
ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ നായകന്‍ മൈക്കല്‍ വോന്‍. സാധാരണയായി ഇന്ത്യയെ ട്രോളാനുള്ള ഒരവസരവും പാഴാക്കാറില്ലാത്ത വ്യക്തിയാണ് വോന്‍. എന്നാല്‍ ഇത്തവണ സ്വന്തം ടീമിന്റെ പ്രകടനത്തില്‍ നിരാശയും രോഷവും പ്രകടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ട്വിറ്ററിലൂടെയായിരുന്നു റൂട്ടിന്റെ ക്യാപ്റ്റന്‍സിയെ വോന്‍ വിമര്‍ശിച്ചത്. ഈ തന്ത്രങ്ങള്‍ വിചിത്രമാണെന്നായിരുന്നു റൂട്ടിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് വോന്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യയുടെ വാലറ്റനിരയെ പുറത്താക്കുന്നതില്‍ റൂട്ട് പരാജയപ്പെട്ടിരുന്നു. അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ 89 റണ്‍സ് ഇന്ത്യ വാരിക്കൂട്ടിയിരുന്നു. മുഹമ്മദ് ഷമി- ജസ്പ്രീത് ബുംറ ജോടി പുറത്താവാതെ നില്‍ക്കുകയും ചെയ്തിരുന്നു.
ഷമി, ബുംറ എന്നിവര്‍ക്കെതിരേ കൂടുതലും ഷോര്‍ട്ട് പിച്ച് ബോളുകളായിരുന്നു ഇംഗ്ലീഷ് ബൗളര്‍മാര്‍ പരീക്ഷിച്ചത്. മാത്രമല്ല ബൗണ്ടറി ലൈനിന് അരികിലായിരുന്നു കൂടുതലും ഫീല്‍ഡര്‍മാരെ അണിനിരത്തിയത്. ഇതാവാം റൂട്ടിന്റെ ക്യാപ്റ്റന്‍സിയെ വോന്‍ വിമര്‍ശിക്കാനുള്ള പ്രധാന കാരണമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. വോനിന്റെ ട്വീറ്റിനു താഴെ ആരാധകരും തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചിലര്‍ വോനിന്റെ അഭിപ്രായത്തോടു യോജിക്കുകയും ചെയ്തു. ഷമി, ബുംറ എന്നിവര്‍ക്കെതിരേ റൂട്ടിന്റെ ഫീല്‍ഡിങ് ക്രമീകരണം അംഗീകരിക്കാനാവില്ലെന്നായിരുന്നു ചിലരുടെ അഭിപ്രായം.
വോന്‍ മാത്രമല്ല ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും റൂട്ടിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഇന്നു രാവിലെ മുതല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന്റെ തന്ത്രങ്ങള്‍ മുഴുവന്‍ പാളിയിരുന്നു. ഇന്ത്യയുടെ പോരാട്ടവീര്യം ഗംഭീരമായിരുന്നു- ടെസ്റ്റ് ക്രിക്കറ്റ് എത്ര മികച്ചതാണെന്നു ഒരിക്കല്‍കൂടി ഇതു നമുക്കു കാണിച്ചു തന്നുവെന്നും വോണ്‍ ട്വിറ്ററില്‍ കുറിച്ചു.
ഷമി 56 റണ്‍സെടുത്തപ്പോള്‍ ബുംറ 34 റണ്‍സും നേടി. 70 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഷമിയുടെ ഇന്നിങ്‌സ്. ബുംറ 64 ബോളില്‍ മൂന്നു ബൗണ്ടറികളോടെയാണ് 34 റണ്‍സ് നേടിയത്. എട്ടിനു 209 റണ്‍സെന്ന നിലയില്‍ നിന്ന് 298 റണ്‍സെടുത്ത് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

272 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് ഇന്ത്യ നല്‍കിയിരിക്കുന്നത്. മൂന്നാം സെഷനില്‍ 29 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിനു 75 റണ്‍സെന്ന നിലയില്‍ പതറുകയാണ്. അഞ്ചു വിക്കറ്റുകള്‍ മാത്രം ശേഷിക്കെ ജയിക്കാന്‍ അവര്‍ക്കു ഇനിയും 197 റണ്‍സ് കൂടി വേണം. ജോസ് ബട്‌ലറും (3) മോയിന്‍ അലിയുമാണ് (4) ക്രീസില്‍. ഓപ്പണര്‍മാരായ റോറി ബേണ്‍സ് (0), ഡൊമിനിക്ക് സിബ്ലി (0), ഹസീബ് ഹമീദ് (9), റൂട്ട് (33), ജോണി ബെയര്‍സ്‌റ്റോ (2) എന്നിവരാണ് പുറത്തായത്. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറയും ഇഷാന്ത് ശര്‍മയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.
നേരത്തേ 61 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. 146 ബോളില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പേട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ചേതേശ്വര്‍ പുജാര 45 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നു വിക്കറ്റുകളെടുത്തു. ഓലി റോബിന്‍സണും മോയിന്‍ അലിയും രണ്ടു വിക്കറ്റുകള്‍ വീതം നേടി. ഒന്നാമന്നിങ്‌സില്‍ ഇംഗ്ലണ്ടിനു 27 റണ്‍സിന്റെ നേരിയ ലീഡാണുണ്ടായിരുന്നത്. ഇന്ത്യക്കു വേണ്ടി കെഎല്‍ രാഹുലും (129) ഇംഗ്ലണ്ടിനായി റൂട്ടും (180*) സെഞ്ച്വറികളടിച്ചിരുന്നു.