ഐസിസി ഏകദിന ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവ കൂടാതെ ഈ വര്‍ഷം ക്രിക്കറ്റില്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഏഷ്യന്‍ ഗെയിംസ്. ചൈനയിലെ ഗ്വാങ്ഷുവില്‍ സപ്തംബറില്‍ ആരംഭിക്കുന്ന ഏഷ്യാഡില്‍ ഇത്തവണ ക്രിക്കറ്റില്‍ മെഡല്‍ ലക്ഷ്യമിട്ട് ടീമിനെ അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിസിസിഐ.
ഏഷ്യന്‍ ഗെയിംസും ഏകദിന ലോകകപ്പും ഏറെക്കുറെ ഒരേ സമയത്തു തന്നെയായതിനാല്‍ ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഫസ്റ്റ് ചോയ്‌സ് ടീമിനെ അയക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് അസാധ്യമാണ്. അതുകൊണ്ടു തന്നെ ബി ടീമിനെയായിരിക്കും ഗെയിംസില്‍ മെഡല്‍ക്കൊയ്ത്തിനായി ഇന്ത്യ നിയോഗിക്കുക.

ഏഷ്യന്‍ ഗെയിംസില്‍ ഇതു മൂന്നാം തവണ മാത്രമാണ് ക്രിക്കറ്റ് ഒരു മല്‍സര ഇനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തേ 2010, 14 വര്‍ഷങ്ങളിലെ ഏഷ്യാഡില്‍ ക്രിക്കറ്റുണ്ടായിരുന്നെങ്കിലും ഇന്ത്യ ടീമിനെ അയച്ചിരുന്നില്ല. ഇത്തവണ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ടീമിനെ പങ്കെടുപ്പിക്കാന്‍ തന്നെയാണ് ബിസിസിഐയുടെ തീരുമാനം. വനിതകളില്‍ മുന്‍നിര ടീമിനെയും പുരുഷ വിഭാഗത്തില്‍ ബി ടീമിനെയുമാണ് ഇന്ത്യ ഇറക്കുക.
നിലവില്‍ ലോകകപ്പ് പ്ലാനിന്റെ ഭാഗമല്ലാത്ത വെറ്ററന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനായിരിക്കും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കുകയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സഞ്ജു സാംസണും നായകനായി മികച്ച ഓപ്ഷനാണെങ്കിലും അദ്ദേഹം ലോകകപ്പ് ടീമിന്റെ ഭാഗമാവുമെന്നാണ് വിവരം. അതിനാല്‍ തന്നെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുമാവില്ല.
ഇന്ത്യയുടെ രണ്ടാംനിര ടീമുകളെ നേരത്തേ നയിച്ചിട്ടുള്ള താരമാണ് ധവാന്‍. കൂടാതെ സമാപിച്ച ഐപിഎല്ലില്‍ അദ്ദേഹം പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനുമായിരുന്നു. പക്ഷെ നായകനെന്ന നിലയില്‍ ധവാന്‍ തികഞ്ഞ പരാജയമായിരുന്നു. മികച്ച താരങ്ങളുണ്ടായിട്ടും ലീഗില്‍ ഏഴാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ പഞ്ചാബിനായുള്ളൂ. കൂടാത അദ്ദേഹത്തിന്റെ ചില ക്യാപ്റ്റന്‍സി തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.
37കാരനായ ധവാനെ ഏഷ്യാഡില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുന്നത് അത്ര നല്ലൊരു ഓപ്ഷനല്ല. അദ്ദേഹത്തേക്കാള്‍ നല്ലത് ഏതെങ്കിലുമൊരു യുവതാരത്തിനു ക്യാപ്റ്റന്‍സി നല്‍കുന്നതായിരിക്കും. അതു അയാളുടെ ക്യാപ്റ്റന്‍സി മിടുക്ക് അളക്കുന്നതിനൊപ്പം ഇന്ത്യയുടെ ഭാവി നായകസ്ഥാനത്തേക്കു കൊണ്ടുവരാന്‍ സഹായിക്കുകയും ചെയ്യും.
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാന്‍ കഴിയുന്ന ഒരാള്‍. കഴിഞ്ഞ ഐപിഎല്ലിന്റെ പകുതിയോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍ പരിക്കേറ്റ് പിന്‍മാറിയപ്പോള്‍ പകരം ക്യാപ്റ്റനായി നറുക്കുവീണത് ക്രുനാലിനായിരുന്നു. അദ്ദേഹം മോശമല്ലാതെ ടീമിനെ നയിക്കുകയും ചെയ്തു. ലഖ്‌നൗവിനെ പ്ലേഓഫില്‍ വരെയെത്തിക്കാന്‍ ക്രുനാലിനായിരുന്നു.
സീസണില്‍ അവസാനത്തെ അഞ്ചു മല്‍സങ്ങളിലായിരുന്നു അദ്ദേഹം ലഖ്‌നൗ ടീമിനെ നയിച്ചത്. നാലു മല്‍സരങ്ങളില്‍ മൂന്നിലും ലഖ്‌നൗവിനെ ക്രുനാല്‍ ജയിപ്പിക്കുകയും ചെയ്തു. ഒരു മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയും ചെയ്യുകയായിരുന്നു. പ്ലേഓഫില്‍ മുംബൈ ഇന്ത്യന്‍സിനോടായിരുന്നു എലിമിനേറ്ററില്‍ ലഖ്‌നൗ പരാജയപ്പെട്ടത്.
എങ്കിലും ക്രുനാലിന്റെ നേതൃമികവിനെ പലരും പ്രശംസിച്ചിരുന്നു. വളരെ അഗ്രസീവായ ക്യാപ്റ്റനാണ് അദ്ദേഹമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഏഷ്യാഡില്‍ ഇന്ത്യക്കു നായകസ്ഥാനം ഏല്‍പ്പിക്കാവുന്ന താരങ്ങളിലൊരാളുമാണ് ക്രുനാല്‍.
നിതീഷ് റാണയാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാമത്തെ ക്യാപ്റ്റന്‍സി ഓപ്ഷന്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. പരിക്കു കാരണം സ്ഥിരം നായകന്‍ ശ്രേയസ് അയ്യര്‍ ടൂര്‍ണമെന്റിനു മുമ്പു തന്നെ പിന്‍മാറിയപ്പോള്‍ പകരം റാണയ്ക്കു ക്യാപ്റ്റന്‍സി ലഭിക്കുകയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തു.
ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്നതിലും ടീം സെലക്ഷനിലും ഫീല്‍ഡ് ക്രമീകരണത്തിലുമെല്ലാം റാണയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. മാത്രമല്ല ബാറ്റിങിലും മികച്ച സംഭാവന നല്‍കാന്‍ റാണയ്ക്കായിരുന്നു. 413 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 12 പോയിന്റോടെ ലീഗില്‍ ഏഴാംസ്ഥാനത്തായിരുന്നു കെകെആര്‍ ഫിനിഷ് ചെയ്തത്.

ഐപിഎല്ലില്‍ മാത്രമല്ല അതിനുമുമ്പ് സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹി ടീമിനെയും റാണ നയിച്ചരുന്നു. എട്ടു മല്‍സരങ്ങളില്‍ ഡല്‍ഹിയെ ജയിപ്പിച്ച അദ്ദേഹം നാലെണ്ണത്തില്‍ മാത്രമേ തോല്‍വിയറിഞ്ഞിട്ടുള്ളൂ. മികച്ച ബാറ്റര്‍ മാത്രമല്ല ബൗളങിലും ടീമിനു മുതല്‍ക്കൂട്ടായി മാറാന്‍ റാണയ്ക്കു സാധിക്കും.
യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാമത്തെ ക്യാപ്റ്റന്‍സി ഓപ്ഷന്‍. ഐപിഎല്ലില്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് റുതുരാജ്.
വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളിലേക്കു അദ്ദേഹത്തിനു നറുക്കുവീണിരുന്നു. ഇന്ത്യക്കായി ഇതിനകം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കളിച്ച റുതുരാജ് വൈകാതെ ടെസ്റ്റിലും അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അടുത്തിടെ വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്ര ടീമിനെ നയിച്ചത് റുതുരാജായിരുന്നു. ടീമിനെ ഫൈനല്‍ വരെയെത്തിക്കാന്‍ അദ്ദേഹത്തിനു സാധിക്കുയും ചെയ്തു. കൂടാതെ മഹാരാഷ്ട്ര പ്രീമിയര്‍ ലീഗില്‍ പൂനെയെ നയിക്കുന്നതും റുതുരാജാണ്. വിജയ് ഹസാരെ ട്രോഫിയില്‍ ക്യാപ്റ്റനായിരിക്കെ അദ്ദേഹം 220 ശരാശരിയില്‍ വാരിക്കൂട്ടയത് 660 റണ്‍സായിരുന്നു.