ടി20യിലെ മികച്ച ക്യാപ്റ്റനാര്? ടോപ്പ് ഫൈവിനെ അറിയാം, കോലിക്കു രണ്ടാംസ്ഥാനം
ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റായ ടി20യില്‍ ടീമിനെ നയിക്കുകയെന്നത് ഏതൊരു ക്യാപ്റ്റനും വെല്ലുവിളിയാണ്. ഒന്നോ, രണ്ടോ ഓവര്‍ കൊണ്ട് മല്‍സരഫലം തന്നെ മാറിമറിയുന്ന ഫോര്‍മാറ്റാണിത്. അതുകൊണ്ടു തന്നെ ടി20യില്‍ ടീമിനെ വിജയത്തിലേക്കു നയിക്കാന്‍ അസാധാരണ മികവ് തന്നെ ഒരു ക്യാപ്റ്റന് ആവശ്യമാണ്. കാരണം ചെറിയൊരു പിഴവ് പോലും ടീമിന്റെ പരാജയതതിനു വഴിയൊരുക്കിയേക്കും.
നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ചില ടി20 ക്യാപ്റ്റന്മാണ്ട്. ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ക്യാപ്റ്റന്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം. ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാപ്റ്റന്‍മാര്‍ക്കു റാങ്കിങ് നല്‍കിയിരിക്കുന്നത്.

കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്)
ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് മികച്ച ടി20 നായകരില്‍ അഞ്ചാംസ്ഥാനത്ത്. 2012ലായിരുന്നു അദ്ദേഹം ദേശീയ ടീമിന്റെ നായകസ്ഥാനമേറ്റെടുത്തത്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായി വില്ല്യംസണ്‍ മാറിക്കഴിഞ്ഞു. ഇതുവരെ 49 ടി20കളിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. ഇവയില്‍ 23 മല്‍സരങ്ങളില്‍ കിവീസ് ജയിച്ചപ്പോള്‍ 24 എണ്ണത്തില്‍ തോല്‍വിയുമേറ്റുവാങ്ങി. വിജയശതമാനം 48.95 ആണ്.
ബാറ്റ്‌സ്മാനെന്ന നിലയിലും വില്ല്യംസണ്‍ ടി20യില്‍ തിളങ്ങിയിരുന്നു. 67 മല്‍സരങ്ങളില്‍ നിന്നും 31.7 ശരാശരിയില്‍ 125.1 സ്‌ട്രൈക്ക് റേറ്റോടെ 1805 റണ്‍സെടുത്തിട്ടുണ്ട്.

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ)
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനാണ് നാലാംസ്ഥാനം. 2108ല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസീസ് ടീം നടുങ്ങിനില്‍ക്കവെയാണ് ഫിഞ്ച് നിശ്ചിത ഓവര്‍ ടീമുകളുടെ നായകസ്ഥാനത്തേക്കു വരുന്നത്. ഓസീസ് ടീമിനൊപ്പം ക്യാപ്റ്റനായി അദ്ദേഹത്തിന്റെ രണ്ടാമൂഴമായിരുന്നു ഇത്. 2014ലായിരുന്നു ഫിഞ്ച് ആദ്യമായി ക്യാപ്റ്റവാനായത്. എന്നാല്‍ 16ല്‍ അദ്ദേഹത്തെ മാറ്റി പകരം സ്റ്റീവ് സ്മിത്തിന് ഓസീസ് നായകസ്ഥാനം നല്‍കി.
ഫിഞ്ചിനു കീഴില്‍ 44 ടി20കളില്‍ 22 ജയവും 20 തോല്‍വികളുമാണ് ഓസീസിന് നേടാനായത്. 52.38 വിജയശരാശരിയിലായിരുന്നു ഇത്.

ഒയ്ന്‍ മോര്‍ഗന്‍ (ഇംഗ്ലണ്ട്)
ഇംഗ്ലണ്ടിനെ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ടീമാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് നിശ്ചിത ഓവര്‍ ടീം നായകന്‍ ഒയ്ന്‍ മോര്‍ഗനു കൂടി അവകാശപ്പെട്ടതാണ്. 2015ല്‍ ഇംഗ്ലീഷ് ടീം തങ്ങളുടെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകവെയാണ് മോര്‍ഗന്‍ ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരുന്നത്. ടീമിനെ കൈപിടിച്ചുയര്‍ത്തിയ അദ്ദേഹം ഇംഗ്ലണ്ടിനെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടുവന്നു.
ഇതുവരെ 59 ടി20 മല്‍സരങ്ങളിലാണ് മോര്‍ഗന്‍ ഇംഗ്ലണ്ടിനെ നയിച്ചത്. ഇവയില്‍ 33 എണ്ണത്തില്‍ അദ്ദേഹം ടീമിനു ജയം നേടിക്കൊടുക്കുകയും ചെയ്തു. 58.62 ആണ് വിജയശരാശരി.

വിരാട് കോലി (ഇന്ത്യ)
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ലിസ്റ്റിലെ രണ്ടാമന്‍. ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി നായകസ്ഥാനത്തേക്കു വന്ന അദ്ദേഹം ഈ റോള്‍ ഭംഗിയായി നിറവേറ്റുകയും ചെയ്യുന്നുണ്ട്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ മിന്നുന്ന പ്രകടനം നടത്താന്‍ കാരണം കോലിയുടെ അഗ്രസീവ് ക്യാപ്റ്റന്‍സി കൂടിയാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവരെ നാട്ടിലും വിദേശത്തുമെല്ലാം തോല്‍പ്പിക്കാന്‍ കോലിപ്പടയ്ക്കായിരുന്നു.
ടി20 ക്യാപ്റ്റന്‍മാരില്‍ 65.11 എന്ന മികച്ച ശരാശരി അദ്ദേഹത്തിനുണ്ട്. 2017 മുതല്‍ 21 വരെ 47 ടി20കളിലാണ് കോലി ടീമിനെ നയിച്ചത്. ഇവയില്‍ 27ലും ഇന്ത്യ വിജയക്കൊടി നാട്ടുകയും ചെയ്തു. വെറും 14 മല്‍സരങ്ങളില്‍ മാത്രമേ ടീം തോറ്റിട്ടുള്ളൂ.

ബാബര്‍ ആസം (പാകിസ്താന്‍)
പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ ആസമാണ് നിലവില്‍ ടി20യിലെ നമ്പര്‍ വണ്‍ ക്യാപ്റ്റനെന്നു കണക്കുകള്‍ അടിവരയിടുന്നു. 2020ലായിരുന്നു സര്‍ഫറാസ് അഹമ്മദില്‍ നിന്നും ബാബര്‍ നായകസ്ഥാനമേറ്റെടുത്തത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ലാഹോറില്‍ നിന്നുള്ള സ്റ്റാര്‍ ബാറ്റ്‌സ്മാന് ക്യാപ്റ്റന്‍സിയിലും തന്റെ മികവ് പ്രകടിപ്പിക്കാന്‍ സാധിച്ചു.
21 ടി20 മല്‍സരങ്ങളിലാണ് ബാബറിനു കീഴില്‍ പാകിസ്താന്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ 13ലും ടീം വിജയിച്ചു. 68.42ന്റെ വിജയശരാശരിയുമായാണ് ബാബര്‍ ടി20 നായകരില്‍ ഒന്നാമനായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications