രോഹിത് ശര്‍മയും സംഘവും കിരീടവും അടിയറ വയ്ക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യക്കേറ്റ ഈ തോല്‍വി ഇന്നും ആരാധകരുടെ മനസ്സിനെ വേട്ടയാടുന്നുണ്ട്.
അതുകൊണ്ടു തന്നെ ഈ മുറിവുണക്കാന്‍ 2027ലെ അടുത്ത ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു കിരീടം നേടിയേ തീരൂ. സൗത്താഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ മൂന്നു രാജ്യങ്ങളിലായിട്ടാണ് ഈ ടൂര്‍ണമെന്റ് നടക്കാനിരിക്കുന്നത്. അവസാനത്തെ ഏകദിന ലോകകപ്പില്‍ കണ്ട ടീമില്‍ പല മാറ്റങ്ങളുമായിട്ടാവും 2027ലെ ടൂര്‍ണമെന്റില്‍ ഇന്ത്യയിറങ്ങുക.
നിലവില്‍ ടീമിന്റെ ഭാഗമായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, പേസര്‍ മുഹമ്മദ് ഷമി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെയൊന്നും 2027ലെ ലോകകപ്പ് സ്‌ക്വാഡില്‍ കാണില്ലെന്നുറപ്പാണ്. എങ്ങനെയാവും അടുത്ത ഏകദിന ലോകകപ്പിലെ ഇന്ത്യന്‍ സാധ്യതാ ടീമെന്നു നോക്കാം.

ബാറ്റിങ് ലൈനപ്പ്
യുവത്വവും പരിചയസമ്പത്തുമുള്ള ഒരു ബാറ്റിങ് നിരയെയാവും 2027ലെ ഏകദിന ലോകകപ്പില്‍ നമുക്കു കാണാന്‍ സാധിക്കുക. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഓപ്പണിങ് റോളില്‍ ഇന്ത്യക്കായി ഇറങ്ങുക ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമായിരിക്കും. ഇവരെക്കൂടാതെ ബാക്കപ്പായി ടീമിലേക്കു വരാനിടയുള്ള താരം റുതുരാജ് ഗെയ്ക്വാദാണ്.
മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം സഞ്ജു സാംസണ്‍. തിലക് വര്‍മ, റിയാന്‍ പരാഗ്, കെഎല്‍ രാഹുല്‍ തുടങ്ങിയവരെല്ലാമുണ്ടായേക്കും. എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ അത്ര മികച്ച റെക്കോര്‍ഡില്ലാത്തതിനാല്‍ റിഷഭ് പന്തിനു അവസരം ലഭിച്ചേക്കില്ല. പക്ഷെ അടുത്ത രണ്ടു വര്‍ഷത്തിനിടെ ഏകദിനത്തില്‍ തനിക്കു ലഭിക്കുന്ന അവസരങ്ങള്‍ മുതലെടുത്ത് മികച്ച സ്‌കോറുകള്‍ കുറിക്കാനായാല്‍ റിഷഭിനു ഏകദിനത്തിലേക്കു ശക്തമായി തിരിച്ചുവരാനും സ്ഥാനമുറപ്പിക്കാനും കഴിയും.
റിഷഭിനു ഏകദിനത്തില്‍ തുടര്‍ന്നും തിളങ്ങാന്‍ സാധിക്കാതെ വന്നാല്‍ അടുത്ത ലോകകപ്പിലെ വിക്കറ്റ് കീപ്പര്‍മാര്‍ സഞ്ജുവും രാഹുലുമായിരിക്കും. എന്നാല്‍ ഇവരിലൊരാള്‍ ഫോമൗട്ട് ആവുകയാണെങ്കില്‍ ധ്രുവ് ജുറേലും ടീമില്‍ സ്ഥാനം സ്വന്തമാക്കിയേക്കും.
ഓള്‍റൗണ്ടര്‍മാര്‍
പരിക്കുകള്‍ വേട്ടയാടിയില്ലെങ്കില്‍ സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യയെയും 2027ലെ ഏകദിന ലോകകപ്പില്‍ നമുക്കു തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ കാണാം. ഇപ്പോള്‍ നല്‍കിയ പ്രതീക്ഷകള്‍ കാത്തുസൂക്ഷിച്ചാല്‍ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയും ഉറപ്പായും ടീമിലുണ്ടാവും. സ്പിന്‍ ബൗളര്‍മാര്‍ കൂടിയായ അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറുമായിരിക്കും ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്താന്‍ പോവുന്ന മറ്റു രണ്ടു ഓള്‍റൗണ്ടര്‍മാര്‍.

ബൗളങ് ലൈനപ്പ്
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക. ടീമിനെ അദ്ദേഹം നയിക്കാനുള്ള സാധ്യതയും കൂടുതലാണ്. പേസ് ബൗളിങ് ലൈനപ്പില്‍ അദ്ദേഹത്തിനൊപ്പമുണ്ടാവുക അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ എന്നിവരായിരിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരും ടീമിലുണ്ടാവാന്‍ സാധ്യതയുണ്ട്.
2027ലെ ലോകകപ്പിലെ ഇന്ത്യന്‍ സാധ്യതാ ടീം
ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ, റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, നിതീഷ് റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്.