പരിക്കില്‍ നിന്നും മോചിതനായി നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു ഗംഭീര തിരിച്ചുവരവാണ് സ്വിങ് ബോള്‍ സ്‌പെഷ്യലിസ്റ്റായ ഭുവനേശ്വര്‍ കുമാര്‍ നടത്തിയിരിക്കുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ പേസാക്രമണത്തിന് ചുക്കാന്‍ പിടിക്കേണ്ട ചുമതല ഭുവിക്കായിരുന്നു. ഈ റോള്‍ അദ്ദേഹം ഭംഗിയായി നിറവേറ്റുകയും ചെയ്തു.

ഫൈനലിനു തുല്യമായ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് ഭുവിയുടെ സ്‌പെല്ലായിരുന്നു. റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ കളി ഇന്ത്യയുടെ കൈകളില്‍ നിന്നും വഴുതിപ്പോവുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഭുവിയുടെ രണ്ടാം സ്‌പെല്ലിലെ പ്രകടനം ഇംഗ്ലണ്ടിന്റെ താളംതെറ്റിക്കുകയായിരുന്നു.
13ാം ഓവറില്‍ ജോസ് ബട്‌ലറിനെ ഭുവി പുറത്താക്കിയതാണ് കളിയിലെ ടേണിങ് പോയിന്റായത്. പിന്നീട് ഇംഗ്ലണ്ടിനെ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. കളിയില്‍ നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഭുവി രണ്ടു വിക്കറ്റുകളെടുത്തിരുന്നു. 17 ഡോട്ട് ബോളുകളും ഇതിലുള്‍പ്പെടുന്നു. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.
ഈ പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ ഒരു അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഏറ്റവുമുയര്‍ന്ന ഡോട്ട് ബോള്‍ ശരാശരിയുള്ള ബൗളറായി ബൗളറായി ഭുവി മാറിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ സമാപിച്ച ഈ പരമ്പരയില്‍ 56.5 ആയിരുന്നു പേസറുടെ ശരാശരി. ഈ വര്‍ഷം തന്നെ ഓസ്‌ട്രേലിയക്കെതിരേയുള്ള പരമ്പരയില്‍ ന്യൂസിലാന്‍ഡ് പേസര്‍ ടിം സോത്തി കുറിച്ച 50 എന്ന ശരാശരി ഭുവി പഴങ്കഥയാക്കുകയായിരുന്നു.
ഇന്ത്യക്കെതിരേ ഇതേ പരമ്പരയില്‍ തന്നെ 49.2 ഡോട്ട് ബോള്‍ ശരാശരിയുള്ള ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. ഇന്ത്യയുടെ ശര്‍ദ്ദുല്‍ ഠാക്കൂര്‍ (45.8 ശരാശരി, ഓസ്‌ട്രേലിയ, 2020), ഓസ്‌ട്രേലിയയുടെ ആഷ്ടണ്‍ ആഗര്‍ (45.1, ന്യൂസിലാന്‍ഡ്, 2021), ഇന്ത്യയുടെ ജസ്പ്രീത് ബുംറ (45, ഓസ്‌ട്രേലിയ, 2020) എന്നിവരാണ് എലൈറ്റ് ക്ലബ്ബില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.