ഇതാ ഇന്ത്യ- പാക് ടി20 ഇലവന്‍, ഇന്ത്യയുടെ ആറു പേര്‍, തിരഞ്ഞെടുത്ത് ബാബര്‍ ആസം

ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഇപ്പോള്‍ ഒരുമിച്ച് കളിച്ചാല്‍ എങ്ങനെയിരിക്കും, അതും ടി20യില്‍? അത്തരമൊരു സാങ്കല്‍പ്പിക ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താന്റെ ബാറ്റിങ് സെന്‍സേഷനും ഏകദിന ടീം ക്യാപ്റ്റനുമായ ബാബര്‍ ആസം. ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ബാബര്‍ നേരിയ മുന്‍തൂക്കം നല്‍കിയത്. ഇലവിലെ ആറു താരങ്ങളും ഇന്ത്യയില്‍ നിന്നുള്ളവരാണ്.
കാര്യമായ സര്‍പ്രൈസുകള്‍ക്കൊന്നും ബാബര്‍ മുതിര്‍ന്നിട്ടില്ല. പ്രമുഖ താരങ്ങളെയെല്ലാം അദ്ദേഹം ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹര്‍ഷ ഭോഗലെയുമായുള്ള ലൈവിലാണ് ബാബര്‍ ടി20 ഇലവനെ പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍ ജസ്പ്രീത് ബുംറ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെയാണ് ഇന്ത്യയില്‍ നിന്നും ബാബര്‍ തന്റെ ഇലവനിലേക്കു പരിഗണിച്ചത്.
ടി20 ഇലവനില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയും ബാബറാണ്. നിലവില്‍ ഐസിസിയുടെ ടി20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിങില്‍ തലപ്പത്തുള്ള താരം കൂടിയാണ് അദ്ദേഹം.

കോലിക്കു തന്റെ ഫേവറിറ്റ് ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പര്‍ തന്നെയാണ് ബാബര്‍ നല്‍കിയിരിക്കുന്നത്. നാലാംസ്ഥാനത്ത് ഇറങ്ങുക പാകിസ്താന്റെ മുന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്കാണ്.
ഇലവന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായ ധോണിയാണ് അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങുക. തൊട്ടുപിറകെ ഹാര്‍ദിക് കളിക്കും.

ബൗളിങില്‍ പാകിസ്താന്റെ ഓള്‍റൗണ്ടര്‍ കൂടിയായ ഷതാബ് ഖാനും ഇന്ത്യയുടെ കുല്‍ദീപ് യാദവും ചേര്‍ന്നായിരിക്കും സ്പിന്‍ ബൗളിങിന് ചുക്കാന്‍ പിടിക്കുക. മൂര്‍ച്ചയേറിയ പേസ് ബൗളിങ് നിരയാണ് ഇലവനുള്ളത്.
പാകിസ്താന്റെ സ്റ്റാര്‍ പേസര് മുഹമ്മദ് ആമിര്‍ നയിക്കുന്ന ബൗളിങ് നിരയില്‍ ബുംറയെക്കൂടാതെ പാകിസ്താന്റെ പുതിയ പേസ് കണ്ടു പിടുത്തമായ ഷഹീന്‍ അഫ്രീഡിയുമുണ്ട്.

ഇന്ത്യ-പാക് ടി20 ഇലവന്‍
രോഹിത് ശര്‍മ (ഇന്ത്യ), ബാബര്‍ ആസം (പാകിസ്താന്‍), വിരാട് കോലി (ഇന്ത്യ), ഷുഐബ് മാലിക്ക് (പാകിസ്താന്‍), എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (ഇന്ത്യ), ഷതാബ് ഖാന്‍ (പാകിസ്താന്‍), കുല്‍ദീപ് യാദവ് (ഇന്ത്യ), ഷഹീന്‍ അഫ്രീഡി, മുഹമ്മദ് ആമിര്‍ (പാകിസ്താന്‍), ജസ്പ്രീത് ബുംറ (ഇന്ത്യ).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications