മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചത് എന്‍ ശ്രീനിവാസന്റെ സമ്മര്‍ദ്ദം മൂലമെന്ന് വെളിപ്പെടുത്തല്‍. ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മയാണ് ബി സി സി ഐ പ്രസിഡണ്ടിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. സച്ചിനോട് ടെസ്റ്റില്‍ നിന്നും വിരമിക്കാന്‍ ബി സി സി ഐ ആവശ്യപ്പെടാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയ്ക്കിടെയാണ് വിവാദ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.
അമ്പതാം സെഞ്ചുറിക്ക് തൊട്ടരികെ നില്‍ക്കെ സച്ചിന്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചത് ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. 49 സെഞ്ചുറികള്‍ സച്ചിന്‍ ഏകദിനത്തില്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് സച്ചിന്‍ അപ്രതീക്ഷിതമായി റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചത്. ഇതിന് പിന്നില്‍ ബി സി സി ഐ പ്രസിഡണ്ട് ശ്രീനിവാസനാണ് എന്നാണ് ആദിത്യ വര്‍മ ആരോപിക്കുന്നത്.

അതേസമയം ഇരുന്നൂറാം ടെസ്റ്റ് പൂര്‍ത്തിയാക്കിയ ഉടന്‍ വിരമിക്കാന്‍ ബി സി സി ഐ സച്ചിനോട് ആവശ്യപ്പെടും എന്നും റിപ്പോര്‍ട്ടുണ്ട്. വിവാദങ്ങള്‍ക്കിടെ ബി സി സി ഐ പ്രസിഡണ്ട് ശ്രീനിവാസന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെയാണ് സച്ചിനോട് വിരമിക്കാന്‍ ആവശ്യപ്പെടും എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സച്ചിന് സ്വന്തം നാട്ടില്‍ വിരമിക്കാനുള്ള അവസരമായാണ് വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യന്‍ പര്യടനത്തിന് വിളിച്ചതെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ബി സി സി ഐ അംഗം പറഞ്ഞു.
സച്ചിന്റെ സമീപകാല ബാറ്റിംഗ് ഫോമും നല്ല കാലം കഴിഞ്ഞു എന്ന സൂചന തന്നെയാണ് നല്‍കുന്നത്. കഴിഞ്ഞ 22 ടെസ്റ്റുകളില്‍ നിന്നും ഒരു സെഞ്ചുറി പോലും നേടാന്‍ സച്ചിന് കഴിഞ്ഞിട്ടില്ല. അവസാന 12 ടെസ്റ്റുകളില്‍ രണ്ട് അര്‍ദ്ധസെഞ്ചുറി മാത്രമാണ് സച്ചിന്റെ സമ്പാദ്യം. ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച രണ്ട് കളികളിലും മികച്ചൊരു ഇന്നിംഗ്‌സ് കാഴ്ചവെക്കാന്‍ സച്ചിന് കഴിഞ്ഞിട്ടില്ല.